കാശ്മീർ ഭീകരതയിൽ കർണാടകയുടെ തീരാ നഷ്ടം
text_fieldsകശ്മീരിലെ പഹൽഗാം ജില്ലയിലെ ബൈസാരൻ താഴ്വരയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ബംഗളൂരുവിൽ വിവിധയിടങ്ങളിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ദീപങ്ങൾ തെളിയിച്ച്
അനുശോചനങ്ങളുമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ
ബംഗളൂരു: കശ്മീരിലെ പഹൽഗാം ബൈസാരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽനിന്നുള്ള യാത്രികരിൽ ഒരാൾകൂടി ഉൾപ്പെട്ടതായി വിവരം. ബംഗളൂരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവിന്റെ (40) മരണമാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47), ഹാവേരി റാണിബെന്നൂർ ദേവി നഗർ സ്വദേശിയും ബംഗളൂരു മത്തിക്കരെ സുന്ദർ നഗറിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ (41) എന്നിവർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. മുൻ ഐ.ടി ജീവനക്കാരനായ ഭരത് ഭൂഷൺ ബംഗളൂരുവിൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സുജാതക്കും (37) മൂന്ന് വയസ്സുള്ള മകനുമൊത്ത് ഏപ്രിൽ 18നാണ് അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലേക്ക് പോയത്.
ബുധനാഴ്ച രാത്രിയോടെ ഭരതിന്റെ മൃതദേഹം ബംഗളൂരുവിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിനുശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വൊക്കലിഗ ആചാരങ്ങളോടെ സംസ്കാരം നടത്തും. ഐ.ബി.എമ്മിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട മധുസൂദൻ റാവു. മറ്റു മൂന്നു കുടുംബങ്ങൾക്കൊപ്പമാണ് മധുസൂദനും ഭാര്യയും മകനും കശ്മീരിലേക്ക് പോയത്. ബൈസാരൻ താഴ്വരയിൽ ഒറ്റക്കിരിക്കവെയാണ് മധുസൂദന് വെടിയേറ്റത്. ഈ സമയം ഭാര്യയും കുഞ്ഞും ഭക്ഷണം വാങ്ങാൻ ക്യാമ്പിലേക്ക് പോയതായിരുന്നു. മറ്റു മൂന്നു കുടുംബങ്ങൾ മധുസൂദന് അടുത്തുണ്ടായിരുന്നെങ്കിലും ഇവർ വെടിയേൽക്കാതെ രക്ഷപ്പെട്ടു. മധുസൂദന്റെ മൃതദേഹം ചെന്നൈയിലെത്തിച്ച് ആന്ധ്രയിലെ ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സംസ്ഥാനത്തുനിന്ന് 40ലേറെ പേരാണ് കശ്മീരിലേക്ക് പോയതെന്നാണ് നിലവിലെ വിവരം. ഇവരെയെല്ലാം സുരക്ഷിതമായി കർണാടകയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം ക്രമീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കന്നടിഗരെയും സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്നും ആരും വിഷമിക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാം. സുരക്ഷയും അടിയന്തര പിന്തുണയും ഉറപ്പാക്കാൻ കർണാടക ഉദ്യോഗസ്ഥർ ജമ്മു-കശ്മീർ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ജമ്മു-കശ്മീരിലേക്ക് പോയ വിനോദസഞ്ചാരികളുടെ വിവരങ്ങൾ പങ്കുവെക്കാൻ സംസ്ഥാനത്തെ ടൂർ ഓപറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽനിന്ന് പോയ വിനോദസഞ്ചാരികളുടെ ബന്ധുക്കളും പരിചയക്കാരും 080-43344334, 080-43344335, 080-43344336, 080-43344342 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ അവരുടെ വിവരങ്ങൾ പങ്കുവെക്കണമെന്നും അഭ്യർഥിച്ചു. ഭീകരാക്രമണ സംഭവം അറിഞ്ഞതിനു പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകീട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു. രണ്ടു ദൗത്യ സംഘങ്ങളെ കശ്മീരിലേക്ക് കർണാടക സർക്കാർ നിയോഗിച്ചിട്ടുണ്ട്.
കർണാടക സ്വദേശികളുടെ കുടുംബത്തിന് 10 ലക്ഷം വീതം നൽകും
ബംഗളൂരു: കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് 10 ലക്ഷം വീതം സഹായധനമായി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47), ബംഗളൂരു മത്തിക്കരെ സുന്ദർ നഗറിൽ താമസിക്കുന്ന ഹാവേരി റാണിബെന്നൂർ സ്വദേശി ഭരത് ഭൂഷൺ (41) എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.
ബംഗളൂരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവും (40) ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവി, ഭരത് ഭൂഷന്റെ ഭാര്യ സുജാത എന്നിവരുമായി ബുധനാഴ്ച മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് ആശ്വാസ വാക്കുകളേകിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാത്രിയോടെ ബംഗളൂരുവിലെത്തിക്കും.
