ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യും; അപ്പീൽ ഹരജി സുപ്രീംകോടതി തള്ളി
text_fieldsബംഗളൂരു: മൈസൂരു ദസറ ഉത്സവം ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാർ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹിന്ദു അല്ലാത്ത ഒരാളെ പൂജകൾ നടത്താൻ അനുവദിക്കാൻ കഴിയില്ലെന്ന വാദം ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.
സംസ്ഥാന സർക്കാർ തീരുമാനം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹരജികൾ കർണാടക ഹൈകോടതി തള്ളിയതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ബെഞ്ച്
കർണാടക സർക്കാർ തീരുമാനത്തിലൂടെ ഒരവകാശവും ലംഘിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. മുൻ ബി.ജെ.പി എം.പി പ്രതാപ് സിംഹ ഉൾപ്പെടെ മൂന്ന് പേരാണ് ഈ വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖിനെ ക്ഷണിക്കാനുള്ള കോൺഗ്രസ് സർക്കാറിന്‍റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഹജിക്കാർ, അവർ ഹിന്ദുവിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നും കന്നഡ ഭാഷക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചു. ഭുവനേശ്വരി ദേവിക്കും കന്നഡ പതാകക്കുമെതിരെ ബാനു മുഷ്താഖ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതായും വാദിച്ചു.
ബാനു മുഷ്താഖിനെതിരായ ഹരജികൾ നേരത്തെ തള്ളിയ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്, വിജയദശമി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നുവെന്നും അത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു. ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എതിർപ്പുണ്ടെന്നും ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖിനെ ക്ഷണിച്ച സർക്കാർ തീരുമാനം തെറ്റാണെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.
ബാനു മുഷ്താഖ് ഹിന്ദു വിരുദ്ധ പ്രസ്താവനകളും കന്നഡ ഭാഷക്കെതിരെ പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭുവനേശ്വരി ദേവിക്കും കന്നഡ പതാകക്കുമെതിരെ ബാനു മുഷ്താഖ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയും പറഞ്ഞു. ബാനു മുഷ്താഖിന്റെ ഈ ആക്ഷേപകരമായ പ്രസ്താവനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും അഭിഭാഷകൻ സമർപ്പിച്ചു. മഞ്ഞ (ഹാൽഡി), സിൻഡോർ (ചുവപ്പ്) നിറങ്ങൾ അടങ്ങിയ കന്നഡ പതാകയോടുള്ള അവരുടെ എതിർപ്പുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രാജ്യത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഹരജിക്കാരനോട് ആവശ്യപ്പെട്ടു. "നിങ്ങൾക്ക് പോലും ഉചിതമായ ഒരു വേദിയിൽ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങളിൽ ഏതാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങൾ വിശദീകരിക്കേണ്ടതുണ്ട്" ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.