‘മെട്രൊ’ പ്രവൃത്തിക്കിടെ ദുരന്തം; ട്രിപ്പ് പോയി വാടകക്ക് കാത്തിരുന്ന ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: നഗരത്തിൽ ‘നമ്മ മെട്രോ’യുടെ നിർമ്മാണത്തിനിടെ ചൊവ്വാഴ്ച അർധരാത്രിയുണ്ടായ ദുരന്തത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. യെലഹങ്കയിലെ വി. കാസിമാണ്(36) ലോറിയിൽ നിന്ന് കൂറ്റൻ ഇരുമ്പ് പാളം
ഓട്ടോറിക്ഷയിൽ വീണതിനെത്തുടർന്ന് മരിച്ചത്. രാത്രി പന്ത്രണ്ടോടെ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോക്ക് മുകളിലേക്കാണ് വീണത്. യാത്രക്കാരനെ ഇറക്കിയ ശേഷം വാടക ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കാസിം.
യെലഹങ്ക കൊഗിലു ക്രോസിനടുത്ത് സംഭവം നടന്നയുടൻ ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മെട്രോ ജോലികൾ നടക്കുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബംഗളൂരു മെട്രൊ റയിൽ കോർപറേഷൻ അധികൃതർക്ക് എതിരെ പ്രതിഷേധിച്ചു.
മെട്രോ ജോലികൾക്കായി രാത്രി സാധനങ്ങളുമായി എത്തിയതായിരുന്നു ലോറി. സംഭവം കണ്ടുനിന്ന ആളുകൾ രക്ഷിക്കാൻ ഓടിയെത്തി. എന്നാൽ, കൂറ്റൻ പാളം ക്രെയിൻ സഹായമില്ലാതെ നീക്കം ചെയ്യാനാവുമായിരുന്നില്ല. പൊലീസ് സ്ഥലത്ത് വന്നെങ്കിലും ക്രെയിൻ എത്താൻ വൈകി. ഇതിൽ രോഷാകുലരായ ആളുകൾ കല്ലേറ് നടത്തി. സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് രണ്ടുമണിയോടെ ക്രെയിൻ കൊണ്ടുവന്ന് പാളം മാറ്റി പുറത്തെടുത്തപ്പോഴേക്കും ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.
മെട്രോ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വത്തെ കുറ്റപ്പെടുത്തി ആളുകൾ രോഷം പ്രകടിപ്പിച്ചു. കുത്തനെയുള്ള വളവിൽ ലോറിയുടെ നിയന്ത്രണം നഷ്ടപെട്ടതാണ് അപകട കാരണമെന്ന് യെലഹങ്ക പൊലീസ് പറഞ്ഞു. യെലഹങ്ക ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.