എസ്.എസ്.എൽ.സി, പി.യു.സി വിജയത്തിന് ഇനി 33 ശതമാനം മാർക്ക്
text_fieldsബംഗളൂരു: 2025-26 അധ്യയന വര്‍ഷം എസ്.എസ്എൽ.സി, പി.യു.സി ഫൈനൽ പരീക്ഷ വിജയിക്കാനുള്ള മാനദണ്ഡം 35 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കി കുറച്ചുള്ള കരട് വിജ്ഞാപനം കർണാടക സർക്കാർ പുറപ്പെടുവിച്ചു. 1966ലെ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ ഇന്റേണല്‍ അസസ്മെന്റ്, എക്സ്റ്റേണൽ പരീക്ഷ എന്നിവയില്‍ നിന്നുള്ള മാർക്കുകളിൽ ശരാശരി 33 ശതമാനം മാര്‍ക്ക് നേടിയാൽ മതി.
കൂടാതെ, ഓരോ വിഷയത്തിനും എഴുത്തു പരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് നേടണം. ഇന്റേണൽ അസസ്മെന്റ് 125 മാർക്ക്, എഴുത്ത് പരീക്ഷ 500 മാർക്ക് എന്നിവയുൾപ്പെടെ 625 മാർക്കിൽ കുറഞ്ഞത് 206 മാർക്ക് (33ശതമാനം) നേടിയാൽ മാത്രമേ വിജയിയായി പ്രഖ്യാപിക്കുകയുള്ളൂവെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
നിലവിലുള്ള 30 മാര്‍ക്കില്‍ പ്രാക്ടിക്കല്‍ പരീക്ഷ 20 മാര്‍ക്ക്, ബാക്കി 10 മാര്‍ക്ക് ഹാജര്‍, റെക്കോഡ്, പ്രാക്ടിക്കല്‍ പരീക്ഷയുടെ ഹാജര്‍ എന്നിവ അടിസ്ഥാനമാക്കി നല്‍കും. വിജ്ഞാപനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് എതിർപ്പുകളോ നിർദേശങ്ങളോ സമർപ്പിക്കാൻ സർക്കാർ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2024–25 അധ്യയന വർഷം കർണാടക റസിഡൻഷ്യൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി (കെ.ആർ.ഇ.എസ്) സ്കൂളുകളുടെ എസ്.എസ്.എൽ.സി വിജയ ശതമാനം 91 ആയിരുന്നു.
സംസ്ഥാന ശരാശരി 62.34 ശതമാനമായിരുന്നുവെന്ന് കർണാടക സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. മറ്റു കേന്ദ്ര, സംസ്ഥാന ബോർഡുകൾ നടത്തുന്ന പരീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾക്ക് ഒരു തുല്യതാ അവസരം നൽകുക എന്നതാണ് ഈ മാറ്റം വരുത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രശ്മി മഹേഷ് പറഞ്ഞു.
പാഠ്യപദ്ധതിയിലും മൂല്യനിർണയ രീതികളിലും മാറ്റം ആവശ്യമാണെന്നും കുട്ടികളുടെ മൊത്തത്തിലുള്ള പ്രകടനം അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഭൂരിഭാഗം സ്കൂളുകളും രക്ഷിതാക്കളും അധ്യാപക സംഘടനകളും മാറ്റത്തെ സ്വാഗതം ചെയ്തു.
എന്നാൽ, വിദ്യാർഥികളുടെ പഠനശേഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും ഇത്തരത്തിൽ മാർക്കിളവ് നൽകുന്നത് ഭാവിയിൽ വിദ്യാർഥികൾക്ക് ദോഷകരമാവുമെന്നും വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു. പാസ് മാർക്ക് കുറക്കുകയോ കൂട്ടുകയോ ചെയ്യുന്നതല്ല ഇന്ന് സ്കൂളുകൾ നേരിടുന്ന യഥാർഥ പ്രതിസന്ധിയെന്നും പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തി വിദ്യാർഥികളുടെ പഠനമികവിനെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.