എസ്.ഐ.ആർ; നിസ്സഹകരണവുമായി ചന്നഗിരിവാസികൾ
text_fieldsബംഗളൂരു: ഗ്രാമത്തിലെ എല്ലാ വീടുകളിലും ‘ഇ-ഖാത’ വിതരണം ചെയ്യുന്നതുവരെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) സഹകരിക്കില്ലെന്ന തീരുമാനവുമായി ചന്നഗിരി താലൂക്കിലെ കരിഗനൂർ ഗ്രാമവാസികൾ. ഗ്രാമത്തിലെ 900 വീടുകളിൽ 400 വീടുകൾ മാത്രമാണ് ഗ്രാമത്താനയുടെ (ഗ്രാമവാസസ്ഥലം)പരിധിയിലുള്ളതെന്ന് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കർഷക നേതാവ് തേജസ്വി പട്ടേൽ പറഞ്ഞു. ഈ പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് ഇ-ഖാത്തകൾ ലഭിക്കുന്നില്ല. അതിനാൽ, ‘ഇ-ഖാത’ വിതരണത്തിലെ കാലതാമസവും ആശയക്കുഴപ്പവും പരിഹരിക്കുന്നതുവരെ എസ്.ഐ.ആറുമായി സഹകരിക്കില്ല.
ഗ്രാമത്താന പരിധികൾ നീട്ടുക എന്നതാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പരിഹാരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. താമസസ്ഥലത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നത്. എന്നാൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ വോട്ടർമാരുടെ സ്വത്തുക്കൾക്ക് ഔപചാരിക രേഖകൾ നൽകാൻ മടികാണിക്കുന്നുവെന്നും ‘ഇ-ഖാത’കളുടെയും ഗ്രാമത്താന പരിധികളുടെയും പ്രശ്നം നേരിടുന്ന എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങൾ ഈ പാത പിന്തുടരണമെന്നും തേജസ്വി പട്ടേൽ അഭിപ്രായപ്പെട്ടു.


