രണ്ടാമത്തെ വിമാനത്താവളം ദക്ഷിണ ബംഗളൂരുവിൽ -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ബംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം ദക്ഷിണ ബംഗളൂരുവിൽ വരുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഭൂമിവില താരതമ്യേന കുറഞ്ഞ കുന്നിൻ പ്രദേശങ്ങൾ ഇല്ലാത്ത സ്ഥലം കണ്ടെത്തി കേന്ദ്ര സർക്കാറിന് നിർദേശം സമർപ്പിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളം സംബന്ധിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീലും ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വിമാനത്താവളവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ സംഭവിച്ച പ്രശ്നങ്ങള്‍ ചർച്ച ചെയ്തു. ഗ്രാമീണര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും ഗ്രാമീണരെ മാറ്റിപാർപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീടുകള്‍ കുറവുള്ള പ്രദേശം കണ്ടെത്തിയാല്‍ പ്രദേശവാസികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നൽകാനും സാധിക്കും. പദ്ധതിക്കായി ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സാങ്കേതിക ഉപദേശം ലഭിച്ച ശേഷം ഇതിനായി സാധ്യതാ റിപ്പോർട്ട് തയാറാക്കും. വിമാനത്താവളത്തിനായി നേരത്തെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് സ്ഥലങ്ങൾ എ.എ.ഐ ഉദ്യോഗസ്ഥർ ഇതിനകം സന്ദർശിച്ചു. സംസ്ഥാന സർക്കാർ മൂന്ന് സ്ഥലങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ഹരോഹള്ളിക്ക് സമീപമുള്ള കനകപുര റോഡിലുള്ള രണ്ടെണ്ണവും നെലമംഗലയിലെ കുനിഗൽ റോഡിലുള്ള ഒരെണ്ണവും.


