Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകായംകുളം കൊച്ചുണ്ണി...

കായംകുളം കൊച്ചുണ്ണി എൻറർടൈനറാണ്.. REVIEW

text_fields
bookmark_border
കായംകുളം കൊച്ചുണ്ണി എൻറർടൈനറാണ്.. REVIEW
cancel

കെട്ടുകഥകളിലൂടെയും വാമൊഴികളിലൂടെയും ഇതിഹാസമാനം കൈവന്ന തസ്കര നായകനാണ് കായംകുളം കൊച്ചുണ്ണി. മലയാളികളുടെ റോബ ിൻഹുഡ്. സമ്പന്നരിൽ നിന്ന് അപഹരിച്ച സമ്പത്തും മുതലുകളും പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും വീതിച്ചുനൽകുന്ന സോഷ്യലിസമാണ് കൊച്ചുണ്ണിയെ ജനപ്രിയനാക്കിയത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല ആണ് മിത്തായി മാറിയ കായംകുളം കൊച്ചുണ്ണി എന്ന വീരപുരുഷനെക്കുറിച്ച് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സോഴ്സ്. അതേ ഐതിഹ്യമാലയെ അവലംബമാക്കി ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമ ‘കായംകുളം കൊച്ചുണ്ണി’ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് കേരളത്തിലെ 359 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

ഒൻപതുമണിക്കുള്ള ഫാൻസ് ഷോ ആണ് കണ്ടത്. നിവിൻ പോളി ആരാധകരുടെ ബാൻഡ് വാദ്യവും ഉൽസവമേളവും തിയേറ്ററിന് നല്ല ആംബിയൻസ് നൽകി. ഒക്ടോബർ 11 എന്ന ഇന്ന് നിവി​​​​​െൻറ പിറന്നാൾ കൂടി ആണ് എന്നതും പടം തുടങ്ങുന്നതിന് മുൻപ് ബർത്ത്ഡേ വിഷസോടെ ‘മിഖായേലി’ന്റെ ടീസർ കാണിച്ചു എന്നതും ആരാധകരുടെ ആവേശത്തെ എവറസ്റ്റിലേക്ക് കയറ്റി... കായംകുളം കൊച്ചുണ്ണി പോലൊരു പടം കാണാനിരിക്കുമ്പോൾ തിയേറ്റർ ആംബിയൻസും നിർണായകമാണല്ലോ..

45കോടി ബഡ്ജറ്റിലാണ് ഗോകുലം ഗോപാലൻ കൊച്ചുണ്ണി നിർമ്മിച്ചിരിക്കുന്നത്. ബഡ്ജറ്റിന് ഉതകുന്ന ഗാംഭീര്യത്തോടെ തന്നെ പടം തുടങ്ങുന്നു. എ.ഡി. 1830 ആണ് കാലഘട്ടം. മോഷ്ടാവായ കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റാനുള്ള തിരുവിതാംകൂർ മഹാരാജാവ് ഉത്രം തിരുനാളിന്റെ കൽപന വായിച്ച്, അതിനുള്ള നടപടികൾ തുടങ്ങുന്നതാണ് ഓപ്പണിംഗ് ഷോട്ട്.. തുടർന്ന് കൊച്ചുണ്ണിയുടെ മാസ് ഇൻട്രോ.. പിന്നീട് തീർത്തും രേഖീയമായി ആ ജീവിതം സ്ക്രീനിൽ കാണാനാവുന്നു..

മനസ്സിൽ തൊടുന്ന ഒരു ബാല്യകാലം, നിഷ്കളങ്കമായ ഒരു കൗമാരം, പ്രണയം, കുസൃതികൾ, ചതിക്കപ്പെടുന്ന യൗവനം..എന്നിങ്ങനെ നിവിൻ പോളിയുടെ സെയ്ഫ് സോണിന് ഉതകുംവിധമാണ് ഫസ്റ്റ് ഹാഫ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരു ചരിത്രപുരുഷനൊന്നുമായല്ലാതെ നിവിൻപോളി കഥാപാത്രമായിട്ടാണ് ഈ ഘട്ടത്തിൽ കൊച്ചുണ്ണി മുന്നോട്ടുപോവുന്നത്. അതിനിടയിൽ നോറാ ഫെച്ചി എന്ന മൊറോക്കോകാരിയുടെ കിടിലനൊരു ഐറ്റം ഡാൻസും തിരുകിക്കേറ്റിയിട്ടുണ്ട്. അങ്ങനെ ഒടുവിൽ കൊച്ചുണ്ണി ഒരു വൻ പ്രതിസന്ധിയിലെത്തുമ്പോൾ ‘ഇത്തിക്കര പക്കി’ അവതരിക്കും.. അതാണ് ഇന്റർവെൽ പഞ്ച്.

