ഗൗരി ലങ്കേഷ് കൊലപാതക കേസിൽ ഇനിയും നീതിയകലെ
text_fieldsബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ എട്ടുവർഷമായിട്ടും വിചാരണ പൂർത്തിയായില്ല. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച പ്രമാദമായ കേസിൽ അറസ്റ്റിലായ 18ൽ 17 പ്രതികളും ജാമ്യത്തിൽ കഴിയുകയാണ്; ഒരു പ്രതി ഒളിവിലും.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്തുവെച്ച് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ‘ഗൗരി ലങ്കേഷ് പത്രികെ’ എന്ന കന്നട വാരികയുടെ എഡിറ്ററായിരുന്ന ഗൗരി ബസവനഗുഡിയിലെ ഓഫിസിൽനിന്ന് മടങ്ങിയെത്തിയപ്പോൾ ബൈക്കിൽ കാത്തുനിന്ന ഹിന്ദുത്വ തീവ്രവാദികൾ പോയന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. കൊലപാതകം നടന്ന് അഞ്ചു വർഷം പിന്നിട്ട് 2022ൽ കേസിന്റെ വിചാരണ ആരംഭിച്ചു. എന്നാൽ, മാസത്തിൽ മൂന്നോ നാലോ ദിവസം മാത്രം നടക്കുന്ന വിചാരണയിൽ ഇതുവരെ കേസിലെ 532 സാക്ഷികളിൽ 193 പേരെ മാത്രമേ വിസ്തരിക്കാനായുള്ളൂ.
2023ൽ ഏറെ പ്രതീക്ഷയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കേസിന്റെ വിചാരണക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഗൗരിയുടെ സഹോദരി കവിത ലങ്കേഷിന് വാഗ്ദാനം നൽകിയെങ്കിലും നടപ്പായില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാൻ കവിത ലങ്കേഷ് ഹരജിയുമായി കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞവർഷം ഹൈകോടതി ഹരജി തള്ളി.
ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പായ സനാതൻ സൻസ്തക്ക് ഗൗരിയുടെ കൊലപാതകത്തിൽ പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹിന്ദുധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന പേരിൽ ചില ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും ‘ദുർജൻ’ എന്ന ഗണത്തിൽപെടുത്തി ഇവരെ ഇല്ലായ്മ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ക്ഷത്ര ധർമ സാധന എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗരിക്കെതിരായ കൊലപാതകം പ്രതികൾ ആസൂത്രണം ചെയ്തത്.
ഹിന്ദുത്വ ആശയങ്ങളുടെ നിത്യ വിമർശകയായിരുന്നു ഗൗരി. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ചത് അമോൽകാലെ എന്നയാളാണെന്നും പരശുറാം വാഗ്മോറെ എന്നയാളാണ് ഗൗരിക്കെതിരെ വെടിയുതിർത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള പ്രതികൾ കൊലപാതകത്തിനു മുമ്പ് ബെളഗാവിയിൽ ഒത്തുചേർന്ന് വെടിവെപ്പിൽ പരിശീലനം നടത്തിയിരുന്നു.
2015ൽ അഹ്മദാബാദിൽ നടന്ന മൂന്നുദിവസത്തെ പരിശീലനത്തിലും പ്രതികൾ പങ്കെടുത്തിരുന്നു. ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി തുടങ്ങിയ ചിന്തകരെ വെടിവെച്ചുകൊലപ്പെടുത്തിയതിലും ഗൗരി കേസിലെ പ്രതികൾക്ക് പങ്കുള്ളതായും കർണാടകയിലെ ആക്ടിവിസ്റ്റായ പ്രഫ. കെ.എസ്. ഭഗവാനെ കൊലപ്പെടുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തി.
ഗൗരി ലങ്കേഷിന്റെ കേസ് ഒരു പ്രതീകമാണെന്നും ഒറ്റപ്പെട്ട കേസല്ലെന്നും പത്രപ്രവർത്തകരുടെ സംരക്ഷണത്തിനായുള്ള കമ്മിറ്റിയുടെ (സി.ജെ.പി) റീജനൽ ഡയറക്ടർ ബെഹ് ലി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കുറ്റകൃത്യങ്ങളിലൊന്ന് പത്രപ്രവർത്തകരുടെ കൊലപാതകമാണെന്ന സാഹചര്യം രൂപപ്പെട്ടതായും ഏകാധിപത്യ ഭരണത്തിന് കീഴിൽ മാത്രമല്ല ജനാധിപത്യ ഭരണത്തിലും ഇത് സംഭവിക്കുന്നതായും സി.ജെ.പി കുറ്റപ്പെടുത്തി. പത്രപ്രവർത്തകരുടെ കൊലപാതക കേസുകളിൽ സമയബന്ധിതമായ നീതി ഉറപ്പാക്കാൻ ഇന്ത്യ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.