Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_right...

തോ​ണി​പ്പാ​ട്ടു​ക​ളി​ലെ പ്ര​ണ​യ​ത്തു​ഴ​ച്ചി​ലു​ക​ൾ

text_fields
bookmark_border
തോ​ണി​പ്പാ​ട്ടു​ക​ളി​ലെ പ്ര​ണ​യ​ത്തു​ഴ​ച്ചി​ലു​ക​ൾ
cancel
‘തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന് നെഞ്ചിനെറയണ പൂക്കിനാവേ എത്തറനാള് കൊതിച്ചിരുന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്’

പൂനിലാവിന്റെ ചാരുതയുള്ള ഈ ഗാനം 1958ൽ പുറത്തിറങ്ങിയ ‘രണ്ടിടങ്ങഴി’ എന്ന ചിത്രത്തിലേതാണ്. ഇന്നു കേൾക്കുമ്പോഴും മനസ്സിൽ തേനൂറുന്ന അനുഭൂതിയുണർത്തും. തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതിയ വരികൾക്ക് ഈണം നൽകിയത് ബ്രദർ ലക്ഷ്മണൻ. പാടിയത് കമുകറ പുരുഷോത്തമനും കെ. സുലോചനയും ചേർന്ന്.

റേഡിയോയിലൂടെ ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’ കേൾക്കുമ്പോഴൊക്കെ സിനിമയിലെ രംഗം മനസ്സിന്റെ തിരശ്ശീലയിലൂടെ തോണി തുഴഞ്ഞെത്തും. കമിതാക്കളായ പി.ജെ. ആന്റണിയുടെയും മിസ് കുമാരിയുടെയും വിവാഹം നിശ്ചയിക്കുന്നു. പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്ന സന്തോഷത്തിൽ, നിലാവുള്ള ഒരു രാത്രിയിൽ വള്ളം തുഴഞ്ഞ് ഇരുവരും പാടുന്നതാണ് ഈ പ്രണയഗാനമെന്ന് ഇന്ന് പലർക്കും അറിവുണ്ടാകില്ല.

സ്റ്റുഡിയോകളിൽ മാത്രം സിനിമകൾ ചിത്രീകരിച്ചിരുന്ന അക്കാലത്ത്, വെള്ളായണി കായലിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്താണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഇതുപോലെ മലയാള സിനിമയിൽ നായികാനായകന്മാർ തോണിതുഴഞ്ഞു പാടുന്ന ഒട്ടനവധി സുന്ദര ഗാനങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ചിത്രം: കാവാലം ചുണ്ടൻ (1967)

കുട്ടനാടൻ കായലിലൂടെ സത്യൻ തോണിതുഴഞ്ഞു പാടുകയാണ്:

‘ആമ്പൽപ്പൂവേ അണിയം പൂവേ

നീയറിഞ്ഞോ നീയറിഞ്ഞോ

ഇവളെന്റെ മുറപ്പെണ്ണ്... മുറപ്പെണ്ണ്.’

അരികിൽ മുറപ്പെണ്ണും കാമുകിയുമായ ശാരദ. ഓളത്തിലിളകുന്ന ആമ്പൽപ്പൂക്കളോടാണ് ‘ഇവളെന്റെ മുറപ്പെണ്ണ്’ എന്ന് പാടി സത്യൻ ശാരദയെ പരിചയപ്പെടുത്തുന്നത്. പ്രണയത്തിന്റെ സൗന്ദര്യം മുഴുവൻ വയലാറിന്റെ വരികളിലും ജി. ദേവരാജന്റെ ഈണത്തിലും യേശുദാസിന്റെ ആലാപനത്തിലും ലയിച്ചുചേർന്നിട്ടുണ്ട്. ‘ഇവളെന്റെ മുറപ്പെണ്ണ്’ എന്ന് വളരെ മൃദുവായി യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കാമുകിയെപ്പോലെ ആമ്പൽപ്പൂക്കളും കോരിത്തരിച്ചിട്ടുണ്ടാകും.

