പാട്ടിന്റെ കറുപ്പഴക്
text_fieldsഗിരീഷ് പുത്തഞ്ചേരി, ഒ.എൻ.വി കുറുപ്പ്, മുല്ലനേഴി, കൈതപ്രം
2025 മാർച്ച് 27ലെ മലയാളത്തിലെ ഒട്ടുമിക്ക ദിനപത്രങ്ങളും കറുപ്പിലും വെളുപ്പിലുമായിരുന്നു പുറത്തിറങ്ങിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം കറുപ്പിലും വെളുപ്പിലുമായി വായനക്കാരിലേക്ക് എത്തിയത്. കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പ്രവർത്തനം കറുപ്പും മുൻഗാമിയും ഭർത്താവുമായ വി. വേണുവിന്റെ വെളുപ്പുമാണെന്ന് താരതമ്യം ചെയ്തുകൊണ്ട് ഒരാൾ നടത്തിയ പരാമർശത്തിലെ വേദനയാണ് ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയി വന്നത്.
കറുപ്പിന് ഏഴഴകാണെന്നാണല്ലോ പണ്ഡിതമതം.
വാർമേഘവർണന്റെ മാറിൽ ഗോപികമാർ മാലകളാകുമെന്നൊക്കെയാണ് കവികളും ഗാനരചയിതാക്കളുമൊക്കെ പറയുന്നത്. കാർവർണന്റെ നിറം മാത്രമല്ല, ദേവീ സങ്കൽപത്തിലെ ഏറ്റവും ഉദാത്തമായ കാളിയുടെ നിറവും കറുപ്പാണെന്ന് ഈ സന്ദർഭത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
കറുപ്പിനെ ഇത്രമാത്രം വിമർശിക്കാൻ സായിപ്പ് ഇപ്പോഴും കറുത്തവർ എന്ന് വിളിക്കുന്ന നമുക്ക്എന്താണവകാശം..? കറുപ്പിന്റെ വശ്യതയെക്കുറിച്ച് നമ്മുടെ ഭാഷയിൽ ഒട്ടേറെ കവിഭാവനകളും ചലച്ചിത്ര ഗാനങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളിലെ കറുപ്പിന്റെ സൗന്ദര്യം പൊഴിയുന്ന കുറെ ഗാനങ്ങളെ അന്വേഷിച്ച് ചെന്നപ്പോഴാണ് ഈ ഏഴഴകിന്റെ മഹത്ത്വം മനസ്സിലായത്.
‘കറുകറുത്തൊരു പെണ്ണാണു
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ശേലാണു
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്...’
‘ഞാവൽ പഴങ്ങൾ’ എന്ന ചിത്രത്തിനുവേണ്ടി മുല്ലനേഴി എഴുതി ശ്യാം സംഗീതം നൽകി യേശുദാസ് പാടിയ ഈ ഗാനത്തിൽ കറുപ്പിന്റെ സൗന്ദര്യം മാത്രമല്ല കാടിന്റെ സൗന്ദര്യവും നിഷ്കളങ്കതയും തുടിച്ചുനിൽക്കുന്നതായി കാണാം.
കറുപ്പിന് ഏഴല്ല പതിനേഴഴകാണെന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നത്.
‘കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്...’
(ചിത്രം: സ്വപ്നക്കൂട്, രചന -കൈതപ്രം, സംഗീതം -മോഹൻ സിതാര, ആലാപനം -ജോത്സ്ന, രാജേഷ് വിജയ്, പ്രദീപ് ബാബു)
പ്രണയ വർണങ്ങളിൽ മാഞ്ഞുപോകുന്ന കറുപ്പിന്റെ നിറസങ്കൽപങ്ങൾ തീർച്ചയായും വയലാറിന്റെ ഈ ഗാനത്തിന് മാറ്റുകൂട്ടുന്നുണ്ട്.
