Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിലെ കുട്ടികളുടെ...

കർണാടകയിലെ കുട്ടികളുടെ ഭാവി രൂപപ്പെടുത്താൻ നിർമിത ബുദ്ധി കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോം

text_fields
bookmark_border
കർണാടകയിലെ കുട്ടികളുടെ ഭാവി രൂപപ്പെടുത്താൻ നിർമിത ബുദ്ധി കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോം
cancel

ബംഗളൂരു: കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ (കിയോണിക്‌സ്) പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) അധിഷ്ഠിത കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ കെ.ഇ.ഒ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിദ്യാര്‍ഥികളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി. ലിനക്സ് അടിസ്ഥാനമാക്കിയുള്ള പേഴ്സണൽ കമ്പ്യൂട്ടർ ഒരു ഓപൺ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ്.

അതിനാല്‍ വിദ്യാര്‍ഥികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസിങ് പ്രക്രിയ ഒഴിവാക്കി കമ്പ്യൂട്ടർ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ സാധിക്കും. സെറ്റ്-ടോപ്പ് ബോക്സ് വലിപ്പത്തിലാണ് കമ്പ്യൂട്ടര്‍. ഇത് പ്രവർത്തിക്കാൻ അനുയോജ്യമായ മോണിറ്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

കർണാടക സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന (ഡി.എസ്.ഇ.ആര്‍.ടി) സിലബസിൽ പരിശീലനം നേടിയ എ.ഐ ‘ബുദ്ധ്’ ആയതിനാൽ, ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പരിമിതമായ ഗ്രാമപ്രദേശങ്ങൾക്ക് കമ്പ്യൂട്ടർ അനുയോജ്യമാണ്. ഉപകരണത്തിന്‍റെ വില 19,000 രൂപയാണ്. 5,000 ഉപകരണങ്ങളുടെ ആദ്യ ബാച്ച് തയ്യാറായി. കർണാടകയിലെ ഗ്രാമീണ വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ പിന്തുണ നൽകുന്ന രണ്ട് ധാരണാപത്രങ്ങളിൽ ശിക്ഷണ ഫൗണ്ടേഷനും കർണാടക റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റിയും (കെ.ആര്‍.ഇ.ഐ.എസ്) തമ്മിലും ശിക്ഷണ ഫൗണ്ടേഷനും ആര്‍.എസ്.എയും തമ്മിലും ഒപ്പുവെച്ചു.

ആദ്യഘട്ടത്തിൽ കർണാടകയിലുടനീളം ഏകദേശം 2,222 കെ.ഇ.ഒ കമ്പ്യൂട്ടറുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ 239 താലൂക്കുകളെയും 31 ജില്ലകളിലെയും പദ്ധതിയില്‍ ഉൾപ്പെടുത്തും. ഇതൊരു ഉപകരണമല്ല മറിച്ച് സ്വപ്നമാണെന്നും കർണാടകയിലെ എല്ലാ കുട്ടികൾക്കും ഭാവി രൂപപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കോർപറേറ്റ് പങ്കാളികളുടെ നിക്ഷേപം ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തത്. കണക്റ്റിവിറ്റി പരിമിതമായുള്ള മേഖലകളിലുള്ളവർ ഉൾപ്പെടെ വിദ്യാര്‍ഥികൾ, സംരംഭകർ, കർഷകർ, ചെറുകിട ബിസിനസുകൾ, സ്ഥാപനങ്ങൾ എന്നിവയിലേക്ക് എ.ഐ-റെഡി കമ്പ്യൂറ്റിങ്ങിനെ കൂടുതൽ അടുപ്പിക്കുന്ന ഒരു മെയ്ഡ്-ഇൻ-കർണാടക പ്ലാറ്റ്‌ഫോമാണിത്. ഡിജിറ്റൽ ആക്‌സസിൽ നിന്ന് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തത്തിലേക്ക് നമ്മൾ നീങ്ങുന്നത് ഇങ്ങനെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, കിയോണിക്സ് ചെയർമാൻ ഈശ്വർ ഖാന്ദ്രെ, പ്രിയങ്ക് ഖാർഗെ, എം.എൽ.എ ശരത് ബച്ചേ ഗൗഡ, ഐ.ടി ആന്‍ഡ് ബി.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എൻ. മഞ്ജുള, വ്യവസായ പ്രമുഖരായ ക്രിസ് ഗോപാലകൃഷ്ണൻ, പ്രശാന്ത് പ്രകാശ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
TAGS:metro news Banglore DK Sivakumar 
News Summary - KEO inaugurated by the Chief Minister
Next Story