1952ൽ പ്രദർശനത്തിനെത്തിയ ‘ആത്മസഖി’ എന്ന തന്റെ ആദ്യ ചിത്രം മുതലാണ് തോണിയുമായുള്ള സത്യന്റെ ബന്ധം തുടങ്ങുന്നത്. അതിലെ ‘മോഹനം മോഹനം...’ എന്നുതുടങ്ങുന്ന സ്വപ്നഗാനരംഗത്തിൽ അരയന്നത്തോണി തുഴഞ്ഞ് സത്യനും കുമാരി തങ്കവും മാത്രമല്ല, വില്ലനായ എം.എൻ. നമ്പ്യാരും പാടി അഭിനയിക്കുന്നുണ്ട്.

ഇത്തരം പാട്ടുകളിൽ സത്യന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് ‘ഭാര്യ’ എന്ന സിനിമയിലെ ‘പെരിയാറെ പെരിയാറെ...’ സിനിമ തുടങ്ങുന്നതുതന്നെ ഈ ഗാനത്തിലൂടെയാണ്. സത്യനും രാഗിണിയും അവരുടെ രണ്ടു കുട്ടികളും ഒന്നിച്ച് കൈവഞ്ചി തുഴഞ്ഞു പാടുന്ന പാട്ടിൽ, പെരിയാറിനെ നാണം കുണുങ്ങിയായ മലയാളിപ്പെണ്ണായും മണവാട്ടിയായും സങ്കൽപിച്ചിരിക്കുന്നു. (വയലാർ, ജി. ദേവരാജൻ, എ.എം. രാജ, പി. സുശീല, 1962)

1962ൽ പുറത്തിറങ്ങിയ ‘പുതിയ ആകാശം പുതിയ ഭൂമി’യിലും ഇതുപോലെ സത്യൻ പാടുന്ന അതിമനോഹരമായ ഒരു ഗാനമുണ്ട്. തോണിയിൽ അരികിലുള്ളത് ഭാര്യയായ ബി.എസ്. സരോജ. ഗാനം ഇങ്ങനെ:

‘താമരത്തുമ്പീ വാ വാ താരാട്ടു പാടാൻ വാ’

(പി. ഭാസ്കരൻ, എം.ബി. ശ്രീനിവാസൻ, കെ.പി. ഉദയഭാനു, പി. ലീല)

‘ഇണപ്രാവുകൾ’ എന്ന ചിത്രം ആരംഭിക്കുന്നതും സത്യൻ അവതരിപ്പിച്ച അന്തോണി എന്ന നായക കഥാപാത്രം തന്റെ വഞ്ചിയിൽ കുട്ടനാടൻ കായലിലൂടെ ‘അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ വായോ വായോ’ എന്ന് പാടിക്കൊണ്ടാണ്. (വയലാർ, ദേവരാജൻ, എ.എം. രാജ, 1965)

ഇതേ വർഷം തന്നെ ‘കടത്തുകാരൻ’ എന്ന ചിത്രത്തിൽ സത്യൻ ടൈറ്റിൽ വേഷം ചെയ്തിരുന്നു. അതിൽ തന്റെ മകൾക്കായി വാങ്ങിയ പാവക്കുട്ടിയെ വഞ്ചിയിലിരുത്തി തുഴഞ്ഞുവരുമ്പോൾ പാടുന്ന പാട്ടാണ്, ‘പാവക്കുട്ടീ പാവാടക്കുട്ടീ പിച്ചാ പിച്ചാ...’ (വയലാർ, ബാബുരാജ്, കെ.പി. ഉദയഭാനു, ലതാ രാജു). ഇതേ ചിത്രത്തിലെ അതീവ ഹൃദ്യമായ ‘മണിമുകിലേ മണിമുകിലേ...’ എന്ന ഗാനത്തിലും തോണിയും കാമുകനും കാമുകിയുമുണ്ട്. എ.കെ. സുകുമാരനും എസ്. ജാനകിയുമാണ് ഗായകർ. തോണിയിൽ ഹരിയും വാസന്തിയും.

