മഴയും മൂടൽ മഞ്ഞും ചർമാദി ചുരത്തിൽ ഗതാഗതം വെല്ലുവിളി
text_fieldsചർമാദി ചുരം മേഖലയിൽ പകൽ ഹെഡ്ലൈറ്റ് പ്രവർത്തിപ്പിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ
മംഗളൂരു: മുഡിഗരെ താലൂക്കിലെ ചാർമാദി ചുരം മേഖലയിലെ കനത്ത മഴയും മൂടൽമഞ്ഞും വാഹനമോടിക്കുന്നവർക്ക് കടുത്ത വെല്ലുവിളി. ദക്ഷിണ കന്നട, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത 173ൽ ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞു.
കനത്ത മൂടൽമഞ്ഞും തുടർച്ചയായ മഴയും കാരണം, എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ പ്രയാസം നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു. അപകടകരമായ ചുര വളവുകളിലൂടെ ഒച്ചിന്റെ വേഗതയിൽ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു.
കനത്ത മഴ മലഞ്ചെരുവുകളിലെ നിരവധി സീസണൽ വെള്ളച്ചാട്ടങ്ങളെ സജീവമാക്കി. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങൾ സൃഷ്ടിച്ചു.
എന്നാൽ വഴുതി വീഴാനുള്ള സാധ്യതയും ദൃശ്യപരത കുറവും അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നതിനാൽ, ചാർമാദി ചുരം വഴി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


