പക്ഷികൾക്കായൊരു പ്രാർഥന; ഭൂമിക്കൊരിറ്റ് കണ്ണീർ -REVIEW
text_fieldsഎന്തിരൻ എന്ന സിനിമ 2010ലാണ് വരുന്നതെങ്കിലും അതിനുമുമ്പ് വന്ന തന്‍റെ എല്ലാ പടങ്ങളിലും യന്ത്രമനുഷ്യനെപ്പോലെ ചിന്തിക്കുകയും തിരക്കഥയൊരുക്കുകയും സിനിമയെടുക്കുകയും ചെയ്യുന്ന ഒരാളെ പോലെയാണ് സംവിധായകൻ ശങ്കർ. അൾട്ടിമേറ്റ് ബഡ്ജറ്റിൽ സാങ്കേതികതയുടെ വർണത്തിളപ്പുമായി എത്തുന്ന ശങ്കർ സിനിമകൾക്ക് എന്തെങ്കിലും ആത്മാവുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രദർശനത്തിനെത്തിയ 2.0 യിൽ മാറിയ രീതിയിൽ ചിന്തിച്ചുതുടങ്ങുന്ന ശങ്കറിനെ ചില ഭാഗങ്ങളിലെങ്കിലും കണ്ടൂമുട്ടാനാവുന്നു എന്നത് അപ്രതീക്ഷിതം തന്നെ.

മറ്റെന്തൊക്കെ കുറവുകൾ പറയാനുണ്ടെങ്കിലും ആ അർഥത്തിൽ 2.0 പ്രസക്തമാണ്. വസീഗരനെന്ന സൂപ്പർ ശാസ്ത്രജ്ഞനും ചിട്ടി എന്ന റോബോട്ടുമായി വരുന്ന എക്കാലത്തെയും സൂപ്പർസ്റ്റാർ രജനികാന്ത്. ശങ്കറിനെപ്പോലൊരു കൊമേഴ്സ്യൽ സിനിമയുടെ അപ്പോസ്തലനായ സൂപ്പർ ഡയറക്ടർ, സയൻസ് ഫിക്ഷൻ എന്ന എന്തും ചെലവാക്കാൻ സാധ്യതയുള്ള ഴോണർ. ഇതൊക്കെയാണ് 2.0ക്ക് കയറുമ്പോൾ പ്രതീക്ഷിക്കുക. തിന്മയുടെ മേലുള്ള നന്മയുടെ സമ്പൂർണാധിപത്യമാവും ചിത്രമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കും. പക്ഷെ, 2.0യിൽ കാണാനാവുന്നത് അതൊന്നുമല്ല എന്നത് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആയി പറയാം.

വസീഗരനായും ചിട്ടിയായും ചിട്ടിയുടെ നാനോ വേർഷൻസ് ആയ കുട്ടി 3.0 ആയും രജനികാന്ത് എല്ലാ ഫ്രെയിമുകളിലുമുണ്ടായിട്ടും ഈ എല്ലാ ക്യാരക്റ്ററുകളെയും നിഷ്പ്രഭമാക്കുന്ന പാത്രസൃഷ്ടി അക്ഷയ് കുമാർ അവതരിപ്പിക്കുന്ന പക്ഷിരാജ എന്ന വൃദ്ധനായ ഓർണിത്തോളജിസ്റ്റിനാണ്. പ്രതിനായകൻ എന്ന നിലയിൽ ആണ് വസീഗരനും ചിട്ടിയും കുട്ടിമാരും സിനിമയും സംവിധായകനുമെല്ലാം. പക്ഷിരാജയുടെ തേജോവലയത്തിൽ നിന്നുരുവായ അതീന്ദ്രശക്തിയെ നേരിടുന്നതെങ്കിലും എല്ലാ നന്മകളും അയാളുടെ പക്ഷത്താണ്. അയാൾ നിലകൊള്ളുന്നത് കുരുവികൾക്കും പുള്ളുകൾക്കും പറവകൾക്കും ഭൂമിക്കും വേണ്ടിയാണ്. പ്രാവുകളെ കവചമായി നിർത്തി അയാളുടെ മേൽ അന്തിമവിജയം നേടുന്നതൊക്കെ ഉള്ളിൽ ഒരു മുറിവിന്‍റെ നീറ്റലാണ് നൽകുന്നത്. ഇതുവരെയുള്ള എല്ലാ ധർമയുദ്ധങ്ങളിലെയും പ്രകീർത്തിത ചതിപ്രയോഗങ്ങളെ അത് ഓർമ്മയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.

ഒടുവിൽ വസീഗരനും സിനിമയും തിരിച്ചറിയുന്നുണ്ട്, പക്ഷിരാജന്‍റെ പ്രതികാരപ്രവൃത്തികൾ ഒരുപക്ഷെ നീചമായിരുന്നിരിക്കാം പക്ഷെ, അയാൾ പറഞ്ഞതെല്ലാം ശരിയായിരുന്നു. നമ്മൾ അയാളുടെ വാക്കുകൾക്ക് വിലകൊടുത്തില്ലെങ്കിൽ ഭൂമിക്ക് ഇനി അധികം നിലനിൽപില്ല. പ്രതിനായകനെ തുരത്തിയ ശേഷം നായകനും സിനിമയും അയാൾ തെളിക്കുന്ന പാതയിലൂടെ പോവാൻ തീരുമാനമെടുക്കുന്നത് ഒരു ശങ്കർ സിനിമയിൽ അല്ലെങ്കിൽ ഇന്ത്യൻ കൊമേഷ്യൽ സിനിമയിൽ അപൂർവകാഴ്ച തന്നെയാണ്.

