‘പടയോട്ടം’ ചരിത്രത്തോട് നീതി പുലർത്തിയോ?
text_fields‘പടയോട്ടം’ എന്ന പേര് മലയാള സിനിമാ ചരിത്രത്തിൽ എന്നല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ഒന്നാണ്. അലക്സാണ്ടർ ഡ്യൂമാസിെൻറ "ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ"യെ അവലംബമാക്കി 1982ൽ ജിജോ സംവിധാനം ചെയ്ത ഇൻഡ്യയിലെ ആദ്യത്തെ 70 എം.എം സിനിമയായ പടയോട്ടത്തെ അക്ഷരം തെറ്റാതെ തന്നെ ക്ലാസ്സിക് എന്ന് വിളിക്കാം. ഒരിക്കലെങ്കിലും കണ്ടവർക്ക് എത്ര പതിറ്റാണ്ട് കഴിഞ്ഞാലും മറക്കാൻ പറ്റാത്ത 'പടയോട്ട'ത്തിെൻറ അതേ പേരുമായി 36 കൊല്ലങ്ങൾക്കിപ്പുറം മറ്റൊരു പടം വരുമ്പോൾ അതിൽ മലയാളികൾക്ക് കൗതുകമുണ്ടാവുക സ്വാഭാവികമാണ്. ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന ആ പേരിനെ കോഞ്ഞാട്ടയാക്കിക്കളഞ്ഞോ എന്നറിയാനുള്ളൊരു ആകാംക്ഷയും കാണും. ഭാഗ്യമെന്ന് പറയട്ടെ, പുതിയ 'പടയോട്ടം' ഒരു മോശം നിർമ്മിതിയല്ല.
മാസ് ഗെറ്റപ്പിലുള്ള ബിജു മേനോെൻറ കട്ടത്താടിയും തിരുവനന്തപുരം പഞ്ച് ഡയലോഗുമൊക്കെ പോസ്റ്ററിൽ കാണുമെങ്കിലും റഫീക്ക് ഇബ്രാഹിം എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയിരിക്കുന്ന 'പടയോട്ടം' ഗ്യാംങ്സ്റ്റർ കോമഡി വിഭാഗത്തിൽ പെടുന്ന ശുദ്ധഹാസ്യമാണ്. ഈ ഴോണറിൽ മലയാളത്തിൽ ഇറങ്ങിയതിൽവെച്ച് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന പടത്തിെൻറ തിരക്കഥ ഒരു പരിധിവരെ ഫ്രെഷാണ്. സ്ക്രിപ്റ്റ് എഴുത്തുകാരായ അരുൺ, അജയ്, സോനു എന്നിങ്ങനെ മൂന്നു പേർക്കു കൂടിയാണ് അതിന്റെ ക്രെഡിറ്റ്.
കലിപ്പ് തിരുവനന്തപുരം ഡയലോഗുകളും ഡാർക്ക് ടോണുകളും ആക്രിക്കടയുടെ പശ്ചാത്തലവുമായിട്ടാണ് പടം തുടങ്ങുന്നത്. പൂളാൻ കൊണ്ടു വന്നിടത്ത് നിന്ന് പിങ്കു എന്ന കച്ചറപ്പയ്യനെ സേനനും രഞ്ജുവും ശ്രീനിയും കൂടി രക്ഷിക്കുന്ന ഓപ്പണിങ് ഫ്രെയിമൊക്കെ കിടുവാണ്. പടം അപ്പോഴേ കോമഡിയുടെ ട്രാക്കിലേക്ക് ഗിയർ തട്ടിയിട്ട് സേനെൻറ ജിംനേഷ്യത്തിലേക്കും മേൽ കഥാപാത്രങ്ങളുടെ അനുബന്ധചര്യകളിലേക്കും നീങ്ങുന്നു.
കാമുകി തേച്ചിട്ട് പോയതിെൻറ വെരകലിൽ കൂട്ടുകാരോടൊപ്പം വെള്ളമടിച്ച് പഴുത്ത പിങ്കു ബൈക്കെടുത്ത് സിഗററ്റ് വാങ്ങാൻ പോയപ്പോൾ സംഭവിച്ച (അവനു മാത്രമറിയാവുന്ന) ഒരു അനിഷ്ട സംഭവത്തെ തുടർന്ന് ആശുപത്രിയിലാവുന്നതോടെ സീൻ കട്ടക്കലിപ്പാവുന്നു. കാരണക്കാരനായവെൻറ ഫോട്ടോ പിങ്കു കൈക്കലാക്കിയ ടിയാെൻറ ഫോണിെൻറ സ്ക്രീൻ സേവറിലുണ്ട്. അവനെ പൊക്കാനുള്ള കൂട്ടുകാരുടെ ദീർഘയാത്രയാണ് പിന്നീട്. പടം അതോടെ പടയോട്ടവും റോഡ് മൂവിയുമായി പരിണമിക്കുന്നു.

മാസ് ടെറർ ലുക്കും സൈക്കോ എന്ന് വിളിപ്പേരും സാധാരണ മനുഷ്യേൻറതായ എല്ലാവിധ ജീവിത പ്രശ്നങ്ങളുമുള്ള ചെങ്കൽരഘുവായി ബിജുമേനോൻ പൂണ്ടുവെളയാടുകയാണ്. ഭാവങ്ങളിലും ചലനങ്ങളിലും രഘു മാത്രമേ ഉള്ളൂ, മേനോൻ ഒട്ടും തന്നെ പ്രത്യക്ഷനല്ല. രഘുവും അമ്മയും തമ്മിലുള്ള ഊഷ്മളസ്നേഹമാണ് പടത്തിെൻറ മറ്റൊരു ഹൈലൈറ്റ്. തിരുവനന്തപുരം അമ്മയായി എപ്പോഴും തിളങ്ങാറുള്ള സേതുലക്ഷ്മിയുടെ ഗംഭീരമായ പ്രകടനമാണ് ചെങ്കൽ രഘുവിനെക്കൂടി മോസ്റ്റ് ലവ്വബിൾ ആക്കാൻ ഉൾപ്രേരകമായി വർത്തിക്കുന്നത്.


അപ്രതീക്ഷിതമായ ക്ലൈമാക്സ് ട്വിസ്റ്റോടെ തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ടിക്കറ്റ് എടുത്ത് കേറിയപ്പോൾ ഉള്ളതിനേക്കാൾ എനർജി ലെവൽ മുകളിലേക്ക് ഉയരുന്നുണ്ട്. ഇറങ്ങുമ്പോഴും ആ പൊട്ടിച്ചിരികൾ ആനന്ദമായി ഉള്ളിൽ ബാക്കി നിൽക്കുന്നുമുണ്ട്. ആയതിനാൽ, റഫീക്ക് ഇബ്രാഹിമിന് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഒരു പക്ഷെ, ചെങ്കൽ രഘു പറയുമ്പോലെ മലയാളികൾ എടുത്ത് ഉടുത്തേനെ..; പടയോട്ടം എന്ന പേര് ദുരുപയോഗപ്പെടുത്തിയതിന്!!