‘വോട്ടു ചോരി’: ക്രമക്കേട് അന്വേഷിക്കാൻ കർണാടക എസ്.ഐ.ടി
text_fieldsബംഗളൂരു: കർണാടക കലബുറഗിയിലെ അലന്ദ് മണ്ഡലത്തിൽ വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ പേര് വെട്ടിമാറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് കർണാടക സർക്കാർ. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബി.കെ. സിങ് നയിക്കുന്ന എസ്.ഐ.ടിയിൽ സി.ഐ.ഡി സൈബർ ക്രൈം ഡിവിഷൻ എസ്.പി സൈദുലു അദാവത്ത്, സി.ഐ.ഡി സ്പെഷൽ ഇൻക്വയറി ഡിവിഷൻ എസ്.പി ശുഭാൻവിത എന്നിവർ അംഗങ്ങളാണ്.
തെരഞ്ഞെടുപ്പ് കമീഷനെ സംശയമുനയിൽ നിർത്തി കഴിഞ്ഞദിവസം രാഹുൽ ഗാന്ധി ഡൽഹിയിൽ തെളിവുസഹിതം നടത്തിയ വാർത്തസമ്മേളനത്തിന് പിന്നാലെയാണ് വിഷയത്തിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്. വോട്ടർപട്ടികയിൽനിന്ന് അനധികൃതമായി വോട്ടർമാരെ നീക്കിയത് സംബന്ധിച്ച് അലന്ദ് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ ബി.ആർ. പാട്ടീൽ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 256 പോളിങ് സ്റ്റേഷനുകളിലായി 6,670 വോട്ടർമാരെ നിയമവിരുദ്ധമായി വെട്ടിനീക്കിയെന്നാണ് പരാതി. ഈ പരാതിയിൽ തെരഞ്ഞെടുപ്പിനുശേഷം സി.ഐ.ഡി വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമാരംഭിച്ചിരുന്നു. എന്നാൽ, ആവശ്യമായ വിവരങ്ങൾ നൽകാതെ തെരഞ്ഞെടുപ്പ് കമീഷൻ സി.ഐ.ഡി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു.
എം.എൽ.എ ബി.ആർ. പാട്ടീലിന്റെ പരാതിയിൽ 2023 ഫെബ്രുവരി 21ന് അലന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും സമാനമായ മറ്റു പുതിയ കേസുകളും എസ്.ഐ.ടി അന്വേഷിക്കും. ഒരു പൊലീസ് സ്റ്റേഷന്റെ പദവി എസ്.ഐ.ടിക്ക് നൽകിയ സർക്കാർ, ബന്ധപ്പെട്ട കോടതികളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ഡി.ജി ആൻഡ് ഐ.ജി.പി എം.എ സലീമിന്റെ മേൽനോട്ടത്തിലാകും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക.


