പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അപക്വം -ബി. രമാനാഥ റൈ
text_fieldsമംഗളൂരു: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാർട്ടി ഹൈക്കമാൻഡിന്റെ ഏജന്റ് എന്ന് വിളിച്ച കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ പ്രസ്താവന അപക്വവും പദവിക്ക് നിരക്കാത്തതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബി. രാമനാഥ് റൈ ഡി.സി.സി ഓഫിസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറിയും ബി.ജെ.പിയിലെ മറ്റ് ഭാരവാഹികളും കമീഷൻ ഏജന്റുമാരാണോ എന്ന് റായ് ആരാഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുജീവിതത്തിൽ ലജ്ജാകരമായ രീതിയിലാണ് സ്വയം അവതരിക്കുന്നതെന്ന അശോകയുടെ അഭിപ്രായവും അപലപനീയമാണ്. അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് സർക്കാർ മുമ്പത്തെ എല്ലാ റെക്കോഡുകളും തകർത്തുവെന്ന അശോകയുടെ പരാമർശം തികഞ്ഞ അജ്ഞതയാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ പലപ്പോഴും ചെയ്യാറുള്ളതുപോലെ അശോക തന്റെ പക്വതയില്ലായ്മ പ്രകടിപ്പിക്കുകയാണ്. കെ.സി. വേണുഗോപാൽ പാർട്ടിയുടെ സംഘടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ അത്തരത്തിൽ വിമർശിക്കുന്നത് അശോകക്ക് അനുയോജ്യമല്ല. ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ മറ്റൊരു നേതാവിനെതിരെ അനാദരവോടെയുള്ള പരാമർശങ്ങൾ നടത്തുന്നത് അഭികാമ്യമല്ല. കെ.സി. വേണുഗോപാൽ പാർട്ടി ഹൈക്കമാൻഡിന്റെ ഏജന്റാണെങ്കിൽ ബി.ജെപി നേതാക്കളെ ആരായിട്ടാണ് നമ്മൾ കണക്കാക്കേണ്ടത്? അവർ ബ്രോക്കർമാരാണോ?’ റൈ ചോദിച്ചു.
അശോക ഗതാഗത മന്ത്രിയായിരുന്നപ്പോൾ കെ.എസ്.ആർ.ടി.സി ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിറ്റുവെന്ന് റൈ ആരോപിച്ചു. സംസ്ഥാനത്തുടനീളം ഇത്തരം നിരവധി കേസുകൾ കണ്ടെത്താൻ കഴിയും. അവ അന്വേഷിക്കേണ്ടതുണ്ട്. വാർത്തസമ്മേളനത്തിൽ മുൻ മേയർമാരായ കെ. അഷ്‌റഫ്, ശശിധർ ഹെഗ്‌ഡെ, കോൺഗ്രസ് പ്രവർത്തകരായ വിശ്വാസ് കുമാർ ദാസ്, ശുഭോദയ ആൾവ, ഷബീർ, ബേബി കുണ്ടാർ, പത്മനാഭ, നസീർ ബജാൽ, പ്രേം എന്നിവർ പങ്കെടുത്തു.


