മൗനസരസ്സിന്‍ നാദം പോലെ
text_fieldsമലയാളത്തിൽ പാട്ടെഴുത്തിന്റെ ഭവ്യമായ സൗന്ദര്യാനുഭൂതികളെ നക്ഷത്രവിളക്കായി കൊളുത്തിവെച്ച കവിയാണ് യൂസഫലി കേച്ചേരി. ശാശ്വതമായ പ്രകൃതി സത്യങ്ങളെ ജീവിതബന്ധങ്ങളുമായി ഇണക്കിനിർത്തുന്ന വ്യക്തികൾക്കായിരുന്നു കേച്ചേരിയുടെ പാട്ടിൽ പ്രമുഖ സ്ഥാനം. ജീവിത സൗന്ദര്യത്തിന് അർഥാന്തരങ്ങളായി പരിണമിക്കുന്നവയാണ് ഈ ഗാനങ്ങൾ. പ്രൗഢവും ക്ലാസിക്കൽ ഘടനയുടേതുമായ ഒരു രൂപശിൽപത്തിനെ ആശ്ലേഷിച്ചുകൊണ്ടാണ് കവിയുടെ ഗാനങ്ങൾ നിലനിൽക്കുന്നത്. ജീവിതത്തിന്റെ സൗന്ദര്യാനുഭവങ്ങളുടെ സാമ്യതകൾ പങ്കിടുന്ന ഇരുധ്രുവങ്ങൾ എപ്പോഴും ആ ഗാനങ്ങളിൽ ദൃശ്യമായി. ജീവിതത്തിന്റെ ആരോഹണ അവരോഹണങ്ങളെ സരളമായ ചിന്തക്കുള്ളിൽ പ്രവേശിപ്പിച്ച് കവി അവക്ക് അർഥബോധം നൽകുന്നു. പാട്ടിൽ സമൃദ്ധമായ വൃത്തസാധ്യതകളും പ്രാസഭംഗികളും എല്ലാം കൃത്യവും സൂക്ഷ്മവുമായി പരിചരിച്ചു അദ്ദേഹം. പ്രകൃതി സൗന്ദര്യത്തിന്റെ ഭാവനാത്മകമായ ഒരു നിത്യതരംഗിണി ദീർഘ പ്രവാഹമായി ഒഴുകുന്നുണ്ട് യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ. ചലച്ചിത്ര സന്ദർഭങ്ങളെ ഭാവസാന്ദ്രമാക്കുന്ന സജീവ ഘടകങ്ങൾ കേച്ചേരിയുടെ ഗാനങ്ങളിൽ നിറഞ്ഞു തെളിയുന്നു. ചലച്ചിത്ര സന്ദർഭത്തെയും അതിജീവിച്ച് തനതായ തെളിമയുള്ള ഒരു മുഴുസ്വത്വം ഈ പാട്ടുകൾ സ്ഥാപിച്ചെടുക്കുന്നുണ്ട്.
ദ്വന്ദാത്മക വിപരീതങ്ങളെ (Binary Opposites) ഒരേ വരിയിൽ നിബന്ധിക്കുക വഴി പാട്ടിൽ പുതിയ അർഥങ്ങളെ നിർമിക്കുകയായിരുന്നു യൂസഫലി കേച്ചേരി. ഇങ്ങനെ പരസ്പരം വിരുദ്ധമായ ഘടകങ്ങളുടെ ഇണക്കങ്ങൾ പാട്ടിൽ ഉണ്ടാക്കുന്നു. ദ്വന്ദാത്മക വിപരീതങ്ങളെ കൂടുതൽ സാന്ദ്രമായി ക്രമീകരിക്കുന്നതോടൊപ്പം ഉദാത്തമായ കാവ്യഭാഷ, രൂപ സമൃദ്ധി എന്നിവയെ പാട്ടിന്റെ ഭാവഘടനയിലെ നിറസാന്നിധ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അവ പാട്ടിന്റെ അടയാള ഭാവങ്ങളായി തീരുകയായിരുന്നു. ‘അമാവാസിനാളിൽ ഞാനൊരു പൂർണചന്ദ്രനെ കണ്ടു’ എന്ന വരിയിൽ ഈ വിരുദ്ധ സൗന്ദര്യത്തിന്റെ ഇമേജുകളുടെ എന്തെന്നില്ലാത്ത ഇണക്കം കാണാനാവും.
