സുവർണകമലത്തിന് 60
text_fieldsമലയാള സിനിമയിലെ ഇതിഹാസ ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചെമ്മീൻ പുറത്തിറങ്ങിയിട്ട് 60 വർഷം പൂർത്തിയാവുകയാണ്
കൊച്ചി മട്ടാഞ്ചേരി ദിവാൻസ് റോഡിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്ന ഇസ്മയിൽ ബാബു സേട്ട് എന്ന പത്തൊമ്പതുകാരൻ മലയാളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണകമലം നേടിയ ‘ചെമ്മീൻ’ എന്ന ഇതിഹാസ ചലച്ചിത്രത്തിന്റെ നിർമാതാവായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്. ‘കണ്മണി ബാബു’ എന്നറിയപ്പെട്ട ഈ ചെറുപ്പക്കാരൻ സിനിമയിലും സാഹിത്യത്തിലുമൊക്കെ അൽപം താൽപര്യമുള്ള വ്യക്തിയായിരുന്നു. എല്ലാ ചെറുപ്പക്കാരേയും പോലെ സിനിമക്കാരോട് ചെറിയ ആരാധനയും അദ്ദേഹം വെച്ചുപുലർത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് സംവിധായകൻ രാമു കാര്യാട്ടിനെ ബാബു സേട്ട് പരിചയപ്പെടുന്നത്.
രാമു കാര്യാട്ട് അപ്പോൾ തകഴിയുടെ ‘ചെമ്മീൻ’ എന്ന നോവൽ സിനിമയാക്കാനുള്ള തയാറെടുപ്പിലായിരുന്നു. കാര്യാട്ടിന്റെ സുഹൃത്ത് വൈദ്യനാഥ അയ്യരാണ് ചെമ്മീനിന്റെ നിർമാതാവ്. അദ്ദേഹത്തിന്റെ മകൾ ‘കണ്മണി’യുടെ പേരിൽ ഒരു ബാനർ രജിസ്റ്റർ ചെയ്ത് ആ പേരിൽ ചലച്ചിത്ര നിർമാണത്തിന്റെ പ്രാരംഭജോലികൾ തുടങ്ങി. ശുഭപര്യവസാനമുള്ള സിനിമകളായിരുന്നു അക്കാലത്ത് പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ, നായകനും നായികയും മരിച്ചുപോകുന്ന ദുഃഖപര്യവസായിയായ ‘ചെമ്മീൻ’ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്കയിൽ വൈദ്യനാഥ അയ്യർ നിർമാണത്തിൽനിന്ന് പിന്മാറുന്നു. ചെമ്മീനിന്റെ ലഹരി തലക്കുപിടിച്ച രാമുകാര്യാട്ട് ചിത്രം സ്വന്തമായി നിർമിക്കാൻ തീരുമാനിച്ചു.
ഈ സമയത്താണ് ദൈവദൂതനെപ്പോലെ ഇസ്മയിൽ ബാബു സേട്ട് സൗഹൃദവുമായി കാര്യാട്ടിന്റെ മുന്നിലെത്തുന്നത്. മാത്രമല്ല സമ്പന്നനായ ബാബു ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള പണവും വാഗ്ദാനം ചെയ്തു. ബാക്കി പണം ഫിലിം ഫിനാൻസ് കോർപറേഷനിൽ നിന്നും കടമെടുത്ത് ചിത്രം പൂർത്തിയാക്കാമെന്ന് കാര്യാട്ട് മനസ്സിൽ കണക്കുകൂട്ടി. എന്നാൽ, കോർപറേഷനിൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അത്ര വലിയ തുക ലോൺ നൽകാൻ ഫിലിം ഫിനാൻസ് കോർപറേഷൻ തയാറായില്ല. തന്റെ സ്വപ്നപദ്ധതി പാതിവഴിയിൽ നിന്നുപോയതിന്റെ ആഘാതത്തിൽ വിഷമിച്ചിരിക്കുകയായിരുന്ന കാര്യാട്ടിന്റെ മുന്നിലേക്ക് ആശ്വാസവാക്കുകളുമായി ബാബു സേട്ട് വീണ്ടുമെത്തി. ‘ലോൺ കിട്ടിയില്ലെന്നു കരുതി ലോകം അവസാനിക്കുകയൊന്നുമില്ലല്ലോ? ഈ സിനിമ ഞാൻ നിർമിക്കാം. താങ്കൾ ധൈര്യമായി മുന്നോട്ടുപോകൂ...’
