കരകാണാക്കടലല മേലേ...
text_fields‘നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തതെന്താണ് വിജയാ’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’... ‘നാടോടിക്കാറ്റി’ലെ ദാസനെയും വിജയനെയും ഓർമയില്ലേ... പശുവിനെ വിറ്റ് ഗൾഫിലേക്ക് പോകാൻ ഏജന്റായ ഗഫൂറിന് പൈസയും കൊടുത്ത് അവസാനം മദിരാശിയിൽ കൊണ്ടിറക്കി ചതിക്കുന്ന രംഗം ഏതൊരു മലയാളിയുടെയും മനസ്സിലുണ്ടാകും. ദാസന്റെയും വിജയന്റെയും ഗൾഫ്സ്വപ്നങ്ങൾ തിരശ്ശീലയിൽ നാമറിഞ്ഞത് ഒരു പക്ഷേ ‘കരകാണാക്കടലല മേലേ’ എന്ന ജനപ്രിയ ഗാനത്തിലൂടെയായിരുന്നു.
കേരളത്തിലെ സമ്പദ് ഘടനയെ ശക്തമായി സ്വാധീനിക്കുന്ന സാമ്പത്തിക സ്രോതസ്സായിരുന്നു ഗൾഫ്. ഓരോ മലയാളിയും ഗൾഫിലേക്ക് പോകാൻ മനസ്സുകൊണ്ട് വെമ്പി. കേരളത്തിൽ രൂക്ഷമായിത്തുടങ്ങിയ തൊഴിൽ രാഹിത്യത്തിന്റെ അടയാളങ്ങൾ ‘നാടോടിക്കാറ്റി’ൽ നാം കണ്ടു. ഡൽഹിയിലെ കൊടുംചൂടിൽ നിന്ന ഒരു സന്ദർഭത്തെക്കുറിച്ച് സുഗതകുമാരി ടീച്ചർ ഒരിക്കൽ എഴുതിയതോർക്കുന്നു. കടുത്ത ചൂടിൽ കുളിരലപോലെ വന്ന ഒരു പാട്ടിനെക്കുറിച്ചായിരുന്നു പരാമർശം.
‘‘കൊടും ചൂടിൽ കരിക്കിൻ വെള്ളം മോന്തിക്കുടിക്കും പോലെ ഞാൻ ആ പാട്ട് നിറയെ കോരിക്കുടിച്ചു. കടൽക്കാറ്റ് തലോടുംപോലെ ആ പാട്ട് എന്നെ അണച്ചു തഴുകി. ഡൽഹി നഗരത്തിന്റെ ചൂടും പൊടിക്കാറ്റുമെല്ലാം എങ്ങോ പോയ് മറഞ്ഞു. തെങ്ങുകളുടെ തിരയടിക്കുന്ന പച്ചപ്പ് കണ്ണിൽ വന്നു നിറഞ്ഞു. നിറഞ്ഞ പച്ച വയലുകൾ ഓളം തല്ലി. അറബിക്കടൽ അലയിളകി എന്നെ വാരിപ്പുണരുകയായിരുന്നു. ആഹ്ലാദംകൊണ്ട്, ആശ്വാസംകൊണ്ട് ഞാൻ തേങ്ങിത്തേങ്ങി കരഞ്ഞുപോയി. ഓരോ വാക്കും അനുഗ്രഹംപോലെ, പൂവുപോലെ എന്റെ നെറുകയിൽ വന്ന് തൊട്ടു തണുപ്പിക്കുകയുണ്ടായി.’’
സ്വന്തം നാട്ടിൽ എത്തിയ അനുഭവം ടീച്ചറിൽ ഉണ്ടാക്കിയ പാട്ട് വേറൊന്നുമല്ല. പി.ബി. ശ്രീനിവാസ് പാടിയ ‘മാമലകൾക്കപ്പുറത്ത്’ എന്ന ഗാനം. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പാട്ട്. ഉത്തരേന്ത്യൻ പട്ടാളക്യാമ്പിൽ ഒരു മലയാളി പാടുന്ന ഈ പാട്ടിൽ സ്വന്തം നാടിന്റെ പ്രകൃതിയും വീടും പ്രാണസഖിയുമെല്ലാമുണ്ട്. ഒരു പക്ഷേ, പ്രവാസി മലയാളിയുടെ ആദ്യഗാനം. അതിൽ വീടിന്നുമ്മറത്ത് വിളക്കും കൊളുത്തി നായകന്റെ വരവും കാത്തിരിക്കുന്ന ഒരു പെണ്ണുണ്ടായിരുന്നു. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന പാട്ടിൽ മദിരാശിയിൽ ചായക്കട നടത്തുന്ന മലയാളിയുണ്ട്. അതിൽ നോമ്പും നോറ്റ് കാത്തിരിക്കുന്ന വാഴക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്.
