നയൻ - അതിഗംഭീരൻ മേക്കിങ്... മലയാള സിനിമ കാണാത്ത വഴികൾ
text_fieldsമലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് തന്‍റെ ആജന്മാഭിലാഷമായി പ്രഖ്യാപിച് ച ആളാണ് പൃഥ്വിരാജ്. കുറച്ചുവർഷങ്ങളായി അദ്ദേഹം അതിനായുള്ള നിരന്തര പരിശ്രമങ്ങളിലാണ്. ആഗ്രഹം കലശലായി ഉണ്ടെങ്കില ും ഇതിന് മുമ്പ് ചിലപ്പോഴെങ്കിലും തലവെച്ചിട്ടുള്ളത് അതിനും മാത്രം കാലിബർ ഇല്ലാത്ത കൂട്ടുകെട്ടുകളിൽ ആണെന്നത ു കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം അകന്ന് പോവുകയാണ് എന്നത് സങ്കടകരമായ കാര്യം. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശ ിവൻ, ഷാജി നടേശൻ, ആര്യ എന്നിവരോടോപ്പം കുറെ പരീക്ഷണ സിനിമകൾ ഒരുക്കിയിട്ടുള്ള പൃഥ്വി ആഗസ്റ്റ് സിനിമയിൽ നിന്ന് വേർ പിരിഞ്ഞതിനു ശേഷം സ്വന്തം പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ച് നിർമിച്ച ആദ്യ സിനിമ ‘നയൻ’ (9) ഇന്ന് തിയറ്ററിലെത്തി.
‘പ ൃഥ്വിരാജ് പ്രൊഡക്ഷൻസ്’ എന്നു തന്നെ പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയ്ക്ക് ‘9’ എന്ന ആദ്യ ചിത്രത്തിന് നിർമാണ പങ്കാളി ആയി കിട്ടിയിരിക്കുന്നത് ‘സോണി പിക്ചേഴ്സ് ഇന്‍റർനാഷണൽ’ എന്ന അന്താരാഷ്ട്ര ഭീമനെത്തന്നെയാണ് എന്നത് പൃഥ്വിയുടെ ഉൾക്കർഷേച്ഛയുടെ ഗുണഫലമാണ്. സിനിമ ലോകമെങ്ങും തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നതും സോണി പിക്ചേഴ്സ് തന്നെ. മലയാള സിനിമയുടെ ഒരു നേട്ടമായി വേണമെങ്കിൽ ഇതിനെ കാണാം.

സയൻസ് ഫിക്ഷൻ എന്ന നിലയിൽ ആണ് അനൗൺസ് ചെയ്തിരുന്നതെങ്കിലും സിനിമയുടെ പ്രീ പബ്ലിസിറ്റി കാമ്പയിനുകളിലെല്ലാം പൃഥ്വിരാജ് പറഞ്ഞിരുന്നത് അങ്ങനെ ഴോണർ വേർതിരിച്ച് പറയാൻ പറ്റാത്ത സിനിമയാണ് ‘നയൻ’ എന്നതായിരുന്നു. സിനിമ കണ്ടിരിക്കുമ്പോഴും തിയറ്ററിൽ നിന്നും ഇറങ്ങുമ്പോഴും സത്യം പറയാലോ പ്രേക്ഷകർക്കും അങ്ങനെത്തന്നെ തോന്നും. പല തരത്തിലുള്ള ഴോണറുകൾ കൂടിക്കുഴഞ്ഞ ഒരു വിചിത്രസങ്കരം എന്ന് വേണമെങ്കിൽ ജനൂസ് മുഹമ്മദ് എഴുതിയ സ്‌ക്രിപ്റ്റിനേയും ‘നയൻ’ എന്ന സിനിമയെയും വിശേഷിപ്പിക്കാം.

