‘ബംഗളൂരുവിലാണെങ്കിലും ഹിന്ദിയിൽ സംസാരിക്കണം...’ -ഓട്ടോ ഡ്രൈവർക്ക് യുവാവിന്‍റെ ഭീഷണി VIDEO
text_fieldsബംഗളൂരു: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരവെ ഇതുമായി ബന്ധപ്പെട്ട സംഭവമുണ്ടായിരിക്കുകയാണ് ബംഗളൂരുവിൽ. ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് യുവാവ് തന്നെ ശകാരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുയാണ് ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർ.
ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ഓട്ടോ ഡ്രൈവർ ചിത്രീകരിച്ച ദൃശ്യങ്ങളിലുള്ളത്. ഇതിൽ ഒരു യുവാവാണ് ഡ്രൈവറോട് തർക്കിക്കുന്നത്. ബംഗളൂരുവിലാണെങ്കിലും ഹിന്ദിയിൽ സംസാരിക്കണമെന്ന് യുവാവ് ഭീഷണി സ്വരത്തിൽ പറയുന്നു.
എന്നാൽ സ്വന്തം ഭാഷയിൽ തന്നെ ഓട്ടോ ഡ്രൈവർ യുവാവിന് മറുപടി നൽകുന്നു. നിങ്ങൾ ബംഗളൂരുവിലേക്കാണ് വന്നത്. നിങ്ങൾ കന്നഡയിൽ സംസാരിക്കണം, ഞാൻ ഹിന്ദിയിൽ സംസാരിക്കില്ലെന്ന് ഡ്രൈവറും തിരിച്ചടിച്ചു.
ഈ ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചും ഉത്തരേന്ത്യക്കാരന്‍റെ അഹങ്കാരത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ വീഡിയോയുടെ കമന്‍റ് ബോക്സിൽ പലരും എഴുതിയിട്ടുണ്ട്.