മൈസൂരു കൊട്ടാരം കവാടത്തിനടുത്ത് സ്ഫോടനം; മരണം മൂന്നായി
text_fieldsമരിച്ച സലിം, മഞ്ജുള
മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.
ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് സംഭവം നടന്നത് മുതൽ വെള്ളിയാഴ്ച വൈകിട്ട് വരെ പറയുന്നുണ്ടായിരുന്നെങ്കിലും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. ദേവപ്പ അത് തിരുത്തിയിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, എൻ.ഐ.എ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ സിറ്റി പൊലീസും എൻ.ഐ.എയും ചോദ്യം ചെയ്യുന്നു.
മന്ത്രി മഹാദേവപ്പ, മൈസൂരു ഡിസി ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
"ഇതൊരു അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കി. അത് ഹീലിയമായിരുന്നെങ്കിൽ, സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. അദ്ദേഹം വെറുമൊരു സാധാരണ സീസണൽ ബിസിനസുകാരനായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ച മറ്റുള്ളവർ കുടുംബാംഗങ്ങളാണ്" -മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് എൻ.ഐ.എ വിവരങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് "ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ, മൈസൂരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ എൻ.ഐ.എ സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണ്. അതാണ് അവർ ചെയ്യുന്നത്. സിറ്റി പൊലീസ് സഹകരിക്കുകയും എല്ലാ വിവരങ്ങളും നൽകുകയും ചെയ്യുന്നു" എന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ കൊൽക്കത്ത സ്വദേശിയായ ഷാഹിന ഷാബർ (54) (വലത് കാലിനും തുടക്കും പരിക്ക്), റെനെബെന്നൂർ സ്വദേശിയായ കൊത്രേഷ് ബീരപ്പ ഗട്ടർ (കാലിനും ഇടതുകൈക്കും പരിക്ക്), ബന്ധുവായ വേദശ്രീ (തലക്ക് ചെറിയ പരിക്ക്), സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ സുഖം പ്രാപിച്ചു വരുന്നു. പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സലീം ഏകദേശം 15 ദിവസം മുമ്പ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടക നൽകി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 8.30ന് ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് സംഭവം. മൈസൂരു കൊട്ടാരത്തിന്റെ മുൻവശത്തെ കാഴ്ച കാണാനും പ്രകാശിതമായ കൊട്ടാരത്തിന്റെ ഫോട്ടോകൾ എടുക്കാനും ആളുകൾ പതിവായി എത്തുന്ന സ്ഥലമാണിത്.


