നോവിന്റെ വെയിൽപ്പിറാവുകൾ
text_fieldsജീവിതത്തിന്റെ തീപിടിച്ച വേനൽഭൂമികകളെ ഗിരീഷ് പുത്തഞ്ചേരി തന്റെ ഗാനങ്ങളിലേക്ക് കൊണ്ടുവന്നു. വേനലിൽ സ്വയമുരുകുന്ന ബോധവും ബോധ്യവും ആ ഗാനങ്ങളിൽ കാണാം. ഉരുകുന്ന വേനൽപ്പാടങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിൽ നിരന്നുകിടക്കുന്നുണ്ട്. വ്യസനങ്ങളുടെ വെയിൽനാളങ്ങൾ ഈ ഗാനങ്ങളിൽ ആളിക്കൊണ്ടേയിരിക്കുന്നു
മായുന്ന പകൽസൂര്യനും തിരിതാഴുന്ന സന്ധ്യാസൂര്യനുമൊക്കെ ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലെ നിരന്തര സാന്നിധ്യമായിരുന്നു.
വെണ്ണിലാവുപോലും എരിയുന്ന വേനലാവുകയാണ് ഗിരീഷിന്റെ പാട്ടിൽ. വേനൽ വെന്തുരുകും കനൽനൊമ്പരമായി മാറുന്ന ഓർമകൾ ഗിരീഷിന്റെ പാട്ടിൽ വേദനകൾ കൊണ്ടുവരുന്നു. ‘ഒരു വേനൽക്കാറ്റിെന്റ ശാപാഗ്നിയിൽ നീറുന്ന ജന്മങ്ങൾ ആ ഗാനങ്ങളിലുണ്ടായിരുന്നു. പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലിന്റെ പിടയുന്ന നേരങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി. വേനൽക്കൂടിനുള്ളിൽ നീറിപ്പൊള്ളും നേരത്താരേ പീലിത്തൂവൽ വീശുന്നു’ എന്ന് ജീവിത പരാങ്മുഖത്തെ മറികടക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ അവിടവിടെയായി തിളങ്ങുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ആഹ്ലാദവിഷാദങ്ങൾ ചേർന്ന് നിർമിക്കുന്ന ഒരു സമതുലനത്തിന്റെ ചിത്രം ഗിരീഷിന്റെ പാട്ടുകളിലുണ്ട്.
ജീവിതപ്രകാശത്തിലേക്കുള്ള സംക്രമണം എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. വിതുമ്പുന്ന വേനലിന്റെ ഓർമകൾ ഗിരീഷ് ഗാനങ്ങളിൽ ഇളവേൽക്കുന്നു. ‘െപയ്യാമുകിലുകൾ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെപ്പോലെ, കനൽപ്പോലെ’ എന്ന വരിയിൽ കഥാപാത്ര മനസ്സിന്റെ നൊമ്പരം ഊറിക്കൂടിയിരിക്കുന്നുണ്ട്. കന്നിവെയിൽപ്പാടത്ത് കനലെരിഞ്ഞു എന്ന ഒറ്റവരിയിൽ എരിയുന്നത് വേദനയുടെ കനലാണെന്ന് ആർക്കാണറിയാത്തത്? വെയിൽ മായുന്ന ഒരു നേരമുണ്ട് ഗിരീഷിന്റെ ഗാനങ്ങളിൽ. വെയിലൊരു തൂവലായ് വന്ന് ഒരു താരാട്ടായ് തുളുമ്പുന്നുണ്ട് ഒരു പാട്ടിൽ.
വെയിലിന്റെ രാഗവിസ്താരമാണ് ഗിരീഷിന്റെ ഗാനം. ഒരു വേനലിന്റെയോ വെയിലിന്റെയോ തുടർച്ചയിലേക്ക് പടരുന്നതായിരുന്നു ആ പാട്ട്. വെയിൽക്കിളികളും വേനൽപ്പക്ഷികളും പറക്കുന്നുണ്ടായിരുന്നു ആ ഗാനങ്ങളിൽ. അനന്തമായി നീളുന്ന ദുഃഖത്തിന്റെ വേനൽ, വിഷാദമഗ്നതയുടെ മുഹൂർത്തങ്ങളെ സ്ഫുടം ചെയ്യുന്ന വെയിൽ എന്നിങ്ങനെ വേനൽപ്പകലിന്റെ സൗന്ദര്യഭദ്രമായ സാക്ഷാത്കാരമായിത്തീരുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ.