എന്തിരനും 2.0ക്കും ഇടയിലുള്ള എട്ടുവർഷങ്ങളുടെ വളർച്ച ത്രീ ഡിയിലൊഴികെ വി.എഫ്.എക്സിലും മറ്റ് സാങ്കേതികമേഖലകളിലും ശങ്കറിന് എത്ര കണ്ട് പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ തർക്കമുണ്ടാവാം. പക്ഷെ, ഒരു ക്രിയേറ്റർ എന്ന നിലയിൽ ശങ്കറിന്‍റെ മനസിനും ഹൃദയത്തിനും കൈവന്ന വളർച്ച ഗംഭീരമാണ്. പാട്ടുകളും ആട്ടങ്ങളും കോമഡിയും ചളിപ്പുകളും ശങ്കർ സിനിമയുടെ മുഖമുദ്രകളായ എല്ലാവിധ പ്രഖ്യാപിതചേരുവകളും പാടെ ഒഴിവാക്കി ഒരു സയൻസ് ഫിക്ഷനെ അത്പോലെ കാണിക്കുന്നതിൽ ശങ്കർ കാണിക്കുന്ന സത്യസന്ധത എടുത്തുപറയാതെ വയ്യ. ആകെയുള്ള ഒരു ഡ്യുയറ്റ് സിനിമ തീർന്ന് "എ ഫിലിം ബൈ ശങ്കർ " എന്നെഴുതിക്കാണിച്ച ശേഷം തിയേറ്ററിലിരിക്കാൻ സമയമുള്ളവർക്ക് വേണമെങ്കിൽ കാണാമെന്നേയുള്ളൂ.

തന്‍റെ പ്രായത്തെക്കുറിച്ചുള്ള പൂർണ്ണമായ ബോധ്യത്തോടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ രജനികാന്ത് മറിച്ചൊരു ചിന്ത പുലർത്താൻ തുടങ്ങിയത് എന്തിരനിലൂടെ ആണ്. എന്തിരന്‍റെ എല്ലാ വിജയങ്ങളും ഒരു സൂപ്പർസ്റ്റാറിന്‍റെ അമാനുഷികതയുടെ ആയിരുന്നില്ല മറിച്ച് ഒരു ശാസ്ത്രജ്ഞന്‍റെയും റോബോട്ടിന്‍റെയും മാത്രമായിരുന്നു. എട്ടുവർഷങ്ങൾക്കിപ്പുറം കബാലിയും കാലായും സംഭവിച്ച് രജനികാന്ത് എന്ന സൂപ്പർതാരം പൂർണ്ണമായും മണ്ണിലേക്കിറങ്ങിവന്ന് നിൽക്കുന്ന ഈ സമയത്ത് വസീഗരനും ചിട്ടിയും വീണ്ടും വരുമ്പോൾ മുൻപുണ്ടായിരുന്ന മസാലച്ചേരുവകളെപ്പോലും ഒഴിവാക്കിക്കളയാനുള്ള ശ്രമം അഭിനന്ദനീയമാണ്. നേരത്തെ പറഞ്ഞ പോൽ പക്ഷിരാജൻ എന്ന മെഗാക്യാരക്റ്ററായി അക്ഷയ്കുമാർ എല്ലാത്തിനുംമേലെ അതിവർത്തിക്കുകയും ചെയ്യുന്നു. നില എന്ന റോബോട്ടായി വരുന്ന ആമി ജാക്സനെ വേണമെങ്കിൽ ഒരു നായിക എന്ന് വിശേഷിപ്പിക്കാം. വസീഗരന്‍റെ ഭാര്യ സന ഇടക്കിടെ ഫോൺകോളുകളിൽ വരുമ്പോൾ അത് ഐശ്വര്യ റായി ആയിരുന്നല്ലോന്ന് വേണമെങ്കിൽ നമുക്ക് ഓർക്കാം. ടെലികോം മിനിസ്റ്റർ വൈരമൂർത്തി ആയി വരുന്നത് നമ്മുടെ സ്വന്തം ഷാജോൺ ആണെന്നതിൽ മലയാളികൾക്ക് സന്തോഷിക്കാം.

അതിനെല്ലാമപ്പുറം ഞാൻ ആഹ്ലാദിക്കുന്നത് 2.0 എന്നത് ശങ്കറിനെപ്പോലൊരു സംവിധായകന്‍റെ പക്ഷികൾക്കായുള്ള പ്രാർഥനയും ഭൂമിക്കായുള്ള കണ്ണീരും എന്ന നിലയിലാണ്. കൂടുതൽ നല്ല പടങ്ങൾ ഇയാളിൽ നിന്ന് പ്രതീക്ഷിക്കാൻ തോന്നിപ്പോവുന്നു.