ലോൺ ആപ്ലിക്കേഷൻ കീറിയെറിഞ്ഞ് ഇസ്മയിൽ ബാബു സേട്ട് പറഞ്ഞ ആ വാക്കുകളിലൂടെ മലയാള സിനിമയുടെ ചരിത്രഗതി മാറുകയാണെന്ന് അന്നാരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ബാബുസേട്ടിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. തന്റെ സിനിമ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും ഓർക്കപ്പെടണം, ജനങ്ങൾ ഈ സിനിമ എല്ലാകാലത്തും ചർച്ച ചെയ്യണം എന്നതായിരുന്നു ആ എളിയ നിബന്ധന. പിന്നീടുള്ള കാര്യങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. ബാബു സേട്ടിന്റെ പിൻബലത്തോടെ, അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ സാങ്കേതിക വിദഗ്ധരെയെല്ലാം പങ്കെടുപ്പിച്ചാണ് പിന്നീട് ചെമ്മീനിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്നും ചെമ്മീൻ ഈസ്റ്റ്മാൻ കളറിൽ നിർമിക്കാൻ തീരുമാനമായി. ചിത്രം അഭ്രപാളിയിലേക്ക് പകർത്താൻ ഹോളിവുഡിലെ പ്രശസ്ത കാമറാമാൻ മാർക്സ് ബെർട് ലെയും എഡിറ്റിങ്ങിനായി ഋഷികേശ് മുഖർജിയെയും സംഗീത സംവിധാനത്തിനായി സലിൽ ചൗധരിയെയും പാട്ടുകൾ പാടാൻ ലതാമങ്കേഷ്കറെയും മന്നാ ഡേയെയും രാമു കാര്യാട്ട് അണിനിരത്തി.
ഇതിൽ ലതാ മങ്കേഷ്കർ ഒഴിച്ച് ബാക്കി എല്ലാവരും ചെമ്മീനിനുവേണ്ടി സഹകരിച്ചു. ഈണത്തിനനുസരിച്ച് പാട്ടെഴുതുന്ന പ്രക്രിയ മലയാളത്തിൽ തുടങ്ങുന്നത് ചെമ്മീനിലൂടെയായിരുന്നു. സലിൽ ചൗധരി കൊടുത്ത ശീലുകൾക്കനുസരിച്ച് വയലാർ എഴുതിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറി. ലോകത്തെമ്പാടുമുള്ള വിരഹ കാമുകന്മാരുടെ ഹൃദയ വേദനയായി മാറിയ ‘മാനസ മൈനേ’ പാടിയത് മന്നാ ഡേ ആയിരുന്നു. മലയാളം നാവിനു വഴങ്ങുന്നില്ലെന്നുപറഞ്ഞ് ആദ്യം അദ്ദേഹവും ഈ പാട്ട് പാടുന്നതിൽ നിന്നും പിന്മാറി. പക്ഷേ, മന്നാ ഡേയുടെ മലയാളിയായ ഭാര്യ കണ്ണൂർ സ്വദേശിനിയായ സുലോചന കൊടുത്ത പ്രോത്സാഹനത്താൽ അവസാനം അദ്ദേഹംതന്നെ ആ പാട്ടുപാടി വിജയിപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ പുറക്കാട്ട് കടപ്പുറത്തായിരുന്നു ചെമ്മീനിന്റെ ഷൂട്ടിങ് ആദ്യം ആരംഭിച്ചത്. എന്നാൽ, അവിടെ ചില മത്സ്യത്തൊഴിലാളികൾ പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിൽ പിന്നീട് തൃശൂർ ജില്ലയിലെ നാട്ടിക കടപ്പുറത്ത് ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കേണ്ടിവന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ ആകാശവാണിയിലൂടെയുള്ള ചലച്ചിത്ര ഗാനപ്രക്ഷേപണത്തിന് തുടക്കം കുറിക്കുന്നതും ചെമ്മീനിലൂടെയായിരുന്നു. കേരളത്തിന്റെ കടലോരങ്ങളിൽ മാത്രം കണ്ടുവരുന്ന അത്ഭുത പ്രതിഭാസമായ ചാകര മത്സ്യത്തൊഴിലാളികൾക്ക് എന്നും ഒരു ഉത്സവമായിരിക്കും. ആ ഉത്സവാന്തരീക്ഷം വയലാർ വാക്കുകളിലൂടെ വരച്ചിടുകയാണ്.
‘പുത്തൻ വലക്കാരേ
പുന്നപ്പറക്കാരേ പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകരാ...’
