ടി.സി.എസ് വേൾഡ് 10 കെ മാരത്തൺ ഞായറാഴ്ച
text_fieldsടി.സി.എസ് വേൾഡ് 10 കെ മാരത്തണ്‍ റൂട്ട് മാപ് ബംഗളൂരു വെസ്റ്റ് ട്രാഫിക് എ.സി.പി അനിത ഹെഡ്ഡന്നവാര് പുറത്തിറക്കുന്നു
ബംഗളൂരു: ടി.സി.എസ് വേൾഡ് 10 കെ മാരത്തണ്‍ ഞായറാഴ്ച നടക്കും. 35,000 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന മാരത്തണിന്റെ റൂട്ട് മാപ് ബുധനാഴ്ച അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ബംഗളൂരു വെസ്റ്റ് ട്രാഫിക് എ.സി.പി അനിത ഹെഡ്ഡന്നവാര് റൂട്ട് പുറത്തിറക്കി.
മാരത്തൺ നടക്കുന്ന സമയത്ത് പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാവാത്ത രീതിയിലാണ് റൂട്ട് ക്രമീകരിച്ചതെന്ന് ഡി.സി.പി പറഞ്ഞു. റേസ് ഡയറക്ടർ ഹ്യൂ ജോണ്‍സ്, മാരത്തൺ മെഡിക്കൽ ഡയറക്ടർ ഡോ. വിവേക് ജാവലി, പ്രോകാം എം.ഡി വിവേക് സിങ്, പ്രിയന് ശങ്കര്‍, രാജു വേലു, ശങ്കര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. വനിതവിഭാഗം 10 കിലോമീറ്റര്‍ മാരത്തണിന് ഞായറാഴ്ച രാവിലെ 5.30ന് കാമരാജ് റോഡിലെ ആര്‍മി പബ്ലിക് സ്കൂളില്‍ നിന്നു തുടക്കമാവും. പുരുഷ വിഭാഗം മാരത്തണ്‍ രാവിലെ 6.08നും ആരംഭിക്കും. ഓപണ്‍ 10 കെ വിഭാഗത്തിൽ രാവിലെ 6.10ന് എം.ജി റോഡിലെ ആര്.എസ്.എ.ഒ.ഐ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാലാം ഗേറ്റിൽനിന്ന് ആരംഭിക്കും.
അംഗ പരിമിതരുടെ മൂന്ന് കിലോമീറ്റര്‍ മാരത്തണ്‍ രാവിലെ എട്ടിന് ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ പരേഡ് മൈതാനത്തെ ഏഴാം ഗേറ്റിൽനിന്നു തുടങ്ങും. മുതിര്‍ന്നവര്‍ക്കുള്ള മൂന്ന് കിലോമീറ്റര്‍ മാരത്തണ്‍ 8.05നു ഇതേ ഗേറ്റിൽനിന്ന് തുടങ്ങും. 4.2 കിലോമീറ്റര്‍ മജ റൺ മാരത്തണ്‍ രാവിലെ 8.30ന് എം.ജി റോഡിലെ ആര്.എസ്.എ.ഒ.ഐ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാലാം നമ്പർ ഗേറ്റിൽനിന്ന് ആരംഭിക്കും. ഗതാഗത നിയന്ത്രണങ്ങള്‍ക്കായി 500 പൊലീസുകാരെ വിന്യസിക്കും.