കൊല്ലപ്പെട്ട ഭരത് ഭൂഷന്റെ സംസ്കാരം ഇന്ന് ഹെബ്ബാളിൽ
ബംഗളൂരു: കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബംഗളൂരു മത്തിക്കരെ സ്വദേശി ഭരത് ഭൂഷന്റെ (41) സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഹെബ്ബാളിൽ നടക്കും. ബുധനാഴ്ച രാത്രി 10.30 ഓടെ ബംഗളൂരുവിൽ വിമാനമാർഗം എത്തിക്കുന്ന മൃതദേഹം രാത്രി 11 ഓടെ സുന്ദർ നഗറിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ ഹെബ്ബാളിലെ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും. ആർ.ആർ നഗർ എം.എൽ.എ മുനിരത്ന ബുധനാഴ്ച ഭരത് ഭൂഷന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. സുന്ദർ നഗറിലെ ഫസ്റ്റ് മെയിൻ റോഡ് പൊലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിട്ടുണ്ട്. ഭരതിന്റെ മൂത്ത സഹോദരൻ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
ഭരതിന്റെ ഭാര്യ സുജാതയും (37) മൂന്ന് വയസ്സുള്ള മകനുമൊപ്പമായിരുന്നു കശ്മീരിലേക്ക് പോയത്. ഭാര്യയും മകനും മറ്റു കർണാടകക്കാർക്കൊപ്പം പ്രത്യേക വിമാനത്തിൽ തിരിച്ചെത്തും. തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാനാണ് ദമ്പതികൾ കശ്മീരിലേക്ക് പോയത്. പക്ഷേ, അത് തീരാവേദനയിൽ കലാശിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ബംഗളൂരു സ്വദേശിയായ ആന്ധ്ര നെല്ലൂർ കാവലിയിലെ എസ്. മധുസൂദൻ റാവുവിന്റെ (40) മൃതദേഹം ചെന്നൈയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. രാമമൂർത്തി നഗറിലെ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലാണ്.
കൊല്ലപ്പെട്ട ഭരത് ഭൂഷനും ഭാര്യ സുജാതയും മകനൊപ്പം കശ്മീർ യാത്രയിൽ
കശ്മീർ ആക്രമണം: ഇന്റലിജൻസ് വീഴ്ചയുണ്ടായി - മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കശ്മീരിലെ ഭീകരാക്രമണം കേന്ദ്ര സർക്കാറിന്റെ ഇന്റലിജൻസ് പരാജയം കൊണ്ട് സംഭവിച്ചതാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശിച്ചു. മുമ്പ് പുൽവാമയിൽ ആക്രമണം നടന്നു. ഇപ്പോൾ പഹൽഗാമിലും സംഭവിച്ചിരിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പരാജയമാണിത് കാണിക്കുന്നതെന്ന് ബംഗളൂരുവിൽ സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, കശ്മീരിൽ അകപ്പെട്ട കർണാടക സ്വദേശികളെ സഹായിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുവരും. കേന്ദ്ര സർക്കാർ നിലവിൽ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിമാനടിക്കറ്റ് നിരക്ക് വർധന നിരീക്ഷിക്കാൻ നിർദേശം- കേന്ദ്രമന്ത്രി ജോഷി
മംഗളൂരു: കശ്മീരിലെ പഹൽഗാമിൽനിന്ന് വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ചെയ്തുവരുന്നു.
ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും കശ്മീരിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഉയർന്ന നിരക്കുകൾ ഈടാക്കരുതെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘വിമാന ടിക്കറ്റ് നിരക്കുകളിൽ വർധന ഉണ്ടാകാതിരിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രിയുമായി താൻ സംസാരിച്ചു. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും (ഡി.ജി.സി.എ) നിർദേശിച്ചിട്ടുണ്ട്’ ജോഷി കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്.
കശ്മീർ കൂട്ടക്കൊല: സർക്കാറിനെ പഴിച്ച് മഞ്ജുനാഥിന്റെ കുടുംബം
ബംഗളൂരു: സർക്കാറിന്റെ സുരക്ഷാ ഉറപ്പ് വിശ്വസിച്ചാണ് കുടുംബം തങ്ങളുടെ കുട്ടികളെ കശ്മീരിലേക്ക് അയച്ചതെന്ന് കൊല്ലപ്പെട്ട ശിവമൊഗ്ഗ മഞ്ജുനാഥ റാവുവിന്റെ ഭാര്യാമാതാവ് ഗീത പറഞ്ഞു. മഞ്ജുനാഥിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായെത്തിയ കർണാടക വിദ്യാഭ്യാസ മന്ത്രിയും ജില്ല ചുമതലയുള്ള മന്ത്രിയുമായ മധു ബംഗാരപ്പയോടാണ് ഗീത സങ്കടം നിറഞ്ഞ പരാതി പങ്കുവെച്ചത്. അവിടത്തെ സാഹചര്യം സുരക്ഷിതമല്ലെന്ന് അറിയിച്ചിരുന്നെങ്കിൽ യാത്ര അനുവദിക്കുമായിരുന്നില്ലെന്ന് അവർ പറഞ്ഞു. ചില അയൽക്കാർ കശ്മീർ സന്ദർശിച്ചിട്ടുണ്ടെന്നും സ്ഥിതി സുരക്ഷിതമാണെന്നും പഴയതുപോലെയല്ലെന്നും മഞ്ജുനാഥ് തന്റെ അമ്മ സുമതിയെ ബോധ്യപ്പെടുത്തിയെന്ന് ഗീത സങ്കടത്തോടെ അറിയിച്ചു.
മഞ്ജുനാഥ റാവുവിന്റെ സഹോദരി ദീപയുമായി ചർച്ച നടത്തിയ മന്ത്രി മധു ബംഗാരപ്പ മൃതദേഹം ശിവമൊഗ്ഗയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് അവരെ അറിയിച്ചു.‘ഇപ്പോൾ മറ്റൊന്നും പറയാനില്ല. ഇത്തരമൊരു സംഭവം സംഭവിക്കാൻ പാടില്ലായിരുന്നു. ഇനി അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ മഞ്ജുനാഥ റാവുവിന്റെ കുടുംബത്തിനൊപ്പമാണ്’-മധു ബംഗാരപ്പ മാധ്യമങ്ങളോട് പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ, ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്ര, എം.എൽ.എ എസ്.എൻ. ചന്നബസപ്പ തുടങ്ങിയവർ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.