രോഹിണി സിന്ദൂരിയുടെ കാൾ ഡേറ്റ: രൂപയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsരൂപ മൗദ്ഗിൽ
ബംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെ കാൾ ഡേറ്റ വിവരങ്ങൾ (സി.ഡി.ആർ) ആവശ്യപ്പെട്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ രൂപ മൗദ്ഗിൽ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളി. ഹരജി അനാവശ്യമാണെന്നും അവർക്കെതിരെ നിലനിൽക്കുന്ന മാനനഷ്ടക്കേസിൽ ഈ ഹരജി അപ്രസക്തമാണെന്നും കോടതി പറഞ്ഞു. സിന്ദൂരിയുടെ കാൾ രേഖകൾ ഹാജരാക്കാൻ ടെലികോം കമ്പനികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രൂപ നേരത്തേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
രൂപ ഫേസ്ബുക്കിൽ തനിക്കെതിരെ ആക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്തതായി ആരോപിച്ച് രോഹിണി സിന്ധൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് അപേക്ഷ. മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് രൂപ ഹൈകോടതിയെ സമീപിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഹരജി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമായി നിരീക്ഷിച്ച ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദം അടങ്ങുന്ന ബെഞ്ച് കീഴ്കോടതിയുടെ തീരുമാനം ശരിവെച്ചു. സിന്ധൂരി തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെടുത്തിയെന്നുമാണ് മാനനഷ്ട പരാതി.രൂപയുടെ ഭർത്താവ് മുനിഷ് മൗദ്ഗിലുമായി സിന്ധൂരിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ രൂപയുടെ അഭിഭാഷകൻ രണ്ടു വർഷത്തെ സി.ഡി.ആർ ആവശ്യപ്പെട്ടപ്പോൾ, മുനിഷിന്റെ രേഖകൾ ഹാജരാക്കാനും പ്രതിഭാഗം സാക്ഷിയായി അദ്ദേഹത്തെ വിസ്തരിക്കാനും രൂപക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.