മലയാളമധുരം നുകര്‍ന്ന്...
text_fieldsബംഗളൂരു: മലയാളിയായി ജനിച്ചിട്ടും മലയാള ഭാഷയെ അടുത്തറിയാന്‍ അവസരം ലഭിക്കാതെ പോയ 12 പേരാണ് ഇത്തവണ മലയാളം മിഷന്റെ കണിക്കൊന്ന പരീക്ഷയെഴുതാന്‍ എത്തിയത്. അജിത്ത് തോമസ്, അന്ന കെ. അലക്സ്, ക്രിസ് ജോണ്‍ തോമസ്, സിറില്‍ കെ. അലക്സ്, ഡാനു മനു തോമസ്, യൂനിസ് സാറ സാം, ജോ അന്ന കോശി മാത്യു, ദിവ്യ മത്തായി, മാണി ഫിലിപ്പ് ബെഞ്ചമിന്‍, രൂത്ത് റോബിന്, സാജന് മത്തായി, സാറ സഖറിയ എന്നിവരാണവർ. ഈസ്റ്റ് മാര്‍ത്തോമ ചര്‍ച്ചിലെ ഷിബു അലക്സ്, ജോളി വര്‍ഗീസ്, കെ.ഒ. സാബു എന്നിവരുടെ ശിക്ഷണത്തില്‍ മലയാള ഭാഷയുടെ മധുരം നുകരുകയാണ് റിട്ടയര്‍മന്റ് ജീവിതം ആസ്വദിക്കുന്ന മാണി ഫിലിപ്പ് ബെഞ്ചമിന്‍, സാജന് മത്തായി, സാറ സക്കറിയ എന്നിവര്‍.
മലയാള ഭാഷയോടുള്ള അഭിനിവേശമാണ് മലയാളം മിഷന് ക്ലാസുകളിലേക്ക് ഇവരെ അടുപ്പിച്ചത്. മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മലയാളത്തെ നെഞ്ചിലേറ്റാന്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. കന്നട മണ്ണില്‍ ജനിച്ചു വളര്‍ന്നിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളം മിഷനിലൂടെ മലയാളം പഠിക്കാന്‍ അവസരം കൈവന്നതിലുള്ള സന്തോഷം ഓരോരുത്തരുടെയും വാക്കുകളില്‍ വായിച്ചറിയാം.
കോക് ടൗണ്‍ നിവാസിയായ കോഴഞ്ചേരി സ്വദേശി മാണി എച്ച്.എ.എല്‍ ഉദ്യോഗസ്ഥനായിരുന്നു. കൂടുതല്‍ മലയാളം പഠിക്കണമെന്നും മലയാളത്തില്‍ സാഹിത്യ രചന നിര്‍വഹിക്കണമെന്നുമാണ് ആഗ്രഹം. ബംഗളൂരു ഈസ്റ്റ് നിവാസിയും പുല്ലാട് സ്വദേശിയുമായ സാജന് മത്തായി ഹ്യൂമന്‍ റിസോഴ്സിലാണ് ജോലി ചെയ്തിരുന്നത്. വിരമിച്ച ശേഷം പുതുതായി എന്തെങ്കിലും ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് മലയാളം മിഷന് ക്ലാസുകളെക്കുറിച്ചറിയുന്നതും പഠനം ആരംഭിക്കുന്നതും. ഭാഷ പഠനം രസകരമായിരുന്നു. കളികളും കവിതകളും നിറഞ്ഞ അന്തരീക്ഷവും അധ്യാപകരുടെ പിന്തുണയും ഭാഷയെ ആഴത്തില്‍ അറിയാന്‍ സഹായകമായി.
പള്ളിയില്‍ വേദപുസ്തകം മലയാളത്തില്‍ വായിക്കാന്‍ സാധിക്കുന്നു എന്നത് നല്കുന്ന സന്തോഷം വലുതാണ്. തുടര്‍ന്നു പഠിക്കണമെന്നാണ് ആഗ്രഹമെന്ന് സാജന് പറയുന്നു. തിരുവല്ല സ്വദേശിയും ബംഗളൂരു ഈസ്റ്റ് നിവാസിയുമായ സാറ മലയാളം പഠിക്കാന്‍ സാധിക്കാതെപോയ തന്നെപ്പോലുള്ള നിരവധി ആളുകള്‍ക്ക് മലയാളം മിഷനിലൂടെ പഠിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഇവരോടൊപ്പം പരീക്ഷയെഴുതിയ രാമമൂര്‍ത്തിനഗര്‍ നിവാസിയും കോട്ടയം സ്വദേശിയുമായ ക്രിസ് ജോണ്‍ തോമസ് ഐ.ടി തിരക്കുകള്‍ക്കിടയിലും മലയാളം പഠിക്കുന്നു. മലയാള പത്രം വായിക്കാന്‍ തുടങ്ങി എന്നതാണ് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിക്കുന്നത്. ഹെന്നൂര്‍ നിവാസി ദിവ്യ മത്തായിയും കൂടുതല്‍ പഠിക്കാനുള്ള തയാറെടുപ്പിലാണ്. പത്താം തരം തുല്യതയായ നീലക്കുറിഞ്ഞി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം.