ആരാധകരെ അർമാദിപ്പിക്കും വിധം പൂണ്ട് വിളയാടുകയാണ് തുടർന്നങ്ങോട്ട് പക്കിയിലൂടെ മോഹൻലാൽ. സെക്കന്റ് ഹാഫിന്റെ ആദ്യ ഇരുപത്തഞ്ച് മിനിറ്റ് പക്കിയുടെ തിമിർക്കലാണ്. അതുകഴിഞ്ഞ് പക്കി വിരമിക്കുമ്പോഴേക്കും‌ം നിവിൻ പക്കിയുടെ റെയ്ഞ്ചിലേക്കുയർന്ന് പടത്തെ സ്വന്തം തോളിലെടുക്കും.. ക്ലൈമാക്സിലെത്തുമ്പോൾ ബാബു ആന്റണിയുടെ ഒരു ഹെവി സപ്പോർട്ട് കൂടിയാവുമ്പോഴേക്കും കളറായിത്തന്നെ ഒരു നിർണായകമുഹൂർത്തത്തിൽ കർട്ടൻ വീഴുന്നു. സീറ്റിൽ നിന്നെണീക്കുമ്പോഴും തിയേറ്റർ വിടുമ്പോഴും വന്നതിനേക്കാൾ എനർജി ലെവൽ കൂടുതൽ തന്നെയായിരുന്നു എന്നതിനാൽ പടം എന്നെ സംബന്ധിച്ച് ഒരു എൻറർടൈനർ ആണ്. ഒപ്പം കണ്ട മാസിനും അങ്ങനെത്തന്നെ എന്ന് ഫീൽ ചെയ്തു.

ഇനി അതെല്ലാം കഴിഞ്ഞുവന്ന് റിവ്യു എഴുതാനിരിക്കുമ്പോൾ, സിനിമയും സ്ക്രിപ്റ്റും ഉള്ളടക്കവും ചരിത്രത്തോടോ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തോടോ ആ കാലഘട്ടത്തോടോ നീതിപുലർത്തിയിട്ടുണ്ടോ എന്ന് ഇഴകീറി നോക്കുമ്പോൾ പ്രശ്നങ്ങൾ ധാരാളമായി പൊങ്ങിവരുന്നത് കാണാം. സിനിമയിൽ കാണുന്ന യാതൊരു വർണപ്പൊലിമയും സന്നാഹങ്ങളും കൊച്ചുണ്ണി ജീവിച്ചിരുന്ന 1800കളുടെ ആദ്യപാദത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിന് ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. പക്കിയുടെ കോസ്റ്റ്യൂമൊക്കെ കണ്ട് നെഞ്ച് പൊട്ടി വിതുമ്പുന്ന ഒത്തിരി ശുദ്ധഗതിക്കാരെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടപ്പോൾ മുതൽ കേരളത്തിൽ കാണുന്നുണ്ട്. അത്തരക്കാർ തിയേറ്ററിന്റെ വഴിയെ പോവാതിരിക്കുന്നതാവും ബുദ്ധി. സിനിമ അഭിസംബോധന ചെയ്യുന്നത് വിജ്ഞാനകവചങ്ങളും അക്കാഡമിക് കുണ്ഡലങ്ങളുമില്ലാത്ത സാദാ പ്രേക്ഷകരെ ആണ്. അവർക്കുവേണ്ട കമ്മട്ടത്തിലേക്ക് ഒരു മാസ് ഹീറോ ആയി കൊച്ചുണ്ണിയെ പരുവപ്പെടുത്തി എന്നതേ ഉള്ളൂ.. മുമ്പ്​ പഴശിരാജയിലും ഉറുമിയിലുമൊക്കെ ഇതേ ഗിമ്മിക്ക് കണ്ടിട്ടുണ്ട്. സാങ്കേതികതയുടെ കാര്യത്തിൽ പഴശിരാജയെക്കാളും ബഹുദൂരം മുന്നിലും ഉറുമിയെക്കാൾ താഴെയുമായിട്ടാണ് കൊച്ചുണ്ണിയെ എനിക്ക് ആസ്വദിക്കാനായത്. ആസ്വാദ്യതയുടെ കാര്യത്തിലും അങ്ങനെ തന്നെ. മികച്ച സ്ക്രിപ്റ്റുകളെഴുതി കൊതിപ്പിക്കാറുള്ള ബോബി സഞ്ജയ് ടീമിന്റെ ആവറേജ് വർക്ക് മാത്രമാണ് കൊച്ചുണ്ണി.