‘അർധനിശയിൽ സൂര്യനെ പോലെ,
അമാവാസിയിൽ ചന്ദ്രനെ പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴിമുന്നിൽ
ഓമലാളെ നീ വന്നു
ഒരു മധുരദർശനം നീ തന്നു’
എന്ന് മറ്റൊരു പാട്ടിൽ എഴുതിയതിലും ഇത്തരത്തിലുള്ള വിരുദ്ധ സൗന്ദര്യവിനിമയങ്ങളാണുള്ളത്. പാട്ടിൽ അനുരാഗം അടയാളപ്പെടുത്താൻ ഇത്തരം രീതികളുടെ മഹാവിസ്മൃതികൾ കവിയെ സഹായിക്കുന്നു. ഇവ പാട്ടിൽ പ്രധാന ദൃശ്യ ഭൂപടങ്ങൾ നിർമിക്കുന്നു.
‘മൗനസരസ്സിൻ നാദം പോലെ
മരുഭൂമിയിൽ ഒരുമഴ പോലെ വന്നു
പ്രേമലഹരി പകർന്നു നൽകാൻ പ്രണയിനിയോട് പറയുന്ന വരിയിലും ഇതേ രീതി തന്നെ പിന്തുടരുകയായിരുന്നു കവി.
‘അനുരാഗമെന്ന് പേർ വിളിച്ചു
കുളിരുള്ള തീയിനെ
മധുബിന്ദുവെന്ന് പേർ വിളിച്ചു
മലരിന്റെ നോവിനെ’
എന്നിങ്ങനെ ഇമേജുകളിൽ വിപരീത സൗന്ദര്യദർശനം സാധ്യമാക്കി പാട്ട് കേൾക്കുന്ന ആളിൽ അത്ഭുതം ജനിപ്പിക്കുകയും അതിലൂടെ പുതിയൊരു ദർശനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു യൂസഫലി.
‘ചൂടുള്ള കുളിരിന്
ചുംബനമെന്നാരു പേരിട്ടു
തണുവുള്ള തീയിനെ
യൗവനമെന്നാരു പേരിട്ടു’
എന്നൊരു പാട്ടിൽ കവി എഴുതിയപ്പോഴും ഇന്ദ്രിയാനുഭവങ്ങളുടെയും വികാരങ്ങളുടെയും ഒക്കെ വിപരീത സ്വത്വം സംഭവിക്കുന്നു. പാട്ടിൽ പറയാൻ ഉദ്ദേശിക്കുന്ന വികാരത്തിന് കൂടുതൽ സാന്ദ്രത കൈവരിക്കുകയും ചെയ്യുന്നു.
‘ഇരുണ്ടാണെങ്കിലും നിൻ മുഖംകണ്ടാൽ
ഈ മണിയറയിൽ സൂര്യോദയം
പകലാണെങ്കിലും നീയൊന്ന് ചിരിച്ചാൽ
കരളിരുളിൽ ചന്ദ്രോദയം’
എന്ന വരികളിലും ഈ വിപരീത ഭംഗികളുടെ വെളിച്ചം അർഥം പകരുന്നത് കാണാം. അത് പാട്ടിൽ അർഥത്തിന്റെ ജ്വാലകൾ പടർത്തുന്നു.
‘കണ്ണീർ മഴയത്ത്
ഞാനൊരു ചിരിയുടെ കൂടചൂടി’
എന്ന ഒരൊറ്റ വരിയിൽ സുഖത്തിന്റെയും ദുഃഖത്തിന്റെയും സ്പന്ദനങ്ങൾ ഒരുപോലെ സംഗീതാത്മകമാകുന്നുണ്ട്. കറുത്തരാവും വെളുത്ത പകലും അലിഞ്ഞുചേരുന്ന കുങ്കുമസന്ധ്യ യൂസഫലി കേച്ചേരിയുടെ ഒരു പാട്ടിൽ വിസ്മയകരമായ ഒരു അനുഭവമായിത്തീരുന്നു.