കവിയുടെ മനസ്സിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുകയാണ് ഈ വെയിലും വേനലും. വെയിലിന്റെയും വേനലിന്റെയും കേളികൾ നിറയെയുണ്ടായിരുന്നു ആ ഗാനങ്ങളിൽ. ‘പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം’ എന്ന് ഗിരീഷ് ഒരു പാട്ടിൽ ദുഃഖിതനാകുന്നു. ആരോടും പറയാതെ പറന്നുപോകുന്ന ഒരു പകൽപക്ഷിയുണ്ടായിരുന്നു ഗിരീഷിന്റെ ഒരു പാട്ടിൽ. ‘മറയുമോരോ പകലിലും നീ കാത്തുനിൽക്കുന്നു’ എന്ന് കാതരനാകുന്ന ഒരു പ്രണയി അദ്ദേഹത്തിന്റെ ഗാനത്തിൽ കാത്തുനിന്നു.
പകൽപോലെ മായുന്ന ഒരു പരിഭവ നിലാവുണ്ടായിരുന്നു അതിൽ. വേനൽ വിതുമ്പുന്നോരോർമയുണ്ടായിരുന്നു. കരയുന്നൊരു പകൽക്കിളിയുണ്ടായിരുന്നു. വേനൽക്കാറ്റൂതുന്ന തീരങ്ങളുണ്ടായിരുന്നു. പനിനീരുമായ് വന്നുനിൽക്കുന്ന ഒരു പകലുണ്ടായിരുന്നു. ഏതോ വേനൽക്കിനാവുണ്ടായിരുന്നു. പരിഭവമോടെ നിറമിഴിയോടെ പൊലിയുന്നൊരു പകലിന്റെ ചിത്രമുണ്ടായിരുന്നു. തിരിതാഴുന്ന ഒരു സന്ധ്യാസൂര്യനുണ്ടായിരുന്നു. എരിയുന്ന സൂര്യന്റെ കിരണമുണ്ടായിരുന്നു. വെയിൽ ചായുന്ന കുന്നിന്റെ താഴ്വരയുണ്ടായിരുന്നു.
പുലർവെയിൽപ്പൊന്നിന്റെ മോതിരമുണ്ടായിരുന്നു. വേനൽക്കിനാവിന്റെ ചെപ്പുണ്ടായിരുന്നു. നോവനുഭവങ്ങളുടെയും അനുഭൂതികളുടെയും അസാധാരണമായ ആരോഹണങ്ങളെ ഗിരീഷ് പുത്തഞ്ചേരി പാട്ടിലെഴുതിയത് വേനൽവെളിച്ചങ്ങളുടെ വികാരസ്ഥായികളിലായിരുന്നു. പ്രണയവും വിരഹവും വിയോഗവുമെല്ലാം ഗിരീഷിന്റെ ഗാനങ്ങളിൽ പലവിധം പുനർനിർമിക്കപ്പെട്ടത് ഈ വേനൽച്ചിത്രങ്ങളിലായിരുന്നു. വിതുമ്പുന്ന മൗനം ഉള്ളിൽനിന്നും വേനൽത്തീക്കാറ്റിന്റെ താളമെന്ന് അദ്ദേഹം പാട്ടിലെഴുതി.
വെയിലും വേനലും പകലുമൊക്കെ ഗിരീഷിന്റെ ഗാനങ്ങളിലെ സവിശേഷങ്ങളായ അഭിജ്ഞാനങ്ങളായി തുടർന്നു. വ്യഥിത സന്ദേഹങ്ങളുെട വെയിൽനേരങ്ങൾ ആ ഗാനങ്ങളിൽ ജ്വലിച്ചുനിന്നു. വേനലിന്റെ വെയിൽനാളങ്ങൾ വീണുകിടക്കുന്ന ഗിരീഷിന്റെ ഗാനങ്ങളിൽ വിതറുന്ന വെളിച്ചം ദുഃഖത്തിന്റെയും വ്യവസനത്തിന്റേതുമായിരുന്നു. ജീവിതത്തിന്റെ അക്ഷരങ്ങളിൽ ചാലിച്ചെടുത്ത ഈ വേനൽച്ചിത്രങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിലെ ഘനസാന്ദ്രതയുള്ള മുഹൂർത്തങ്ങളെ പകർന്നുതരുന്നു.
അനിവാര്യമായ ജീവിതനിയോഗങ്ങളെ പാട്ടിലെ പ്രമേയാധിഷ്ഠിതമായ സൗന്ദര്യബോധവുമാക്കുവാൻ ഗിരീഷിനെ സഹായിച്ചത് ഒരുപക്ഷേ, ഈ വെയിൽനേരങ്ങളാകാം. വെളിച്ചത്തിന്റെ വിശാലവിസ്തൃതിയിൽ പാട്ടിനെ കലാത്മകമാക്കുന്ന കാഴ്ച കൂടിയായിരുന്നു അത്.