പരിമിതികൾ ഒട്ടേറെയുള്ള നിവിന് കിട്ടിയ ഏറ്റവും ഹെവി ക്യാരക്റ്റർ ആയ കൊച്ചുണ്ണിയെ മോശം പറയിപ്പിക്കാതിരിക്കാൻ റോഷൻ ആൻഡ്രൂസ് തന്നാലാവുന്ന വിദ്യകളെല്ലാം പ്രയോഗിച്ചിട്ടുണ്ട്. തുറന്ന മനസുമായി കാണാനിരുന്നാൽ മോശമായെന്ന് എവിടെയും പറയിപ്പിക്കാത്ത രീതിയിൽ നിവിൻ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്തതായി കാണാം. കുറവുകൾ കാണാനായി പോയാൽ അതും കാണാം. പക്കിയുടെ കാര്യവും അങ്ങനെ തന്നെ. കൊച്ചുണ്ണിയുടെ മാത്രമല്ല പടത്തിന്റെ കൂടി സ്റ്റാമിന കൂട്ടാനാവുന്നു മോഹൻലാലിന്. അമിതാഭിനയം ആരോപിക്കേണ്ടവർക്ക് അതിനും പഴുതുകളുണ്ട്. സമാനവയസ്കരായ കൊച്ചുണ്ണിയും പക്കിയുമെങ്ങനെ നിവിനും മോഹൻലാലുമായി എന്നൊന്നും ചോദിച്ചാൽ ‘കഥയിൽ ചോദ്യമില്ലാ’യെന്നേ ഉത്തരമുള്ളൂ..

പ്രതിനായകൻ കേശവനായി സണ്ണിവെയിനും ഗുരുക്കൾ ബാബു ആന്റണിയും നായിക പ്രിയാ ആനന്ദുമാണ് മറ്റു പ്രധാനികൾ.. അഭിനയിച്ചവരുടെ പേര് മൊത്തമെഴുതിയാൽ ഒരു പാരഗ്രാഫ് അതിനുതന്നെ വേണ്ടി വരും.. ബാബു ആന്റണിയ്ക്ക് പഴയ കാല ആരാധകരെക്കൊണ്ട് ഒന്നുകൂടി കയ്യടിപ്പിക്കാനായി എന്നത് വളരെക്കാലത്തിനു ശേഷമുണ്ടായ ഒരു നേട്ടം തന്നെ. സാങ്കേതികമേഖലകളെല്ലാം ബഡ്ജറ്റിനോട് നീതിപുലർത്തുംവിധം ഗംഭീരമായിട്ടുമുണ്ട്.

ആകെ മൊത്തത്തിൽ കൺക്ലൂഡ് ചെയ്തുപറഞ്ഞാൽ ആസ്വദിക്കണമെന്ന് കരുതി കയറുന്നവന് അങ്ങനെയും വിമർശിക്കാാനൊരുങ്ങി ടിക്കറ്റെടുക്കുന്നവന് ആ വകയിലുള്ളതും ആവോളമുണ്ട് കായംകുളം കൊച്ചുണ്ണിയിൽ. എങ്ങനെ പോവണമെന്നത് അവനവ​​​​​െൻറ മാത്രം ഓപ്ഷനാണ്. ഹോട്ടലാണെന്നും പറഞ്ഞ് ബാർബർ ഷോപ്പിൽ കേറിയാൽ ബിരിയാണി പോയിട്ട് സുലൈമാനി പോലും കിട്ടൂല്ല. റോഷൻ ആൻഡ്രൂസിന് ഇത്രയൊക്കെയേ കഴിയൂ..

Show Full Article
TAGS:Kayamkulam Kochunni Film Review malayalam film news malayalam film review 
News Summary - kayamkulam kochunni film review
Next Story