ഓരോരോ തീവണ്ടിയോടി എത്തുമ്പോഴും മുറ്റത്ത് കാത്തിരിക്കുന്ന ഒരാളുണ്ട്. ‘മാമലകൾക്കപ്പുറത്ത്’ എന്ന പാട്ടിൽ നായകൻ വിഷാദിക്കുന്നതിങ്ങനെയാണ്. ‘മധുരക്കിനാവിന്റെ മായാ വിമാനത്തിൽ മനുഷ്യനെ കൊണ്ടുപോകാൻ കഴിയില്ലല്ലോ.’ നാട്ടിൽനിന്നും പുറപ്പെട്ടുപോകുന്ന കഥകൾ, വേരുകളിൽ നിന്നകലുന്നതിന്റെ വേദനകൾ, തിരികെ വരാനാശിക്കുന്നവന്റെ കനത്തു വിങ്ങിയ വ്യഥകൾ... ഇങ്ങനെ മലയാളികൾ വീടുവിട്ടിറങ്ങിപ്പോയതിന്റെ ചരിത്രം പാട്ടിലാക്കിയിട്ടുണ്ട് പലരും.
പ്രവാസമെന്ന പ്രതിഭാസത്തെ പാട്ടുകൾ പലവിധം പരിചരിച്ചു. ‘വിസ’ എന്ന സിനിമയിലെ ‘സ്വപ്നം പലതും വിറ്റു പെറുക്കി’ എന്ന പാട്ടിൽ പ്രവാസത്തിന്റെ വേദനകൾ മുഴുവനുമുണ്ട്. ‘വരവേൽപ്പ്’ എന്ന സിനിമയിൽ നാട്ടിൽ വന്ന് ബസ് സർവിസ് നടത്തുന്ന മുരളി എന്ന പ്രവാസി മലയാളിയെ ട്രേഡ് യൂനിയനുകൾ പരാജയപ്പെടുത്തുന്നത് നാം കണ്ടതാണ്. ബസ് വാങ്ങിയ സന്തോഷമുഹൂർത്തത്തെ ആഘോഷിക്കാൻ ‘വെള്ളാനപ്പൂമല മേലേ’ എന്ന പാട്ടുണ്ടാകുന്നു. പാട്ടിൽ ആ നാടിന്റെ ഫോക് പാരമ്പര്യം മുഴുവനും വിടരുന്നു. നന്തുണിപ്പാട്ടും പാണന്റെ വരവും കുടമണിക്കേളിയും മറ്റും പ്രവാസിയുടെ ഗ്രാമ്യജീവിതത്തിന് മാറ്റ് കൂട്ടുന്നു.
തൊണ്ണൂറിന്റെ ആദ്യ പാദങ്ങളിൽ ഗൾഫിൽനിന്നുള്ള മടങ്ങിവരവ് കേരളം ഭയന്നിരുന്ന ഒരു സാമൂഹിക യാഥാർഥ്യമായി മാറി. ‘ഗർഷോ’മിലെ പ്രവാസി സ്വന്തം മണ്ണിൽ നേരിടുന്ന അന്യവത്കരണം തീവ്രമായി അവതരിപ്പിക്കുന്നുണ്ട് പി.ടി. കുഞ്ഞിമുഹമ്മദ്. നാസർ എന്ന കഥാപാത്രം ഗൾഫിലുള്ളപ്പോൾ കേട്ട ഗസൽ അയാളുടെ ഓർമകളെ നാട്ടിലേക്ക് കൊണ്ടുപോകുവാൻ സഹായിക്കുന്നു.
‘പറയാൻ മറന്ന പരിഭവങ്ങൾ’ എന്ന ഈ ഗാനം ഏതൊരു പ്രവാസിയുടെയും മനസ്സ് തുറക്കാനുള്ള താക്കോൽകൂടിയായി. ഈ പാട്ടിൽ മരുഭൂമിയുടെ വിശാലതകൾ ചേർന്നുനിന്നു. രാഷ്ട്രീയ പ്രബുദ്ധതയുള്ള പ്രവാസി മലയാളിയായിരുന്നു ‘അറബിക്കഥ’ എന്ന സിനിമയിലുണ്ടായിരുന്നത്. ‘തിരികെ ഞാൻ വരുമെന്ന വാർത്ത’ എന്ന പാട്ട് ഇവിടെ ശ്രദ്ധേയമാകുന്നു. ‘തുഴ പോയ തോണിയിൽ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും’ എന്ന വരിയിൽ നിറയുന്ന വ്യഥകൾ അത്രക്കുണ്ടായിരുന്നു.
