ആർ.എസ്.എസ് റൂട്ട് മാർച്ച് നിയന്ത്രണം; ഗുർമിത്കലിൽ വിലക്കില്ല
text_fieldsബംഗളൂരു: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം തട്ടകമായ ഗുർമിത്കൽ പട്ടണത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി. വെള്ളിയാഴ്ച നടക്കുന്ന മാർച്ചിന് പത്ത് നിബന്ധനകളോടെയാണ് യാദ്ഗിർ ജില്ല ഭരണകൂടത്തിന്റെ അനുമതി. ആർ.എസ്.എസ് ജില്ല പ്രചാര്‍ പ്രമുഖ് ബസപ്പ സഞ്ജനോൾ ഈ മാസം 23ന് അപേക്ഷ നൽകിയിരുന്നു. ഖാർഗെ എട്ടുതവണ എം.എൽ.എ ആയ മണ്ഡലമാണ് ഗുർമിത്കൽ.
സാമ്രാട്ട് സർക്കിൾ, എ.പി.എം.സി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നീ വഴികളിലൂടെ കടന്നുപോകാനാണ് അനുമതി. പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നാശനഷ്ടം സംഭവിച്ചാൽ മുഴുവൻ ചെലവും സംഘാടകർ വഹിക്കണം. നിർദേശിച്ച വഴി കർശനമായി പാലിക്കണം. ഏതെങ്കിലും ജാതി- മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കണം.
റോഡുകൾ തടയരുതെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും അനുമതി ഉത്തരവിൽ പറയുന്നു. മതിയായ സുരക്ഷ ക്രമീകരണം പൊലീസ് ഏർപ്പെടുത്തും. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
ആർ.എസ്.എസ് മാർച്ച്: പഞ്ചായത്ത് സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേ
ബംഗളൂരു: ആർ.എസ്.എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തതിന് പഞ്ചായത്ത് വികസന ഓഫിസർ പ്രവീൺ കുമാറിനെ സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് കർണാടക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. റായ്ച്ചൂർ ജില്ലയിലെ ലിംഗസാഗൂരിൽ നടന്ന പദയാത്രയിൽ പങ്കെടുത്തതിന് ഒക്ടോബർ 18നായിരുന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നിയമവിരുദ്ധവും രാഷ്ട്രീയ സമ്മർദം മൂലമാണെന്നും ഉദ്യോഗസ്ഥൻ ട്രൈബ്യൂണലിൽ വാദിച്ചു. എതിർപ്പ് അറിയിക്കാൻ സർക്കാറിന് സമയം അനുവദിച്ച കോടതി കേസ് നവംബർ 14ന് പരിഗണിക്കും.
അതേസമയം, ആർ.എസ്.എസ് മാർച്ചിൽ പങ്കെടുത്തതിന് ബിദാർ ജില്ലയിൽ ഔറാദ് താലൂക്കിലെ നാല് അധ്യാപകർക്ക് അധികൃതർ നോട്ടീസ് നൽകി. മഹാദേവ്, ഷാലിവൻ, പ്രകാശ്, സതീഷ് എന്നീ അധ്യാപകരിൽനിന്നാണ് ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ വിശദീകരണം തേടിയത്. ഒക്ടോബർ ഏഴിനും 13നും ഔറാദിൽ നടന്ന മാർച്ചിലാണ് അധ്യാപകർ ആർ.എസ്.എസ് യൂനിഫോമിൽ കുറുവടിയേന്തി പങ്കെടുത്തത്. അധ്യാപകർക്കെതിരെ ദലിത് സേന പരാതി നൽകിയിരുന്നു.


