‘കർണാടക പാകിസ്താനാവുകയാണോ?’ വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി
text_fieldsകേന്ദ്ര മന്ത്രി പ്രൾഹാദ്
ജോഷി
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിംകൾക്കുള്ള വായ്പകളുടെ അളവ് വർധിപ്പിച്ചതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി ആരോപിച്ചു. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയുടെ ജി.ഡി.പി 23 ശതമാനം കവിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓരോ വ്യക്തിയും ഇപ്പോൾ ലക്ഷം രൂപയുടെ കടബാധ്യതയിലാണെന്ന് ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജോഷി അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാർ മുസ്ലിം പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഒരു സമുദായത്തെ മറ്റുള്ളവരുടെ ചെലവിൽ കേന്ദ്രീകരിക്കുന്നത് ഭിന്നിപ്പിക്കൽ തന്ത്രമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിബദ്ധതയിൽനിന്ന് ഭിന്നമായി കർണാടക സർക്കാർ ‘മുസ്ലിം വികാസ്’ മാത്രമാണ് ലക്ഷ്യമിടുന്നത്.
സാമൂഹിക സമത്വം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾതന്നെ, ബുദ്ധൻ, ബസവണ്ണ, അംബേദ്കർ, സാവിത്രിഭായ് ഫൂലെ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ആദർശങ്ങൾ ഉദ്ധരിച്ച് സംസ്ഥാന സർക്കാർ ഒരു സമുദായത്തെ മറ്റുള്ളവരെക്കാൾ അനുകൂലിക്കുകയാണ്. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് ‘വിഭജിച്ചു ഭരിക്കുക’ എന്ന നയം പിന്തുടരുകയാണ്.
മുസ്ലിംകൾക്ക് മാത്രമായി രണ്ട് കോടി രൂപവരെയുള്ള കരാറുകൾ സംവരണം ചെയ്യാനാണ് കർണാടക സർക്കാറിന്റെ തീരുമാനം. മറ്റ് സമുദായങ്ങളിൽനിന്നുള്ള കരാറുകാരെ ഈ അവസരങ്ങളിൽനിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് ജോഷി ചോദിച്ചു.
കർണാടക ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബോർഡിൽനിന്നും (കെ.ഐ.ഡി.ബി) കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡിൽനിന്നും (കെ.ഐ.എ.ഡി.ബി) മുസ്ലിംകൾക്ക് 20 ശതമാനം വിഭവങ്ങൾ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെയും ജോഷി എതിർത്തു. സംസ്ഥാനത്തെ ഭൂവിഭവങ്ങൾ ഇതിനകം തന്നെ കുറവാണ്. ഒരു സമുദായത്തിന് ഇത്രയും വലിയ വിഹിതം അനുവദിക്കുന്നത് അന്യായമാണ്. അസമത്വം വളർത്തുക മാത്രമാണ് ചെയ്യുന്നത്. ക്ഷേത്ര വരുമാനത്തിൽനിന്ന് ലഭിക്കുന്നതായി ആരോപിക്കപ്പെടുന്ന മൗലവിമാരുടെ ഓണറേറിയം 6,000 രൂപയായി വർധിപ്പിച്ചതിനെയും ജോഷി വിമർശിച്ചു.
മുസ്ലിം വിവാഹങ്ങൾക്ക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50,000 രൂപയുടെ സാമ്പത്തിക ഗ്രാന്റ് ചൂണ്ടിക്കാട്ടി ജോഷി തന്റെ വിമർശനം കടുപ്പിച്ചു. മുസ്ലിം വിവാഹങ്ങൾക്ക് മാത്രം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് എന്തുകൊണ്ട്? മറ്റ് സമുദായങ്ങൾക്കും ഇതേ പിന്തുണ നൽകേണ്ടതല്ലേ? കർണാടക പാകിസ്താനായി മാറുകയാണോ? കർണാടകയിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കൾക്ക് ശ്മശാന സ്ഥലങ്ങൾ ഇല്ലെങ്കിലും മുസ്ലിം ശ്മശാനങ്ങളുടെ വികസനത്തിനായി സർക്കാർ 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇത് വളരെ അന്യായമാണ്. എന്തുകൊണ്ടാണ് സർക്കാർ ഒരു സമുദായത്തിന് ശ്മശാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നത്?’- ജോഷി ചോദിച്ചു. മതന്യൂനപക്ഷങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾക്കായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചതും കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് വിധേയമായി. ഈ ഫണ്ടുകൾ ഉപയോഗിച്ച് എന്തുതരം സംസ്കാരത്തെയാണ് പിന്തുണക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.