ജൻ ഔഷധി കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsബംഗളൂരു: സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന എല്ലാ ജൻ ഔഷധി കേന്ദ്രങ്ങളും (ജെ.എ.കെ) അടച്ചുപൂട്ടാൻ നിർദേശിച്ച സംസ്ഥാന സർക്കാറിന്റെ ഉത്തരവ് കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ച് റദ്ദാക്കി. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ നേതൃത്വത്തിലുള്ള നിയമസംഘം പ്രതിനിധനം ചെയ്ത് ജൻ ഔഷധി കേന്ദ്ര ഉടമകൾ സമർപ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി.
ഉത്തരവ് അടുത്ത ആഴ്ച ലഭ്യമാകുമെന്ന് കോടതി സൂചിപ്പിച്ചു. ജൂലൈയിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാറിന്റെ തീരുമാനം കോടതി സ്റ്റേ ചെയ്തിരുന്നു. മറ്റുള്ളവരുമായി കൂടിയാലോചിക്കാതെ സംസ്ഥാന സർക്കാർ തിടുക്കത്തിൽ ഉത്തരവ് പാസാക്കിയതാണെന്നും ഇത് പൊതുതാൽപര്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഹരജിക്കാർ വാദിച്ചു. ജൻ ഔഷധി കേന്ദ്രങ്ങൾ 50-90 ശതമാനം വിലക്കുറവിൽ ജനറിക് മരുന്നുകൾ നൽകുന്നു.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും സ്ഥിരവരുമാനമുള്ള മുതിർന്ന പൗരന്മാർക്കും ദിവസ വേതന തൊഴിലാളികൾക്കും വിട്ടുമാറാത്ത അസുഖമുള്ള രോഗികൾക്കും ഇത് സഹായകരമാണെന്നും ഹരജിക്കാർ വാദിച്ചു. ആശുപത്രികളിൽ സൗജന്യ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ആശുപത്രികൾക്ക് പുറത്ത് ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും ആയിരുന്നു സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്റെ വാദം.


