മാല കവർച്ച: സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ബാനസ്വാടി പൊലീസ് നടത്തിയ റെയ്ഡിൽ കവർച്ചക്കാരായ സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. ബസവേശ്വര നഗർ സ്വദേശികളും സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമായ സുധീർ (44), രജത് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.15 ലക്ഷം വിലവരുന്ന ആഭരണവും 10.3 ഗ്രാം സ്വർണവും മോഷ്ടിച്ച ഇരുചക്രവാഹനവും കണ്ടെടുത്തു. എച്ച്.ആർ.ബി.ആർ ലേഔട്ടിലാണ് കേസിനാസ്പദമായ സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. വയോധിക ബാനസ്വാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി. പ്രദേശത്തുനിന്നുതന്നെ മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് കവർച്ച നടത്തിയിരുന്നതെന്നും പ്രതികൾ കുറ്റസമ്മതം നടത്തി. മറ്റൊരു കേസിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യാത്രക്കാരികളുടെ മാല കവർച്ച ചെയ്യുന്നയാളെ കോണനകുണ്ഡെ പൊലീസ് അറസ്റ്റ് ചെയ്തു.