കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; 2023ൽ 3878 പോക്സോ കേസുകൾ
text_fieldsബംഗളൂരു: കർണാടകയിൽ 2023ൽ മാത്രം ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത് 3878 കുട്ടികൾ. ആകെ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ 43 ശതമാനം വരുമിത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടതാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ. കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 8929 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിൽ 36 ശതമാനം, കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളാണ്.
2021 മുതൽ 2023 വരെ കാലയളവിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 22 ശതമാനം വർധനയുണ്ട്. 128 ബാലവേലയും 143 ശൈശവ വിവാഹവും റിപ്പോർട്ട് ചെയ്യപ്പെട്ടു.പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടികളെ കേസിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ലാത്തതിനാൽ മാതാപിതാക്കൾ തന്നെ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയാറാകുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.