വടിവാളു കൊണ്ടെഴുതുന്ന രുധിര ഖണ്ഡകാവ്യം
text_fields'അൻപുവിൻ ഉയിർച്ചി-വടചെന്നൈ-2' എന്ന് രണ്ടാം ഭാഗത്തിന്‍റെ ടൈറ്റിൽ എഴുതിക്കാണിച്ചു കൊണ്ടാണ് 166 മിനിറ്റ് നേരമുള്ള, വെറ്റ്രിമാരന്‍റെ ഗ്യാംഗ്സ്റ്റർമൂവി, 'വടചെന്നൈ'ക്ക് തിരശീല വീഴുന്നത്. മൂന്നു ഭാഗങ്ങളുള്ള വടചെന്നൈ ട്രിലജിയുടെ ആദ്യഭാഗം ധനുഷിന്‍റെ ക്യാരക്റ്ററായ അൻപുവിന്‍റെ ഉയർച്ചക്ക് പശ്ചാത്തലമൊരുക്കുക മാത്രമായിരുന്നു രണ്ടേമുക്കാൽ മണിക്കൂറിൽ സംവിധായകൻ ചെയ്തത് എന്നർഥം. വളരെ പതിഞ്ഞ താളത്തിൽ മൂന്നു ഖണ്ഡങ്ങളായൊരുക്കിയിരിക്കുന്ന ഈ ആദ്യ ഭാഗത്തിൽ 'രാജൻ, അൻപ്, മരണം' എന്ന മൂന്നാം ഖണ്ഡത്തിലെത്തുമ്പോഴാണ് പടം ഗ്യാംഗ്സ്റ്റർ മൂവിയുടെ ടെമ്പറിലേക്കെത്തുന്നതും.
വടചെന്നൈ എന്നാൽ ചെന്നൈ നഗരത്തിലെ കൂവമാറ്റിന് വടക്കുള്ള പ്രദേശങ്ങളാണ്. കടലോരവും തെരുവുകളും പ്രാദേശികമായ ഭാഷാ വൈവിധ്യങ്ങളും രാഷ്ട്രീയവുമെല്ലാം സൂക്ഷ്മമായി ഫോളോ ചെയ്തു കൊണ്ട് വളരെ ഡീറ്റൈൽഡ് ആയിട്ടാണ് വെറ്റിമാരൻ വടചെന്നൈയുടെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. അധ്യായങ്ങളായ് അടുക്കിയിരിക്കുന്നതും നോൺലീനിയർ നരേഷനും സാധാരണ പ്രേക്ഷകന്‍റെ ആസ്വാദനത്തിന് ഭംഗമേകുന്നുണ്ടെങ്കിലും തുടർന്നുള്ള ഭാഗങ്ങൾ കൂടി വരുന്നതോടെ ഈ മെയ്ക്കിങ് ബ്രില്യൻസ് കൾട്ട് സ്റ്റാറ്റസിലേക്കെത്താൻ സാധ്യതയേറെയുണ്ട്.

ഗ്യാംഗ്സ് ഓഫ് വസീപ്പൂർ, കമ്മട്ടിപ്പാടം, പുതുപ്പേട്ടൈ, രക്തചരിത്ര എന്നീ സിനിമകളോടൊക്കെ സാമ്യമുള്ള ഉള്ളടക്കവും ആഖ്യാനവും തന്നെയാണ് വടചെന്നൈയുടേതും. ഡാർക്ക്നെസ് ആണ് അതിന്‍റെ ബേസിക് ടോൺ. ചോരയുടെ ചൂരുണ്ട് ഫ്രെയിമുകൾക്ക്.1987, 2000, 1991 എന്നിങ്ങനെയുള്ള വർഷങ്ങളിലായിട്ടാണ് സിനിമയുടെ ദൃശ്യങ്ങൾ പ്രേക്ഷകന്‍റെ മുന്നിലെത്തുന്നത്.
1987ൽ നടക്കുന്ന ഒരു കൊലപാതകത്തെ തുടർന്ന് കൊലയാളികൾ ജയിലിലെത്തുന്നതും അവിടെ നടക്കുന്ന സംഭവങ്ങളുമായിട്ടാണ് സിനിമ പുരോഗമിക്കുന്നത്. ധനുഷിന്‍റെ അൻപിന് പുറമെ ഗുണ, തമ്പി, സെന്തിൽ, പദ്മ, വേൽ എന്നിങ്ങനെയുള്ള ക്യാരക്റ്ററുകളെയാണ് ഈ ഭാഗത്ത് സജീവമാക്കുന്നത്. മരിച്ചത് ആരെന്ന് കാണിക്കുന്നുമില്ല. കഥാപാത്രങ്ങളും സംഭവങ്ങളും തുരുതുരാ പിന്നീട് വന്നു ചേരുമ്പോൾ തെല്ലൊന്ന് കൺഫ്യൂഷാാകും. പക്ഷെ, മൂന്നാം ഖണ്ഡത്തിൽ രാജനും ചന്ദ്രയും വരുന്നതോടെ സ്ക്രിപ്റ്റിന്‍റെ ഗിയർ മാറുന്നു.