‘തേങ്ങാപ്പൂളും കൊക്കിലൊതുക്കി
കാക്കക്കറുമ്പിയെപോലെ
അമ്പിളികൊത്തും കൊണ്ടു നടക്കണ
ആതിര രാവ് മേലെ’
എന്ന വരിയിൽ ഇമേജുകൾ സാന്ദ്രമാക്കുന്നത് ഈ വിപരീത ബിംബങ്ങളുടെ ചേർച്ചയിലൂടെയാണ്.
‘ദുഃഖത്തിലിത്തിരി ഇല്ലാതിരിക്കുകിൽ
സൗഖ്യത്തിൻ മാറ്റു കുറഞ്ഞുപോകും’
എന്ന വരിയിൽ ദുഃഖം-സൗഖ്യം, കൂരിരുട്ട്-സൂര്യോദയം എന്നീ വാക്കുകളിൽ യൂസഫലി കേച്ചേരി ചേർത്തുവെച്ച ദർശനത്തിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ സമന്വയിപ്പിച്ച് അനുഭൂതമാകുന്ന ഒരു അനുരാഗത്തിന്റെ അടയാളമുണ്ട്. വരികളിൽ വാക്കുകൾ കൊണ്ടുള്ള ഒരു ബാലൻസിങ് ആണിത്.
‘നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ വാരിയും മുള്ളുകളെല്ലാം തേൻമലരാക്കി മാറിലണിഞ്ഞു’മൊക്കെ ഓരോരുത്തരും ജീവിതത്തിൽ വേറിട്ട ലോകം സൃഷ്ടിക്കുന്നു എന്നാണ് യൂസഫലി കേച്ചേരിയുടെ പാട്ടുകൾ പറയുന്നത്. ‘പകലിന്റെ പിന്നാലെ ഇരവെത്ര കുതിച്ചാലും നിത്യവുമവർ തമ്മിൽ അകന്നുനിൽക്കും’ എന്ന ഫിലോസഫി ഒരു പാട്ടിൽ ഇങ്ങനെയാണ് സംക്ഷേപിക്കുന്നത്.
‘ഒരുപുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയാണല്ലോ അനുരാഗം’
എന്ന് കവി ഒരു പാട്ടിലെഴുതിയപ്പോൾ അനുരാഗം തണുപ്പുള്ള തീയായി മാറുന്നു.
‘വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണിൽ
പിടപിടക്കണ മീനോ’
എന്നും ‘കറുത്ത മെയ്യിലെ വെളുത്ത മുത്തിന് കരളെന്നല്ലേ പേര്’ എന്നുമൊക്കെ സന്ദേഹിക്കുന്ന കൽപനകൾ തന്റെ പാട്ടുകളിൽ ചോദ്യചിഹ്നം പോലെ ഉയർത്തിക്കാണിക്കുന്നു. യൂസഫലിയുടെ പാട്ടുകളിലെ പ്രകൃതിയിലും ഇത്തരം വിപരീത സങ്കൽപങ്ങൾ വന്നുഭവിക്കുന്നുണ്ട്.
‘ഇന്നലെ വാനിൽ മദിച്ചുനീന്തിയ കരിമുകിൽ ജടയുള്ള കർക്കിടകവും ഇന്ന് വെളുത്തപ്പോൾ ആവണിവാനിൽ നിരന്നുനിന്ന വെൺമുകിൽ വൈജയന്തിയും ഒക്കെ ഒരേസമയം നിരാശയിൽനിന്ന് ആശയിലേക്കും ആശങ്കയിൽനിന്ന് പ്രതീക്ഷയിലേക്കും ഒക്കെയുള്ള വാതിൽ തുറക്കുന്നു.
‘ഓമനേ നിൻകവിൾ കുങ്കുമം കണ്ടപ്പോൾ
സായംസന്ധ്യക്ക് മുഖം കറുത്തു,
ഈറൻമുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ
ഈനല്ല രാവും വെളുത്തു’
എന്ന ഒരൊറ്റ വരിയിൽ പ്രണയിനിയുടെ ഈറൻ മുടിക്കെട്ടും വെളുത്തരാവും നിർമിക്കുന്ന വിപരീത ദൃശ്യവിസ്മയം ഒന്ന് വേറെ തന്നെയാണ്. പ്രണയിനിയുടെ അഴകിനെ ഇരട്ടിപ്പിക്കുകയും ദ്യോതിപ്പിക്കുകയും ചെയ്യുന്ന അപൂർവവും സമാനതയില്ലാത്തതുമായ രചനയാണിത്. ഇത്തരം മൊഴിവ്യത്യാസങ്ങൾ എത്ര വേണമെങ്കിലും യൂസഫലി കേച്ചേരിയുടെ വരികളിൽ കാണാം.
