കർണാടക 48 കമ്പനികളുമായി 51,469 കോടിയുടെ കരാർ ഒപ്പിട്ടു
text_fieldsമന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: കർണാടക സർക്കാർ 48 ബഹുരാഷ്ട്ര കമ്പനികളുമായി 51,469 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവെച്ചു. ഇതിലൂടെ സംസ്ഥാനത്തുടനീളം ഏകദേശം 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ മന്ത്രി എം.ബി. പാട്ടീലിന്റെ സാന്നിധ്യത്തിൽ എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ബയോടെക്‌നോളജി, നിർമവണ മേഖലകളിൽനിന്നുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങൾ നിക്ഷേപം സമർപ്പിച്ചുകൊണ്ട്, ഇൻവെസ്റ്റ് കർണാടക കോൺക്ലേവ് 2026 ൽ കരാറുകൾ ഔപചാരികമായി അംഗീകരിച്ചു. ആഗോള നിക്ഷേപക സംഗമത്തിലും ദാവോസ് ഉച്ചകോടിയിലും പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലാണ് ഈ നിക്ഷേപങ്ങൾ, കഴിഞ്ഞ രണ്ട് മാസത്തെ സുസ്ഥിര ശ്രമങ്ങളുടെ ഫലമാണിത്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലുള്ള ഞങ്ങളുടെ ശ്രദ്ധ സ്ഥിരമായി തുടരും.
ഈ പ്രതിബദ്ധതകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തെ പ്രമുഖ വ്യാവസായിക, തൊഴിൽ കേന്ദ്രമെന്ന നിലയിൽ കർണാടകയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. കർണാടകയുടെ വ്യവസായ സൗഹൃദ നയങ്ങൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ ലഭ്യത, പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവ് എന്നിവയിൽ വ്യവസായ പ്രമുഖർക്കുള്ള ശക്തമായ ആത്മവിശ്വാസമാണ് നിക്ഷേപങ്ങളുടെ വ്യാപ്തിയും ഉൾപ്പെട്ടിരിക്കുന്ന മേഖലകളും പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്സിസ്കേഡ്സ്, അൾട്രാവയലറ്റ്, എസ്.എഫ്.ഒ ടെക്നോളജീസ്, മഹീന്ദ്ര എയ്‌റോസ്‌പേസ്, യസാക്കി എന്നിവയുൾപ്പെടെയുള്ള കമ്പനികളുമായാണ് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചത്. പ്രമുഖ കമ്പനികളിൽനിന്നും ടെക് സ്റ്റാർട്ടപ്പുകളിൽനിന്നുമുള്ള നൂറിലധികം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുത്തു.


