വൈദ്യുതി മീറ്റർ പെട്ടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ച് വീട് കവർച്ച
text_fieldsമംഗളൂരു: വൈദ്യുതി മീറ്റർ ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് മോഷ്ടാക്കൾ വീടിന്റെ പ്രധാന വാതിൽ തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കൗപ് മല്ലരു ഗ്രാമത്തിലെ രാമനാഥ് കൃപയിലാണ് മോഷണം നടന്നത്. പാദുരു ഐ.എസ്.പി.ആർ.എല്ലിൽ വീട്ടുജോലിക്കാരനായ രാഘവേന്ദ്ര കിനി വെള്ളിയാഴ്ച രാവിലെ ജോലിക്കും ഭാര്യ കുട്ടികളുടെ സ്കൂൾ വാർഷിക ദിന പരിപാടിയിൽ പങ്കെടുക്കാനും പോയിരുന്നു. ഉച്ചക്ക് 1.10ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കവർച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.
കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മോഷ്ടാക്കൾ വിവിധ ആഭരണങ്ങൾ മോഷ്ടിച്ചു. വജ്രങ്ങൾ പതിച്ച 28 ഗ്രാം കാശിതല സ്വർണമാല, വജ്രങ്ങൾ പതിച്ച എട്ട് ഗ്രാം സ്വർണമാല, 10 ഗ്രാം സ്വർണമാല, എട്ട് ഗ്രാം കമ്മലുകൾ, മൂന്ന് സ്വർണമോതിരങ്ങൾ, എട്ട് ഗ്രാം ജുമുക്കി, ബെൻഡോൾ, ചുവന്ന നൂലും സ്വർണമണികളും കൊണ്ട് നിർമിച്ച കൂർഗ് ശൈലിയിലുള്ള ഒരു ചെയിൻ എന്നിവ ഉൾപ്പെടുന്ന 72 ഗ്രാം സ്വർണാഭരണങ്ങളും 1500 രൂപയുടെ വെള്ളി വസ്തുക്കളുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ കൗപ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


