ഉറൂസ് ഘോഷയാത്രക്ക് നേരെ കല്ലേറ്; സഞ്ചരിച്ചത് അനുമതിയില്ലാത്ത വഴിയിൽ
text_fieldsബംഗളൂരു: ബെളഗാവി ജില്ലയിൽ ഖഡക് ഗള്ളിയിലെ മെഹബൂബ് സുബ്ഹാനി ദർഗയിലെ ഉറൂസ് ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പ്രവാചകൻ മുഹമ്മദിനെ പ്രകീർത്തിച്ച് മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അനുമതി നൽകാത്ത വഴിയിലൂടെ സഞ്ചരിച്ചതും പ്രശ്നത്തിനിടയാക്കി.
കല്ലേറ് നടത്തിയ സംഭവത്തിൽ 11 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് അനുമതിയില്ലാത്ത റോഡിലൂടെ ഘോഷയാത്ര നടത്തിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കല്ലേറിനെ തുടർന്ന് ബെളഗാവിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവങ്ങളുടെ തുടക്കം. ഖഡക് ഗള്ളിയിലെ താമസക്കാർ ജാഥയുടെ റൂട്ട് മാറ്റിയത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും മുദ്രാവാക്യത്തെ എതിർക്കുകയും ചെയ്തു.
സംഘർഷം പെട്ടെന്ന് രൂക്ഷമായി. ഇതിനിടയിലാണ് കല്ലേറുണ്ടായത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സമാധാനം നിലനിർത്താൻ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചു. സിറ്റി പൊലീസ് കമീഷണർ ഭൂഷൺ ബോറാസെ സ്ഥിതിഗതികൾ പരിശോധിക്കാൻ സ്ഥലം സന്ദർശിച്ചു.
അനധികൃത റൂട്ട് മാറ്റം, കല്ലെറിയൽ എന്നിവക്ക് ഖദേബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് പറഞ്ഞു. പരമ്പരാഗതമായി കൂട്ട്, ജൽഗാർ ഗള്ളി വഴി ദർഗയിലേക്ക് നയിക്കുന്നതാണ് ഉറൂസ് ഘോഷയാത്രയുടെ വഴി.എന്നാൽ, ഇത്തവണ അനുമതിയില്ലാതെ ഖഡക് ഗള്ളി വഴി തിരിച്ചുവിട്ടു.