മാമ്പഴം ഇനി പോസ്റ്റലില്‍ വീട്ടുപടിക്കലെത്തും
text_fieldsവീടുകളില്‍ പോസ്റ്റലായി മാമ്പഴം എത്തിക്കുന്ന പദ്ധതിയിൽ ഈ വർഷത്തെ ബുക്കിങ് ഉദ്ഘാടനം ബംഗളൂരു ജനറൽ പോസ്റ്റ് ഓഫിസിൽ നടന്ന പരിപാടിയിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ രാജേന്ദ്ര കുമാർ നിർവഹിക്കുന്നു
ബംഗളൂരു: ഉപഭോക്താക്കളുടെ വീടുകളില്‍ പോസ്റ്റലായി മാമ്പഴം എത്തും. തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് മാമ്പഴങ്ങള്‍ ഉപഭോക്താക്കളുടെ കൈവശമെത്തിക്കുകയാണ് കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ ലക്ഷ്യം.
ഇത്തവണ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കര്‍ണാടക ചീഫ് സര്‍ക്ള്‍ പോസ്റ്റ് മാസ്റ്റര്‍ സദാശിവ് മഹാദേവ പറഞ്ഞു. പ്രത്യേക സ്പീഡ് പോസ്റ്റ് മുഖേന 36 മണിക്കൂറിനുള്ളില്‍ മാമ്പഴം എത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ സംരംഭം ലാഭം നേടിയിരുന്നില്ലെന്നും കോവിഡ് സമയത്താണ് സംരംഭം വിജയിച്ചതെന്നും അവർ പറഞ്ഞു. മാമ്പഴം നഷ്ടപ്പെടുന്നതിനെക്കുറിച്ചോ പാക്കിങ്ങിനെക്കുറിച്ചോ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനു തപാല്‍ വകുപ്പിനോട് നന്ദി പറയുന്നുവെന്ന് കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. സി.ജി. നാഗരാജു പറഞ്ഞു.
ഈ ഉദ്യമത്തിലൂടെ രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മാമ്പഴങ്ങള്‍ ഉല്പാദിപ്പിക്കാന് കര്‍ഷകരെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവരെ 45,000 ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിഞ്ഞു. വിതരണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെലവ് ചുരുക്കാന്‍ ശ്രമിക്കുന്നതായും മഹാദേവ പറഞ്ഞു. ഉപഭോക്താക്കൾക്ക് https://www.karsirimangoes.karnataka.gov.in എന്ന വെബ് സൈറ്റ് മുഖേന മാമ്പഴം ഓര്‍ഡര്‍ ചെയ്യാം. ഏഴ് വര്‍ഷമായി തപാല്‍ മുഖേന മാമ്പഴം കച്ചവടം നടത്തുന്നുവെന്നും ബംഗളൂരുവിൽനിന്നുമാത്രം 6000ത്തിലധികം ഉപഭോക്താക്കളെ ലഭിച്ചുവെന്നും കര്ഷകന് കൃഷ്ണ സാഗര്‍ റെഡ്ഡി പറഞ്ഞു.