വർണാഭ ചടങ്ങുകളോടെ വിളവെടുപ്പ് ഉത്സവം
text_fieldsവിളവെടുപ്പ് ഉത്സവ ചടങ്ങിൽനിന്ന്
മംഗളൂരു: കുടകിൽ സീസണിലെ ആദ്യ നെല്ല് വിളവെടുപ്പ് ഉത്സവം ‘പുത്തരി നമ്മളെ’ വർണാഭമായി ആഘോഷിച്ചു. മടിക്കേരിയിലെ ശ്രീ ഓംകാരേശ്വര ക്ഷേത്രം, കൊടവ സമാജം, ഗൗഡ സമാജം തുടങ്ങി നിരവധി വേദികളിൽ പ്രധാന ആഘോഷങ്ങൾ അരങ്ങേറി. കൊടവ പുരുഷന്മാർ സവിശേഷമായ ‘കുപ്യ-ചേലെ’, ‘പീച്ചേകത്തി’, ‘മണ്ടേ-തുണി’ എന്നിവ ധരിച്ചിരുന്നു, സ്ത്രീകൾ പരമ്പരാഗത അലങ്കാര വേഷങ്ങൾ അണിഞ്ഞു. കൊടവ സമാജത്തിലെ അംഗങ്ങൾ ‘തളിയത്തക്കി ബോൽച്ച’യുടെയും പരമ്പരാഗത ‘വലഗ’ത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തി. വിളവെടുത്ത നെല്ല് പിന്നീട് സമാജത്തിലേക്ക് കൊണ്ടുപോയി പൂജിച്ചശേഷം ഭക്തർക്ക് വിതരണം ചെയ്തു.
പുത്തരിയുണ്ടയും വിളമ്പി. കുടക് ഗൗഡ സമാജം ‘പുത്തരി’ അതേ ആവേശത്തോടെ ആഘോഷിച്ചു. ആചാരപരമായ വിളവെടുപ്പ് നടത്തിയ സ്ഥലത്ത് ഒരു പ്രതീകാത്മക നെൽവയൽ സൃഷ്ടിച്ചു, തുടർന്ന് ഉത്സവ വിഭവങ്ങളുടെ വിതരണവും നടന്നു. ബഡഗരകേരിയിലെ ചരിത്രപ്രസിദ്ധമായ ശ്രീ മൃത്യുഞ്ജയ ക്ഷേത്രത്തിൽ, ഗ്രാമവാസികൾ കൂട്ടായി ‘പുത്തരി’ ആഘോഷിച്ചു. ഗ്രാമത്തിലെ മുതിർന്നവരുടെയും ക്ഷേത്ര ഭരണസമിതിയുടെയും നേതൃത്വത്തിൽ, ആചാരപരമായ നെല്ല് കൊയ്തതിനുശേഷം ഘോഷയാത്ര നടന്നു. പരമ്പരാഗത വയലുകളിലേക്ക് രണ്ടു കിലോമീറ്റർ നടന്ന് ഗ്രാമവാസികൾ, പടക്കം പൊട്ടിച്ച്, വാലാഗക്ക് നൃത്തം ചെയ്ത്, വിളവുമായി ക്ഷേത്രത്തിലേക്ക് മടങ്ങി.