മറ്റൊരാൾ വള്ളത്തിലിരുന്ന് പാടുന്നത് കേട്ടുനിന്ന് ചതിയിൽപ്പെടുന്ന ഒരു കഥാപാത്രത്തെയും സത്യൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ‘തച്ചോളി ഒതേനൻ’. ഗാനം: ‘അഞ്ജനക്കണ്ണെഴുതി’. തോഴികൾക്കൊപ്പം തോണി തുഴഞ്ഞ് ദേവകി എന്ന നടി പാടുമ്പോൾ, ഗാനം ആസ്വദിച്ചുകൊണ്ട് മറ്റൊരു തോണിയിൽ സത്യനും കൂട്ടരും. (പി. ഭാസ്കരൻ, ബാബുരാജ്, എസ്. ജാനകി, 1964)

തോണിതുഴഞ്ഞു പാടുന്നതിൽ പ്രേംനസീറും പിന്നിലായിരുന്നില്ല. ‘ത്രിവേണി’ എന്ന വർണചിത്രത്തിലെ

‘കൈതപ്പൂ കായലിലെ

കാറ്റിന്റെ കൈകളിലെ

കളിചിരി മാറാത്ത കന്നിയോളമേ’ എന്ന ഗാനം എങ്ങനെ മറക്കാനാവും?

നവോദയയുടെ ‘കടത്തനാട്ട് മാക്കം’ എന്ന ചിത്രത്തിൽ പ്രേംനസീറിന് ഇരട്ടവേഷമായിരുന്നു. അവരിൽ കടത്തുകാരനായ പ്രേംനസീർ പാടുന്ന ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ’ എന്ന ഗാനത്തിൽ ആകൃഷ്ടയായി വന്നണയുന്നത് ‘മാക്ക’മായ ഷീലയാണ്. (പി. ഭാസ്കരൻ, ജി. ദേവരാജൻ, യേശുദാസ്, 1978)

കെ. നാരായണൻ സംവിധാനം ചെയ്ത ‘കാലചക്രം’ എന്ന സിനിമയുടെ തുടക്കത്തിൽ പ്രേംനസീർ തോണിക്കാരനായാണ് വേഷമിട്ടിരിക്കുന്നത്. പ്രേംനസീർ വഞ്ചിതുഴഞ്ഞു പാടുകയാണ്:

‘രാക്കുയിലിൻ രാജസദസ്സിൽ

രാഗമാലികാ മാധുരി...’ (ശ്രീകുമാരൻ തമ്പി, ജി. ദേവരാജൻ, യേശുദാസ്, 1973)

തോണിതുഴഞ്ഞു പാടുന്ന പാട്ടുകളിൽ തൊട്ടുപിറകെയുണ്ട് മധു. മധുവും ശാന്തിയും പാടുന്ന ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി’ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനമുള്ളത് ‘പട്ടുതൂവാല’ എന്ന സിനിമയിൽ. (വയലാർ, ദേവരാജൻ, എ.എം. രാജ, പി. സുശീല, 1965)

മറ്റൊരു പാട്ട് ‘സിംഹാസനം’ എന്ന ചിത്രത്തിലെ ‘കാവാലം ചുണ്ടൻവള്ളം അണിഞ്ഞൊരുങ്ങി’ (ശ്രീകുമാരൻ തമ്പി, എം.എസ്. വിശ്വനാഥൻ, 1979), ‘ഉമ്മാച്ചു’വിലെ ജനപ്രിയഗാനമായ ‘ആറ്റിനക്കരെ അക്കരെ ആരാണോ’ എന്നീ പാട്ടുകൾ പാടി അഭിനയിക്കുന്നതും മധുവാണ്. ‘കളിയോടം’ എന്ന സിനിമ, മധുവും ശാന്തിയും പ്രേംനസീറും ഒരുമിച്ച് ‘കളിയോടം കളിയോടം...’ എന്നു പാടി വള്ളം തുഴഞ്ഞുകൊണ്ടുപോകുന്ന രംഗത്തിലാണ് അവസാനിക്കുന്നത്. ‘പെരിയാറെ... പെരിയാറെ’ എന്ന ഗാനരംഗത്തിനു സമാനമായി റോവിങ് ബോട്ട് തുഴഞ്ഞ് നെയ്യാർ ഡാമിലൂടെ മധുവും ജയലളിതയും പാടുന്ന ഗാനം ‘കാട്’ എന്ന ചിത്രത്തിലുണ്ട്. ഗാനം: ‘ഏഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു...’ (ശ്രീകുമാരൻ തമ്പി, വേദ് പാൽ വർമ, 1973)

