ചിത്രരചനയെ നെഞ്ചോട് ചേർത്ത് ഡോ.എല്‍. ശോഭ കുറുപ്പ്
text_fieldsഡോ.എല്‍. ശോഭ കുറുപ്പ് ചിത്രത്തിനൊപ്പം
ബംഗളൂരു: വൈദ്യശാസ്ത്രരംഗത്തേക്ക് കാലെടുത്തുവെച്ചപ്പോഴും സർഗാത്മകതയുടെ ഇടങ്ങള്‍ തന്നെ മാടിവിളിക്കുന്നുവെന്ന് ഡോ. എല്‍. ശോഭ കുറുപ്പിന് പലപ്പോഴും തോന്നിയിരുന്നു. ഈ തിരിച്ചറിവാണ് ശിശുരോഗ വിദഗ്ധയായ ശോഭയുടെ കൈകളിലേക്ക് ചിത്രം വരയെ വീണ്ടുമെത്തിച്ചത്.
അമ്മാവനില്‍നിന്ന് ലഭിച്ച ചിത്രമെഴുത്ത് സ്കൂള്‍, കോളജ് തലങ്ങളില്‍ മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞുവെങ്കിലും ഔദ്യോഗികസേവനത്തിനിടെ കൈമോശം വന്നു. എന്നാൽ, ചിത്രരചനയെ അങ്ങനെ കൈവിടാനാവില്ലായിരുന്നു. ജോലി കഴിഞ്ഞ് രാവേറെ വൈകി വീട്ടിലെത്തിയാൽ യാത്ര ചെയ്ത സ്ഥലങ്ങളിലെ മാങ്ങാത്ത ഓർമകള്‍ ചായക്കൂട്ടുകളിലൂടെ തിരിച്ചുപിടിക്കാൻ തുടങ്ങി. വാട്ടര്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍, ഓയില്‍ പെയിന്റിങ് എന്നിവയാണ് ഇഷ്ടമാധ്യമം.
കോറമംഗല, ചിത്രകലാ പരിഷത് എന്നിവിടങ്ങളില്‍ നിരവധി തവണ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഭര്‍ത്താവ് എഴുത്തുകാരനും അനസ്തെറ്റിസ്റ്റുമായ സുകുമാരന്‍ കോണോത്ത്, മകന് സിദ്ധാര്‍ഥ്, മരുമകള്‍ ദിവ്യ, പേരക്കുട്ടികളായ അമേയ, അവ്യുക്ത് എന്നിവരടങ്ങുന്നതാണ് കുടുംബം.
പേരക്കുട്ടികള്‍ രണ്ടുപേരും മുത്തശ്ശിയുടെ പാതയിലാണ്. കസവനഹള്ളിയിലെ ക്ലിനിക്കില്‍ പരിശോധനകള്‍ക്കിടയിലും മിന്നിമാഞ്ഞുപോകുന്ന കുഞ്ഞ് മുഖങ്ങളെ കാന്‍വാസില്‍ പകര്‍ത്താനുള്ള തിരക്കിലാണ് ഡോക്ടര്‍. സമൂഹമാധ്യമങ്ങളിലൂടെ ചിത്രരചനയുടെ പുത്തൻ പാഠങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്ന ഡോക്ടറുടെ ആദ്യ ഗുരു മുരളി കൃഷ്ണന് ആണ്.
വാണിദാസ്, കാന്തരാജ് എന്നീ ഗുരുക്കന്മാരും പില്ക്കാലത്ത് ചിത്രരചനയുടെ വലിയലോകം തുറന്നുനൽകി. വലിയ കാന്‍വാസില്‍ വാട്ടര്‍ കളര്‍ ചെയ്യണമെന്നതാണ് ആഗ്രഹമെന്ന് പുഞ്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു. എം.ജി റോഡിലെ രംഗോലി മെട്രോ ആർട്ട് സെന്ററിൽ ആർട്ട് ബംഗളൂരു കലക്ടീവിന്റെ (എ.ബി.സി) ആഭിമുഖ്യത്തിൽ ആരംഭിച്ച ‘ആർട്ടിസ്ട്രി ആനുവൽ 2025’ ൽ ഡോക്ടര്‍ വരച്ച ബോട്സ്വാനയിലെ ഉപ്പ് തടാകം, വയനാട് ദുരന്തം, നാടിന്റെ പച്ചപ്പ്, ടിബറ്റ്, രാജസ്ഥാന്, ബനാറസ്, കാഞ്ചീപുരം എന്നിവിടങ്ങളിലെ മനോഹര കാഴ്ചകൾ, രവി വര്‍മ, വാന്‍ ഗോഗ് എന്നിവരുടെ ഫ്യൂഷന്‍ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും. നടിയും ഗായികയുമായ വസുന്ധര ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. 32 വിഷ്വൽ ആർട്ടിസ്റ്റുകളുടെ 300ലധികം കലാസൃഷ്ടികൾ, മൾട്ടിമീഡിയ പ്രൊജക്ഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിൽ ആദ്യമായി ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളുമുണ്ട്. സമയം രാവിലെ 11 മുതൽ വൈകീട്ട് ഏഴു വരെ.