‘പാടാത്ത പാട്ടിന്റെ
കേൾക്കാത്ത നാദമാണു നീ
സ്വപ്നമോഹിനി’
എന്ന് പ്രണയിനിയെ സംബോധന ചെയ്തു പാട്ടിലെ നായകൻ. പാടാത്ത പാട്ടും കേൾക്കാത്ത നാദവുമൊക്കെ പാട്ടിലെ ഒരു വരിയിൽ അമൂർത്തമായി വിരിച്ചുനെയ്തുണ്ടാക്കുന്ന മായാജാലമാണിത്. ഇത് മലയാളത്തിൽ യൂസഫലി കേച്ചേരിയുടെ മാത്രം പാട്ടിലെ അനവദ്യമായ അടരുകളിൽ ഒന്നാണ്.
‘പൂർണേന്ദുദീപം മനസ്സിൽ തെളിഞ്ഞിട്ടും
കൂരിരുൾ പിന്നെയും ബാക്കി’
എന്ന് വിഷാദിക്കുമ്പോഴും ‘തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ’ എന്ന് പ്രതീക്ഷ കൈവിടാതെ നിലകൊള്ളുമ്പോഴുമൊക്കെ കവി ഇത്തരമൊരു ശൈലിയെ പാട്ടിൽ നിലയുറപ്പിക്കുകയാണ്. എഴുതാത്ത കാവ്യം പോലെ വിടരാത്ത സൂനം പോലെ എന്നൊക്കെ കേച്ചേരിയുടെ പാട്ടിൽ കേൾക്കുമ്പോൾ നാം അമ്പരക്കേണ്ടതില്ല. ‘നീറുന്ന കനലും നീഹാര ബിന്ദുവുമൊക്കെ നീയാണ്’ എന്ന് അദ്ദേഹം കാലത്തെ അഭിസംബോധന ചെയ്തു. ‘ആടിക്കാർമുകിൽ അകന്ന വാനത്ത് ഒരാവണിക്കതിർ മാല’ എപ്പോഴും പ്രത്യക്ഷപ്പെടും എന്ന് കേച്ചേരി തന്റെ പാട്ടിൽനിനച്ചു. യൂസഫലി കേച്ചേരി പാട്ടിൽ കൊണ്ടുവന്ന ഭാവനാ വൈഭവത്തിന്റെയും രചനാനുഭവത്തിന്റെയും വെളിച്ചം അത്രക്ക് ദീപ്തമായിരുന്നു. പാട്ടിൽ മറ്റാരും സഞ്ചരിക്കാത്ത ഒരു വഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. കേച്ചേരിയുടെ ഗാനങ്ങൾ മലയാള ഗാനചരിത്രത്തിലെ സവിശേഷമായ ആവിഷ്കാരങ്ങളായിത്തീരുന്നു. വാക്കുകളിൽ നിന്നുണ്ടാകുന്ന അനുഭൂതിയാണ് പാട്ട് എന്ന് അദ്ദേഹം കരുതിയിരുന്നു. വൈരുധ്യങ്ങളെ പാട്ടിന്റെ സൗന്ദര്യ സാരമാക്കി മാറ്റിയ കവി കൂടിയാണ് അദ്ദേഹം.
പാട്ടിന്റെ സ്വരൂപ സങ്കൽപങ്ങളിൽ ഇങ്ങനെയുള്ള രീതി അപൂർവമായിരുന്നു. വിരുദ്ധ സൗന്ദര്യം പകരുന്ന ഇമേജറികളുടെ ഒരു ഭാവലോകം പാട്ടിൽ തുറന്നുവെക്കുകയായിരുന്നു യൂസഫലി കേച്ചേരി. നമ്മുടെ വികാരവിചാരങ്ങളെ പാട്ടിൽ മുഴുവൻ വിരുദ്ധ സൗന്ദര്യത്തിന്റെ ഫിലോസഫിയിൽ കവി സംക്ഷേപിച്ചത് ഇങ്ങനെയായിരുന്നു. ‘സ്വർഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ. കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും നഭസ്സേ നീ തന്നെ...’