‘പെരുമഴക്കാല’ത്തിൽ ഗൾഫ് നിയമങ്ങൾമൂലം കഷ്ടപ്പെടുന്നവരെ കാണാം. കഥാപാത്രമായ റസിയയുടെ കാത്തിരിപ്പിന്റെ പാട്ടാണ് ‘കല്ലായിക്കടവത്ത്’. എം. ജയചന്ദ്രന്റെ പാട്ടാണെങ്കിലും ഇതിൽ ഒരു ബാബുരാജ് ഫ്ലേവറുണ്ട് . ‘ഗദ്ദാമ’യിലെ ‘നാട്ടു വഴിയോരത്തെ’ എന്ന പാട്ട് ഗൾഫിൽ ജോലിക്ക് പോയി കഷ്ടപ്പെടുന്ന അശ്വതി എന്ന കഥാപാത്രത്തിന്റെ നാട്ടോർമകളാണ്. ‘പത്തേമ്മാരി’യിലെ ‘അറബിപ്പൊന്നുരുക്കിയ പോലെ’ എന്ന പാട്ടിലുണ്ട് പ്രവാസാന്തരീക്ഷം. ‘പടിയിറങ്ങുന്നു’ എന്ന പാട്ട് ഒരു പ്രവാസിയുടെ വീട്ടു പടിയിറങ്ങലിനെ സൂക്ഷ്മമായി വരച്ചിടുന്നു. പടി വരെ വന്നെത്തി നോക്കുന്ന പ്രിയ നിലാവുകളും കതകടച്ചു വിതുമ്പി നിൽക്കുന്ന വിരഹ സന്ധ്യകളുമൊക്കെ ഈ പാട്ടിൽ വിഷാദം കൊണ്ടുവരുന്നു.
സിനിമാപ്പാട്ടുകൾക്കപ്പുറം മലബാറിൽ പ്രചാരത്തിലുണ്ടായ കത്തുപാട്ടുകൾ ശ്രദ്ധേയമാണ്. ഗ്രാമഫോണും റേഡിയോയും അതേറ്റുചൊല്ലി. എസ്.എ. ജമീൽ എഴുതി ചിട്ടപ്പെടുത്തി ഗായിക അമ്പിളി പാടിയ ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ്’ എന്ന ‘ദുബായ് കത്ത്’ വലിയ സ്വീകാര്യതയുണ്ടാക്കി. എം.എസ്.വി ടീമിലെ ടി.കെ. രാമമൂർത്തിയാണ് ഈ പാട്ടിലെ വാദ്യവിന്യാസമൊരുക്കിയത്. ഏറനാടൻ യുവാക്കൾ കടൽ കടന്നുപോയ ആദ്യകാലത്തിന്റെ വിരഹ വിധുര സ്മൃതികളുണ്ട് ഈ പാട്ടിൽ. അമ്പിളിയെ വിളിച്ച് ആദ്യം അഭിനന്ദിച്ചത് പ്രേം നസീർ ആയിരുന്നു എന്നത് ചരിത്രം.
പിന്നെയും നിരവധി കത്തുപാട്ടുകൾ ഉണ്ടായി. വി.എം. കുട്ടി എഴുതി ചിട്ടപ്പെടുത്തി ഗായിക ചിത്രയുടെ സഹോദരി കെ.എസ്. ബീന പാടിയ ‘അറബ് നാട്ടിൽ അകലെ’ എന്ന പാട്ട് ഇന്നും പ്രശസ്ത മാണ്. ഇപ്പോൾ നാം തിയറ്ററിൽ കാണുന്ന ‘ആടുജീവിതം’ എന്ന സിനിമയിൽ നജീബ് എന്ന കഥാപാത്രം മണലാരണ്യത്തിൽ അനുഭവിച്ച സമാനതയില്ലാത്ത ദുരിത ജീവിതത്തെ ചിത്രീകരിക്കുവാൻ ബ്ലെസി പാട്ടുകളുടെ സഹായം തേടിയിരുന്നു. എ.ആർ. റഹ്മാന്റെ ഈണം മരുഭൂമിയുടെ സംഗീത സാധ്യതകളെ തൊട്ടുണർത്തുന്നു. ‘പെരിയോനേ റഹ്മാനേ’ എന്ന പാട്ട് മരുഭൂമിയിൽ ഒറ്റപ്പെട്ടവന്റെ നോവുകളെ തീക്ഷ്ണമാക്കുന്നു.
ഒരു പരിധിവരെ പ്രവാസംകൊണ്ട് വളർന്ന നമ്മുടെ സമൂഹത്തിന്റെ അന്തർ ഘടനകൾ വഹിക്കുന്ന എത്രയോ പാട്ടുകൾ നമുക്കുണ്ട്. കത്തുപാട്ടുകൾ ഇല്ലാതായെങ്കിലും സിനിമകളിൽ പ്രവാസ ഗീതികൾ ഇല്ലാതായിട്ടില്ല. അതേസമയം, ബംഗാളിയുടെയും അന്യ സംസ്ഥാനക്കാരുടെയും ഗൾഫായി മാറുകയാണ് കേരളം. ഇതിനെ ആവിഷ്കരിക്കുന്ന സിനിമകളും പാട്ടുകളുമൊക്കെ ഭാവിയിൽ നമ്മെ കാത്തിരിക്കുന്നുണ്ടാവാം.