ഒന്നാം ഭാഗത്തിന്‍റെ താരങ്ങൾ രാജനും ചന്ദ്രയും ആണ്. പരുത്തി വീരൻ സംവിധായകനായ അമീർ സുൽത്താൻ നടനെന്ന നിലയിൽ കിടുക്കുകയാണ് രാജനായി. കമ്മട്ടിപ്പാടത്തിലെ ബാലേട്ടന് സമാനമായ കഥാപാത്രം. രാജന്‍റെ ഭാര്യ ചന്ദ്രയാകട്ടെ ആൻഡ്രിയ ജെർമിയ എന്ന നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസാണ്. "നാൻ എന്ന.. തേവിടിയാൾ എൻട്രു നെനച്ചെയാ..." എന്ന ആൻഡ്രിയയുടെ ഡയലോഗിന് കിട്ടിയ അത്രക്ക് കനത്ത കൈയ്യടി മറ്റൊരവസരത്തിലും തിയേറ്ററിൽ നിന്നും ഉയർന്നില്ല. ജയിലിൽ തടവുകാർക്ക് സിനിമ കാണിച്ചു കൊടുക്കുമ്പോൾ ബാഷയെയും രജനികാന്തിനെയും ഫുൾസ്ക്രീനിൽ കാണിക്കുമ്പോൾ നിറയെ തമിഴന്മാരുള്ള തിയേറ്ററിൽ പ്രതികരണം ശോകമായിരുന്നു എന്നതും പറയേണ്ടിയിരിക്കുന്നു.
സമുദ്രക്കനി, ഡാനിയൽ ബാലാജി, കിഷോർ എന്നിവരാണ് യഥാക്രമം ഗുണ, തമ്പി, സെന്തിൽ എന്നിവർ. വിഗ്ഗ് വച്ച കിഷോർ വേറെ ലെവലാണ്. ഇവരുടെയൊക്കെ വിശ്വരൂപം അടുത്ത ഭാഗങ്ങളിൽ കാണാനിരിക്കുന്നേ ഉള്ളൂ. ഐശ്വര്യ രാജേഷ് ആണ് അൻപുവിന്‍റെ നായികയായ പദ്മ. അധികം സ്ക്രീൻ സ്പെയ്സ് ഒന്നുമില്ലെങ്കിലും ഡാർക്ക് മൂഡിലുള്ള ടോട്ടാലിറ്റിക്കിടയിൽ പ്രണയവും പെണ്ണു കാണലുമൊക്കെ റിലാക്സേഷൻ ആണ്. ജീവനില്ലാത്ത ക്യാരക്റ്ററുകൾ ഒന്നും തന്നെയില്ല സിനിമയിൽ.

ഴോണറിന് അനുഗുണമല്ലാത്ത കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ മസാല ചേരുവകളെയോ ഒന്നും തന്നെ തിരുകിക്കയറ്റിയിട്ടില്ല എന്നതാണ് വടചെന്നൈയിൽ വെറ്റിമാരൻ കാണിക്കുന്ന മെയ്ക്കിങ് ബ്രില്യൻസ്. വേൽ രാജിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവുമെല്ലാം പക്കാ ഫിറ്റ്. പൊല്ലാതവനിലൂടെ വരവറിയിക്കുകയും ആടുകളത്തിലൂടെ ധനുഷിന് നാഷണൽ അവാർഡ് വിന്നിങ് ക്യാരക്റ്ററിനെ സമ്മാനിക്കുകയും വിസാരണൈയിലൂടെ ഒസ്കാറിലേക്കുള്ള ഇൻഡ്യൻ നോമിനേഷൻ സ്വന്തമാക്കിയ വെറ്റിമാരന്‍റെ ടറാന്‍റിനോ പടയോട്ടം തന്നെയാവും വടചെന്നൈയുടെ അടുത്ത ഇൻസ്റ്റാൾമെന്‍റുകൾ എന്ന് പ്രതീക്ഷിക്കാം.