മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തുംമുമ്പ് മാതാവ് ജീവനൊടുക്കി
text_fieldsരവികല, ഷാമന്ത്
ബംഗളൂരു: മകൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് മാതാവ് മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. ചിക്കമഗളൂരു ജില്ലയിൽ കലാസ താലൂക്കിലെ കൊളമഗെ ഗ്രാമത്തിലാണ് സംഭവം. സി. രവികലയാണ് (48) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഭദ്ര നദിയിലേക്ക് മറിഞ്ഞ് രവികലയുടെ മകൻ ഷാമന്ത് (23) മരിച്ചിരുന്നു. ഷാമന്തായിരുന്നു പിക് അപ് വാൻ ഓടിച്ചിരുന്നത്. തൊഴിലാളികളെ കാപ്പിത്തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന ജോലിയായിരുന്നു ഷാമന്തിന്റേത്. ജോലിക്ക് കലാസയിലേക്ക് പോയി ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. തുടർച്ചയായ മഴ ഭദ്ര നദിയിൽനിന്ന് വാഹനം ഉയർത്താനുള്ള പ്രവർത്തനത്തെയും തടസ്സപ്പെടുത്തി.
ഭദ്ര നദിക്കരയിലേക്ക് എത്തിയ ഷാമന്തിന്റെ അമ്മ മകനെ ഓർത്ത് കണ്ണീരോടെ ഇരിക്കുകയായിരുന്നു. മകന്റെ മൃതദേഹം കണ്ടെത്തുന്നതിനുമുമ്പ് രാത്രിയിൽ വീടിന് പിന്നിലെ തടാകത്തിൽ ചാടി അവർ ആത്മഹത്യ ചെയ്തു. ഇതുസംബന്ധിച്ച് കലാസ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.