ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധന ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍
text_fieldsബംഗളൂരു: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും പൂർണമായി തടയാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ. ഇതിന്റെ മുന്നോടിയായി 1963ലെ കർണാടക പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി കരട് ബിൽ തയാറാക്കി. ഭേദഗതി ബിൽ ആഗസ്റ്റ് 11 മുതൽ 22 വരെ വിധാനസൗധയിൽ ചേരുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
ബില്‍ നിയമമായി മാറുന്നതോടെ ചൂതാട്ടം, വാതുവെപ്പ്, പന്തയം തുടങ്ങി ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ കളികളും നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് നീക്കം.
ഭാഗ്യം, അനിശ്ചിതത്വം, യാദൃച്ഛികത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ചാന്‍സ് എന്നറിയപ്പെടുന്ന ഗെയിമുകള്‍. ഓൺലൈൻ ചൂതാട്ടം, വാതുവെപ്പ്, പന്തയം തുടങ്ങിയവയാണ് ഇതിലുൾപ്പെടുക. വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള (ഗെയിം ഓഫ് സ്കില്‍) ഗെയിമുകൾക്ക് ലൈസന്‍സ് അനുവദിച്ച് നിയമവിധേയമാക്കുക എന്നതും ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
എല്ലാ തരത്തിലുമുള്ള ഓണ്‍ലൈന്‍ വാതുവെപ്പുകളും ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെയുള്ള പണം, ടോക്കണ്‍, വെർച്വല്‍ കറന്‍സി, ഗെയിമിലൂടെ ലഭിക്കുന്ന ഇലക്ട്രോണിക് ഫണ്ട് എന്നിവക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും നിയമവിരുദ്ധമായ വാതുവെപ്പ് പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നും കരടു ബില്ലിൽ പറയുന്നു.
ഗെയിമിങ് വ്യവസായത്തിലൂടെ മാത്രം കര്‍ണാടക സര്‍ക്കാറിന്റെ ജി.എസ്.ടി പൂളിലേക്ക് വാര്‍ഷിക സംഭാവനയായി 1350 കോടി രൂപയാണ് ലഭിക്കുന്നത്. സംസ്ഥാനത്താകെ 1.4 കോടി ഗെയിമർമാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ മാത്രം സ്കില്‍ ഗെയിം വ്യാവസായിക മൂല്യം 500 കോടി ഡോളര്‍ ആണ്. ഇന്ത്യയിലെ നിയമ വിരുദ്ധ വാതുവെപ്പ്, ചൂതാട്ട വ്യവസായത്തിലൂടെ 100 ബില്യണ്‍ ഡോളര്‍ ലഭിക്കുന്നതായാണ് ഗെയിമിങ് വ്യവസായികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2021ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, കർണാടകയിൽ ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയിരുന്നുവെങ്കിലും നിയമം പിന്നീട് ഹൈകോടതി റദ്ദാക്കി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിയമ നിർമാണം നടപ്പിലാക്കാൻ നാല് അംഗങ്ങള്‍ അടങ്ങുന്ന ഓണ്‍ലൈന്‍ ഗെയ്മിങ് ആന്‍ഡ് ബെറ്റിങ് റെഗുലറ്ററി അതോറിറ്റിയെ സര്‍ക്കാര്‍ നിയമിക്കും.
ഐ.ടി മേഖല, സാമ്പത്തിക മേഖല, സാമൂഹികക്ഷേമ വിഭാഗം എന്നിവയിൽനിന്ന് വിദഗ്ധരായ ഓരോ വ്യക്തികളും പൊതുഭരണം അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽ പരിചയസമ്പന്നനായ സംസ്ഥാന സർക്കാർ നിയമിക്കുന്ന ഒരു ചെയർപേഴ്സനും റെഗുലേറ്ററി അതോറിറ്റിയിൽ അംഗങ്ങളായുണ്ടാവും. ഈ അതോറിറ്റിയാണ് സ്കില്‍ അടിസ്ഥാനമാക്കിയുള്ള ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് മാനദണ്ഡങ്ങള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുക.
കർണാടകയിൽ സ്കില്‍ അധിഷ്ഠിത ഗെയ്മിങ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോ സ്ഥാപനമോ അതോറിറ്റിയിൽനിന്ന് ലൈസൻസിന് അപേക്ഷിക്കണം. ഗെയിംസ് ഓഫ് സ്കില്‍, ഗെയിംസ് ഓഫ് ചാന്‍സ് എന്നിവ കോടതിവിധികളുടെയും കെ.വൈ.സി പരിശോധന, കള്ളപ്പണം വെളുപ്പിക്കല്‍ തടയൽ തുടങ്ങി യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഗെയ്മിങ് ആന്‍ഡ് ബെറ്റിങ് റെഗുലേറ്ററി അതോറിറ്റി തിരിച്ചറിയുകയും ഇവയില്‍ ഗെയിംസ് ഓഫ് സ്കില്ലിന് ലൈസന്‍സ് നല്‍കുകയും ചെയ്യും.
ലൈസൻസുകൾ മൂന്ന് വർഷത്തേക്ക് ഉപയോഗിക്കാം. അതോറിറ്റി നിര്‍ദേശിക്കുന്ന വ്യവസ്ഥകൾ പാലിച്ച് ലൈസന്‍സ് പുതുക്കാം. സ്കില്‍ അധിഷ്ഠിത ഓൺലൈൻ വാതുവെപ്പ് പരിപാടികളിൽ പങ്കെടുക്കുന്നവർ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കണം. അമിതമായ പരസ്യങ്ങൾ നൽകുക, വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയവ പ്രവര്‍ത്തനങ്ങളും നിയന്ത്രണ വിധേയമാക്കും. ഓൺലൈൻ വാതുവെപ്പ് തടയുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി റഗുലേറ്ററി അതോറിറ്റി വിവരസാങ്കേതികവിദ്യ വകുപ്പുമായും കർണാടക പൊലീസ് സൈബർ ക്രൈം ബ്രാഞ്ചുമായും സഹകരിച്ചു പ്രവർത്തിക്കും.
ഇന്റർനെറ്റ് സേവന ദാതാക്കൾ, നെറ്റ്വർക്ക് സേവന ദാതാക്കൾ, സെർച്ച് എൻജിനുകൾ എന്നിവ നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പിനെ നേരിട്ടോ അല്ലാതെയോ പിന്തുണക്കുന്ന ഉള്ളടക്കം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്ന ഓപറേറ്റർമാരുടെ സ്ഥലങ്ങള്‍, സെർവറുകൾ, രേഖകൾ എന്നിവ പരിശോധന നടത്തുന്നതിനും പിടിച്ചെടുക്കുന്നതിനും ഓഡിറ്റുകൾ നടത്തുന്നതിനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, നിയമ വിരുദ്ധമായ വാതുവെപ്പുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നൽകുകയും ചെയ്യും.