യേശുദാസും പി. ലീലയും ഉദയഭാനുവും ശാന്ത പി. നായരുമാണ് ഈ ഗാനം ആലപിച്ചത്. തകഴി ശിവശങ്കരപ്പിള്ളയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ചെമ്മീൻ’ എന്ന നോവലിന് ഇതിവൃത്തമായത് കേരളത്തിലെ തുറകളിൽ നിലനിന്നിരുന്ന ഒരു വിശ്വാസമാണ്. ചെമ്മീനിലെ നിത്യഹരിത ഗാനങ്ങൾ ഇന്നും മലയാളക്കരക്ക് ഒരു അത്ഭുതമായി നിലനിൽക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം. 1965 ആഗസ്റ്റ് 19ന് ‘ചെമ്മീൻ’ എന്ന ചലച്ചിത്രകാവ്യം തിയറ്ററുകളിലെത്തി. ഒരു മലയാള സിനിമയുടെ പരസ്യം ആദ്യമായി മലയാള ദിനപത്രങ്ങളിൽ ബഹുവർണങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ചെമ്മീനിന്റെ ചരിത്രരേഖയാണ്. കേരളത്തിൽ ആദ്യമായി ഒരു നഗരത്തിൽ രണ്ടു തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയായിരുന്നു ചെമ്മീൻ. എറണാകുളം ശ്രീധറിലും പത്മയിലും ഈ ചിത്രം ഒരേസമയം പ്രദർശിപ്പിച്ചു. ആദ്യമായി ഒരു മലയാള ചലച്ചിത്രം പ്രസിഡന്റിന്റെ സ്വർണമെഡലിന് അർഹമാകുന്നത് അക്കാലത്ത് ഒരു വലിയ വാർത്തയായി ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയിലെതന്നെ ആദ്യ സ്വർണമെഡലായിരുന്നു അത്. അതുവരെ ദക്ഷിണേന്ത്യക്കാരെ ‘മദ്രാസി’ എന്നുവിളിച്ച് കളിയാക്കിയിരുന്ന ഉത്തരേന്ത്യക്കാർക്ക് ദക്ഷിണേന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ മലയാളം എന്നൊരു മനോഹരഭാഷയുണ്ടെന്നും അറിയുന്നത് ‘ചെമ്മീൻ’ ദേശീയ പത്രങ്ങളുടെ തലക്കെട്ടിൽ സ്ഥാനം പിടിച്ചതോടെയാണ്.
‘കണ്മണി ബാബു’ എന്ന് പിന്നീടറിയപ്പെട്ട ഇസ്മയിൽ ബാബു സേട്ടാണ് ഇരുപതാമത്തെ വയസ്സിൽ പ്രസിഡന്റിന്റെ കൈയിൽനിന്നും സുവർണകമലം നേരിട്ടുവാങ്ങാൻ കഴിഞ്ഞ ഇന്ത്യയിലെ ഒരേയൊരു നിർമാതാവ്. ഒമ്പതുലക്ഷം രൂപയായിരുന്നത്രെ ചെമ്മീൻ നിർമിക്കാനായി ചെലവായത്. ഏകദേശം 40 ലക്ഷം രൂപയോളം ഈ ചിത്രത്തിൽനിന്ന് അദ്ദേഹത്തിന് ലാഭവിഹിതം കിട്ടിയതായും അറിയുന്നു. എറണാകുളത്തെ പ്രശസ്തമായ കവിത എന്ന 70mm തിയറ്റർ ചെമ്മീനിൽനിന്ന് കിട്ടിയ ലാഭത്തിൽ നിന്നാണ് നിർമിച്ചതത്രെ! ചെമ്മീൻ പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തപ്പെടുന്ന ആദ്യ ചലച്ചിത്രമാണ് ചെമ്മീൻ. ഈ സിനിമ നിർമിക്കാനായി ആദ്യം മുന്നോട്ടുവന്ന വൈദ്യനാഥ അയ്യരുടെ മകൾ കണ്മണിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കണ്മണി ഫിലിംസിന്റെ പേര് മാറ്റാനോ, രാമു കാര്യാട്ട് ആവശ്യപ്പെട്ടിട്ടും പരീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം സ്നേഹപൂർവം നിരസിച്ച ഇസ്മയിൽ ബാബുസേട്ട് എന്ന നിർമാതാവിന്റെ മനസ്സിന്റെ വലുപ്പത്തിന് ഇന്നും സമാനതകളില്ല. മലയാള സിനിമയിലെ ഇതിഹാസ ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചെമ്മീൻ പുറത്തിറങ്ങിയിട്ട് 60 വർഷം പൂർത്തിയാവുകയാണ്. കൊട്ടാരക്കര ശ്രീധരൻ നായർ പകർന്നാടിയ ചെമ്പൻ കുഞ്ഞും, സത്യൻ അനശ്വരമാക്കിയ പളനിയും, ഷീലയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ കറുത്തമ്മയും, മധു എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ എക്കാലത്തെയും മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന പരീക്കുട്ടിയുമെല്ലാം മലയാളികളുടെ മനസ്സിൽ ഇന്നും സജീവ സാന്നിധ്യമായി ജീവിക്കുന്നു. ലോകത്തെമ്പാടുമുള്ള ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് രാമു കാര്യാട്ട് അനശ്വരമാക്കിയ ‘ചെമ്മീൻ’ എന്നുപറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.