ആൽബർട്ട് എന്ന ആസ്‌ട്രോ ഫിസിസിസ്റ്റ് ആയ അച്ഛന്‍റെയും ആദം എന്ന കുരുത്തംകെട്ട മകന്‍റെയും കഥയാണ് പ്രാഥമികമായി നയൻ. ആദം ജനിച്ചപ്പോൾ തന്നെ അമ്മയായ ആനി മരിച്ചു പോകുകയായിരുന്നു. ആദമിനെക്കൊണ്ട് പൊറുതിമുട്ടി ജീവിക്കുകയാണ് ആൽബർട്ട് എന്ന് പറയാം. അതിനിടയിലേക്കാണ് ഏതോ അന്യഗ്രഹത്തിൽ നിന്ന് അടർന്ന് മാറിയ ഒരു വാൽനക്ഷത്രം സൗരയൂഥത്തിനരികിലൂടെ കടന്നു പോവുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഭൂമി കാത്തിരിക്കുന്നത്. കോമറ്റ് ഭൂമിയോട് ഏറ്റവും അടുത്തു കൂടി കടന്നു പോവുന്ന ഒമ്പത് ദിനങ്ങളിൽ ഉണ്ടാവുന്ന സങ്കീർണതകൾ വളരെ ഏറെയാണ്. പ്രൊഫഷണലി അതേക്കുറിച്ച് പഠിക്കാൻ ഹിമാലയൻ താഴ്‌വരയിലേക്ക് പോകുന്ന ആൽബി മകനെയും കൂടെക്കൂട്ടുന്നതും ആ ഒമ്പത് ദിനങ്ങളിൽ അവർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുമാണ് ‘9’ എന്ന സിനിമ.

തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹമാണ് സിനിമയുടെ പോക്ക്. അതു കൊണ്ടുതന്നെ സ്ക്രിപ്റ്റ് ഒടുവിലെത്തുമ്പോൾ പ്രേക്ഷകനെ നന്നായി കൺഫ്യൂഷനിൽ ആഴ്ത്തുന്നുണ്ട്. ക്ലൈമാക്സ് കഴിഞ്ഞിട്ടു പോലും ‘ഇവ’ എന്ന ക്യാരക്ടറിന്റെ അസ്തിത്വം പ്രേക്ഷകന് വിട്ടുകൊടുക്കുകയാണ്. പക്ഷേ, മേക്കിങ്വൈസ് നോക്കിയാൽ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ െവച്ച് ഏറ്റവും മൂല്യമേറിയ പ്രോഡക്ട് ആണ് നയൻ എന്ന് നിസ്സംശയം പറയാം.
മലയാള സിനിമ കാണാത്ത തരം ഫ്രെയിമുകളാണ് പടത്തിൽ ഉടനീളം. മണാലിയുടെയും സ്പിത്തി വാലിയുടെയും സൗന്ദര്യം കൊതിപ്പിക്കും വിധമാണ് അഭിനന്ദ് രാമാനുജത്തിന്‍റെ കാമറയിൽ പകർത്തിയിരിക്കുന്നത്. ശേഖർ മേനോന്‍റെ ബി.ജി.എമ്മും വേറെ ലെവൽ.

ആദം എന്ന പത്തുവയസുകാരന്റെ വിഹ്വലതകൾ അലോക് കൃഷ്ണ എന്ന ബാലനടൻ ഗംഭീരമാക്കിയിരിക്കുന്നു. ആൽബർട്ടിന്റെയും അച്ഛന്റെയുമായി ഇരട്ട റോളുകളിൽ വരുന്ന പൃത്വിരാജ് മുക്കാൽ ഭാഗത്തോളം മാർവലസ് എന്നു പറയാവുന്ന വിധത്തിൽ പടത്തെ കൊണ്ടുപോവുകയും അന്ത്യഭാഗങ്ങളിൽ തന്റെ സ്ഥിരം നാടകീയത പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കഥാപാത്രം ആവശ്യപ്പെട്ടിട്ടാവുമെന്ന് കരുതി ക്ഷമിക്കാം. ഗോദാ ഫെയിം വാമിഖാ ഗാബിയും പ്രകാശ് രാജുമാണ് പടത്തിന്ന് ഗാഭീര്യമേറ്റുന്ന രണ്ടുപേർ .ആനിയായി മമ്തയുണ്ട്. ഷാൻ റഹ്മാൻറെ ഒരു പാട്ടുമുണ്ട്.

9 പോലൊരു സിനിമ ഒരു ബ്ലോക്ക് ബസ്റ്ററായി സ്വീകരിക്കാനും മാത്രം ഇവിടത്തെ മുഖ്യധാരാ സിനിമാ പ്രേക്ഷകർ പരുവപ്പെട്ടിട്ടുണ്ടോ എന്നത് വരും ദിനങ്ങളിൽ തെളിയിക്കപ്പെടേണ്ട സംഗതി ആണ്. പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ലോക നിലവാരത്തിലേക്കുള്ള ഒരു സ്റ്റെപ്പ് എന്ന നിലയിൽ പടത്തെ വിജയകരമായ ഒരു ഉദ്യമം എന്ന് വിലയിരുത്താം. സംവിധായകൻ എന്ന നിലയിൽ ജനൂസിനും അഭിമാനിക്കാം.