നായകന്മാർ മാത്രമല്ല, നായികമാരും തോണിതുഴഞ്ഞു പാടിയിട്ടുണ്ട്. ‘നീലപ്പൊന്മാൻ’ എന്ന സിനിമയിൽ ‘കിലും കിലുകിലും കിലുകിളിമരത്തോണി’ എന്ന ഗാനം പാടി അഭിനയിക്കുന്നത് സുമിത്ര. (വയലാർ, സലിൽ ചൗധരി, എസ്. ജാനകി, 1975).

തലേദിവസം തോണി തുഴഞ്ഞുവന്ന് ഒരു ചുവന്ന പൂ സമ്മാനിച്ച തന്റെ കാമുകനെ (പ്രേംനസീർ) ഓർത്ത് ഷീല വഞ്ചിതുഴഞ്ഞു പാടുന്ന ഗാനമാണ്:

‘അങ്ങേക്കരയിങ്ങേക്കര അത്തപ്പൂം തോണി തുഴഞ്ഞവൻ ഇന്നലെ വന്നു ഒരു പൂ തന്നു... അവനൊരു ചുവന്ന പൂ തന്നു.’ (പുന്നപ്ര വയലാർ, വയലാർ, കെ. രാഘവൻ, 1968)

‘ചീനവല’യിൽ പ്രേംനസീറിനെ തോണിയിലിരുത്തി ജയഭാരതി പാടുന്ന ‘പൂന്തുറയിൽ അരയന്റെ പൊന്നരയത്തി...’ പി. സുശീലയുടെ ഹിറ്റ് ഗാനങ്ങളിലൊന്നാണ്. (വയലാർ, എം.കെ. അർജുനൻ, 1975)

‘അംബ അംബിക അംബാലിക’ എന്ന ചിത്രത്തിൽ ഉഷാകുമാരി പാടുന്ന ഗാനമാണ്: ‘ഓളങ്ങളെ... കുഞ്ഞോളങ്ങളെ...’ (ശ്രീകുമാരൻ തമ്പി, ജി. ദേവരാജൻ, മാധുരി, 1976) ഹരിഹരന്റെ ‘അടിമക്കച്ചവടം’ എന്ന ചിത്രത്തിൽ ജയൻ വള്ളം (ചങ്ങാടം) തുഴയുമ്പോൾ അതിലിരുന്നു ശുഭ പാടുന്ന ഗാനമാണ് ‘പള്ളിമഞ്ചലിൽ...’ (മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ജി. ദേവരാജൻ, മാധുരി, 1978)

ജയന്റെ ആദ്യകാല സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രത്തിലെ തോണിക്കാരൻ. നായകനായ എം.ജി. സോമനെ വള്ളത്തിലേറ്റി ജയൻ തുഴഞ്ഞുവരുന്ന രംഗത്തിലെ ‘ഇതാ ഇതാ ഇവിടെ വരെ’ എന്ന ശീർഷകഗാനം ഏറെ പ്രസിദ്ധമാണ്.

ഗായകൻ ജയചന്ദ്രൻ ആദ്യമായി പിന്നണി പാടിയ ‘ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി വന്നേ’ (ചിത്രം: കുഞ്ഞാലി മരയ്ക്കാർ) എന്ന ഗാനത്തിൽ വള്ളം പ്രധാന കഥാപാത്രമാണ്. കുഞ്ഞാലി മരയ്ക്കാരുടെ സമരഗാഥ പ്രമേയമായ ഈ ചിത്രത്തിൽ നെല്ലിക്കോട് ഭാസ്കരൻ അവതരിപ്പിച്ച കഥാപാത്രമാണ് തന്റെ പ്രേമഭാജനത്തോടൊപ്പം വള്ളം തുഴഞ്ഞ് ഈ ഗാനരംഗത്തിൽ ചുണ്ടനക്കുന്നത്. (പി. ഭാസ്കരൻ, ബി.എ. ചിദംബരനാഥ്, 1967)