‘കറുത്ത പെണ്ണേ നിന്റെ
കണ്ണാടിച്ചില്ലിനുള്ളില്
വരച്ചതാരാണെന്റെ വർണചിത്രം
വരച്ചതാരാണെന്റെ വർണചിത്രം
മനസ്സിന്റെ ചുമരില് ചിത്രം വരക്കും
അനുരാഗമെന്നൊരു ചിത്രകാരന്
അനുരാഗമെന്നൊരു ചിത്രകാരന്...’
(ചിത്രം: കലക്ടർ മാലതി, രചന -വയലാർ, സംഗീതം -ബാബുരാജ്, ആലാപനം -യേശുദാസ്, സുശീല)
കറുപ്പ് എന്ന സങ്കൽപത്തിലൂടെ ഈ വരികളിൽ പ്രത്യാശയുടെ മറുകര തേടുകയാണ് ഒ.എൻ.വിയിലെ കവി.
‘കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ
മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
മറുകരയാരു കണ്ടൂ...’
(ചിത്രം: അക്ഷരങ്ങൾ, രചന -ഒ.എൻ.വി, സംഗീതം -ശ്യാം, ആലാപനം -ജയചന്ദ്രൻ, ജാനകി)
കാർവർണൻ കൃഷ്ണന്റെ പ്രണയിനിയായ ഗോപികയുടെ പ്രണയപരിഭവം എന്താണെന്ന് നോക്കൂ.
‘കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ
കാർവർണൻ എന്റെ കാർവർണൻ
കാലിയെ മേച്ചു നടക്കുമ്പോൾ
കാലൊച്ചയില്ലാതെ വന്നപ്പോൾ
പാവമീ ഗോപികപ്പെണ്ണിൻ മനസ്സിലെ
തൂവെണ്ണക്കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളൻ നീ കാട്ടും മായാജാലം...’
(ചിത്രം: ഈ പുഴയും കടന്ന്, രചന -ഗിരീഷ് പുത്തഞ്ചേരി, സംഗീതം -ജോൺസൺ, ആലാപനം -സുജാത)
പ്രകൃതിയിലെ പ്രതിഭാസങ്ങളെ പ്രണയവുമായി കൂട്ടിക്കലർത്തി നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് യുഗപ്രഭാവനായ വയലാർ രാമവർമ.
‘കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തൻ കിഴക്കുദിച്ചു...’
(ചിത്രം: അന്ന, രചന -വയലാർ, സംഗീതം -ദേവരാജൻ, ആലാപനം -യേശുദാസ്)
പ്രണയത്തിന് കറുപ്പ് ഒരു തടസ്സമല്ലെന്ന് ഈ കാമുകന്റെ വിരഹ വേദനയിൽനിന്നും അറിയാൻ കഴിയുന്നുണ്ട്.
‘കറുത്ത പെണ്ണേ നിന്നെ
കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു
വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ...’
(ചിത്രം: തേന്മാവിൻ കൊമ്പത്ത്, രചന -ഗിരീഷ് പുത്തഞ്ചേരി, സംഗീതം -ബേണി ഇഗ്നേഷ്യസ്, ആലാപനം -എം.ജി. ശ്രീകുമാർ, ചിത്ര)
കണ്ണനും പ്രിയസഖി രാധയും തമ്മിലുള്ള ഈ പ്രണയ പരിഭവത്തിലും കറുപ്പ് ഏഴഴകോടെയാണ് നിറസാന്നിധ്യമാകുന്നത്.
‘എന്തേ കണ്ണനു കറുപ്പുനിറം
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലുനിൻ
ചുടുചുംബനമേറ്റതിനാലോ...’
(ചിത്രം: ഫോട്ടോഗ്രാഫർ, രചന -കൈതപ്രം, സംഗീതം -ജോൺസൺ, ആലാപനം -മഞ്ജരി)
ഇവയെല്ലാം കറുപ്പിന്റെ ഏഴഴകുള്ള നമ്മളെ തൊട്ടുണർത്തിയ ചില ചലച്ചിത്രഗാനങ്ങളാണ്. നിറത്തിന്റെ പേരിൽ ആർക്കുണ്ടാവുന്ന ദുരനുഭവവും ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല..