മൈസൂരുവിലെ മരംമുറി:അന്വേഷണത്തിന് മൂന്നംഗ സമിതി
text_fieldsമൈസൂരു നസർബാദിലെ ഹൈദർ അലി റോഡരികിലെ മരങ്ങൾ മുറിച്ച നിലയിൽ
ബംഗളൂരു: മൈസൂരു നസർബാദിലെ ഹൈദർ അലി റോഡിൽ 50 വർഷത്തോളം പഴക്കമുള്ള 40 മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ചു. മരംമുറിക്കെതിരെ വ്യാപകമായ രീതിയിൽ ജനരോഷമുയരുകയും വനംമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.
മൈസൂരു നഗര വികസന അതോറിറ്റി (മുഡ) കമീഷണർ അധ്യക്ഷനായ പാനലിൽ ഹുൻസൂർ വനം ഡെപ്യൂട്ടി കൺസർവേറ്റർ അംഗവും ജില്ല നഗര വികസന ആസൂത്രണ വകുപ്പിന്റെ എക്സിക്യൂട്ടിവ് എൻജിനീയർ സെക്രട്ടറിയുമാണ്. റോഡ് വീതി കൂട്ടാനുള്ള പദ്ധതി നിലവിൽ അനിവാര്യമാണോ എന്നത് വിലയിരുത്താനും മരംമുറി സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കാനും കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
മരംമുറിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നും ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ കഴിഞ്ഞദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ധിറുതി പിടിച്ച് പ്രസ്തുത റോഡ് വികസിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും എന്നിട്ടും മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ കാരണം ബോധിപ്പിക്കണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവർക്ക് മന്ത്രി ഈശ്വർ ഖണ്ഡ്രെ അയച്ച കത്തിൽ പറഞ്ഞു.
ഏഴ് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് വനംമന്ത്രിയുടെ നിർദേശം. മരംമുറിക്കെതിരെ മൈസൂരുവിലെ വിവിധ സംഘടനകളുടെയും വിദ്യാർഥികളുടെയും കർഷകരുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. മുറിച്ചുമാറ്റിയ 40 മരങ്ങള്‍ക്ക് പകരമായി 400 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മൈസൂരു സിറ്റി കോർപറേഷന് പ്രതികരിച്ചിരുന്നു. 30 അടി വീതിയുള്ള റോഡ് 90 അടിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നെക്സസ് മാളിനും വെങ്കട ലിംഗയ്യ സര്‍ക്കിളിനും ഇടയിലുള്ള മുഹമ്മദ് സെയ്ദ് ബ്ലോക്കിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.