മലയാള സിനിമയിൽ ആദ്യമായി തോണി തുഴഞ്ഞു പാട്ടുപാടുന്ന നായകനെ തേടിയുള്ള അന്വേഷണം ചെന്നെത്തുന്നത് 1953ൽ വിമൽകുമാറും പി.ആർ.എസ്. പിള്ളയും ചേർന്നു സംവിധാനം നിർവഹിച്ച ‘തിരമാല’ എന്ന ചിത്രത്തിലേക്കാണ്. തോമസ് ബെർളിയാണ് ഈ ചിത്രത്തിലെ കഥാനായകനായ തോണിക്കാരൻ വേണുവിനെ അവതരിപ്പിച്ചത്. നായികയായി കുമാരി തങ്കവും. ഇരുവരും ചേർന്നു പാടുന്ന ഗാനമാണ്:

‘ഹേ കളിയോടമേ പോയാലും നീ സഖീ’ (പി. ഭാസ്കരൻ, വിമൽകുമാർ, കോഴിക്കോട് അബ്ദുൾ ഖാദർ & ശാന്ത പി. നായർ)

തോമസ് ബെർളിയാണ് മലയാള സിനിമയിൽ തോണിതുഴഞ്ഞ് പാട്ടുപാടിയ ആദ്യത്തെ നായകൻ എന്നു പറയാം.

സത്യന്റെയും നസീറിന്റെയും മധുവിന്റെയും യുഗം കഴിഞ്ഞ് മമ്മൂട്ടിയും മോഹൻലാലും വിനീതുമൊക്കെ ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതും നമുക്ക് മറക്കാനാവില്ല. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണതിനെക്കുറിച്ച് ‘അഴകിയ രാവണനി’ൽ മമ്മൂട്ടി പാടുന്ന ഗാനം എക്കാലവും ഓർമയിൽ നിൽക്കും. ‘ആയിരപ്പറ’യിൽ നാട്ടുപച്ചക്കിളിപ്പെണ്ണിനെക്കുറിച്ച് മമ്മൂട്ടി പാടുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

മഴവിൽ കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളിയെക്കുറിച്ചാണ് ‘അദ്വൈത’ത്തിൽ മോഹൻലാലും രേവതിയും പാടിയതെങ്കിൽ, മോഹൻലാൽ സൗന്ദര്യയോടൊപ്പം ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിൽ പാടുന്ന യുഗ്മഗാനമാണ് ‘ഒന്നാം കിളി പൊന്നാം കിളി വന്നാം കിളി മാവിന്മേൽ.’

‘ചമ്പക്കുളം തച്ചനി’ൽ തന്റെ കാമുകിയെക്കുറിച്ച് വിനീത് പാടുന്ന ഗാനമാണ് ‘ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ’.

ഇങ്ങനെ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ വള്ളം തുഴഞ്ഞു പാടുന്ന പ്രശസ്തമായ ഗാനങ്ങൾ ഇനിയുമുണ്ട് മലയാളത്തിൽ. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. വള്ളംകളി ജയിച്ച് ട്രോഫിയുമേന്തി വിജയശ്രീലാളിതനായി കാവാലം ചുണ്ടനിലേറി വരുന്ന ചന്ദ്രനും കുഞ്ഞൻ പണിക്കരും (സത്യനും എസ്.പി. പിള്ളയും) സംഘവും ആഹ്ലാദത്തിമിർപ്പോടെ പാടുന്ന ഗാനം ഒരു സിനിമാപ്പാട്ടാണ് എന്നുപോലും അറിയാതെ ഏറ്റുപാടുന്നവരിൽ പുതുതലമുറയും ഉണ്ട്. ആ ഗാനം:

‘കുട്ടനാടൻ പുഞ്ചയിലെ

കൊച്ചുപെണ്ണേ കുയിലാളേ

കൊട്ടു വേണം കുഴൽ വേണം കുരവ വേണം...’

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Malayalam Cinema romantic songs nostalgic memories 
News Summary - Romantic Boat Songs in Malayalam Cinema: A Nostalgic Look Back
Next Story