ആഷാഢം പാടുന്നു
text_fieldsകെ. ജയകുമാർ ഐ.എ.എസ് - ചിത്രങ്ങൾ: ബൈജു കൊടുവള്ളി
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ 400ഓളം ഗാനങ്ങൾകൊണ്ട് മലയാളികളുടെ മനസ്സിൽ ഒപ്പുവെച്ചു കെ. ജയകുമാർ ഐ.എ.എസ്. ഗാനരചനയുടെ 40ാം വർഷത്തിൽ തിരക്കഥാകൃത്തും സംവിധായകനും വിവർത്തകനും ചിത്രകാരനും കൂടിയായ ജയകുമാർ എഴുത്തും ജീവിതവും പറയുന്നു
ഓരോ ഫയലിന് പിന്നിലും ഒരു ജീവിതം മാത്രമല്ല, പാട്ടും കവിതയും കൂടി ഉണ്ടെന്ന് വിശ്വസിക്കാനാണ് കെ. ജയകുമാർ എന്ന ഐ.എ.എസുകാരന് ഇഷ്ടം. തിരക്കേറിയ ഉദ്യോഗമുണ്ടെങ്കിൽ പിന്നെ എഴുത്തിന് എവിടെ നേരമെന്ന് ആശങ്കപ്പെടുന്നവർക്കും എഴുത്തിനൊപ്പം ഉന്നത ഉദ്യോഗമോ എന്ന് ആശ്ചര്യപ്പെടുന്നവർക്കും സാഹിത്യത്തിലും കലയിലും കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളെ പാഠപുസ്തകമാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ‘ചന്ദനലേപ സുഗന്ധം ചൂടിയ’ 400ഓളം ഗാനങ്ങൾകൊണ്ട് മലയാളികളുടെ മനസ്സിൽ ജയകുമാർ ഒപ്പുവെച്ചു.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ‘പിംഗളകേശിനി’ അടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി 50ഓളം പുസ്തകങ്ങൾ. ഇന്ത്യക്കകത്തും പുറത്തുമായി 20ഓളം ഏകാംഗ ചിത്രപ്രദർശനങ്ങൾ. സിനിമകൊണ്ട് ജീവിച്ച കുടുംബത്തിൽനിന്ന് സബ് കലക്ടറായി തുടങ്ങി കലക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ടൂറിസം ഡയറക്ടർ, ചലച്ചിത്ര വികസന കോർപറേഷൻ എം.ഡി, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, എം.ജി, മലയാളം സർവകലാശാലകളുടെ വൈസ് ചാൻസലർ, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിങ്ങനെ എണ്ണമറ്റ ഔദ്യോഗിക പദവികൾ പിന്നിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടറായി തുടരുന്ന ജയകുമാർ ഔദ്യോഗിക ജീവിതത്തെ കവിതയുടെ താളവും പാട്ടിന്റെ ഈണവും വരയുടെ വർണങ്ങളുംകൊണ്ട് സർഗാത്മകമാക്കി. ഗാനരചനയുടെ 40ാം വർഷത്തിൽ തിരക്കഥാകൃത്തും സംവിധായകനും വിവർത്തകനും ചിത്രകാരനുംകൂടിയായ ജയകുമാർ എഴുത്തുകാലവും ജീവിതവും ഓർത്തെടുക്കുന്നു.
സിനിമയെന്ന കുടുംബം
എന്റെ കുടുംബംതന്നെ സിനിമയാണ്. ഞാൻ ജനിക്കുമ്പോൾ അച്ഛൻ എം. കൃഷ്ണൻനായർ സംവിധായകനാണ്. ജീവിതത്തിൽ നിവർന്നുനിൽക്കാൻ ഒരുപാട് പൊരുതിയ മനുഷ്യൻ. നൂറോളം സിനിമകൾ ഒരുക്കിയ ഹിറ്റ് മേക്കർ. എഴുത്തുകാരനാകണമെന്ന് ഞാൻ പണ്ടേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഡോക്ടറാക്കാൻ വീട്ടുകാർ ബി.എസ്സിക്ക് ചേർത്ത ഞാൻ അതുകഴിഞ്ഞ് നാഗ്പൂർ സർവകലാശാലയിൽ എം.എ ഇംഗ്ലീഷ് പഠിക്കാൻ പോയത്. ആ രണ്ട് വർഷം ജീവിതത്തെ മാറ്റിമറിച്ചു. നല്ലൊരു വിദ്യാർഥിയാണെന്ന് സ്വയം ബോധ്യപ്പെട്ട നാളുകൾ.
നാട്ടിൽ തിരിച്ചെത്തി ആറുമാസം തമ്പാനൂരിലെ ലോഡ്ജിൽ മുറിയെടുത്ത് രാവും പകലും പഠനം മാത്രമായി കഴിഞ്ഞു. 1978ൽ ഐ.എ.എസ് കിട്ടി. സിവിൽ സർവിസിൽ എത്തിയത് ബോധപൂർവമുള്ള തീരുമാനമാണ്. എന്നാൽ, എഴുത്തിലേക്കുള്ള വരവ് സ്വാഭാവികവും. വെറും എഴുത്തുകാരനായി നടന്നാൽ ജീവിക്കാൻ കഴിയില്ല എന്ന പ്രായോഗിക ബോധവും എനിക്കുണ്ടായിരുന്നു. ആ തിരിച്ചറിവ് എന്നിലുണ്ടാക്കിയത് അമ്മയാണ്. അമ്മ എപ്പോഴും പറയും: ‘സിനിമയൊക്കെ കൊള്ളാം. പണം കിട്ടുമ്പോൾ കിട്ടും. ഒന്നാം തീയതി കാശ് കൈയിൽ വരണമെങ്കിൽ സർക്കാർ ജോലി തന്നെ വേണം.’ അങ്ങനെയാണ് നല്ലൊരു ജോലി വാങ്ങി ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കിയിട്ട് മതി എഴുത്ത് എന്ന് തീരുമാനിച്ചത്.
ടാഗോർ, ആശാൻ, വയലാർ
അച്ഛനാണ് രവീന്ദ്രനാഥ ടാഗോറിനെ വായിക്കാൻ പ്രേരിപ്പിച്ചത്. വയലാർ രാമവർമയുടെ പ്രചോദനം ടാഗോർ ആണെന്ന് അച്ഛൻ പറയുമായിരുന്നു. വയലാറിന്റെ ബ്രീഫ്കേസിൽ എപ്പോഴും ‘ഗീതാഞ്ജലി’ ഉണ്ടാകും. ആദ്യ വായനയിൽ എനിക്ക് ‘ഗീതാഞ്ജലി’ ഒട്ടും മനസ്സിലായില്ല. വീണ്ടും പലതവണ വായിച്ചു. ആത്മീയത എന്നത് കെട്ടുകാഴ്ചകളല്ലെന്നും ഈ പ്രപഞ്ചംതന്നെയാണ് ഏറ്റവും വലിയ ആരാധനാലയം എന്നതും ആഴമുള്ള അറിവായിരുന്നു. പാരിസ്ഥിതിക ബോധം ആത്മീയബോധം കൂടിയായി മാറിയത് ആ വായനയിലൂടെയാണ്.
കവിതയിൽ കുമാരനാശാനും പാട്ടെഴുത്തിൽ വയലാറുമാണ് ഗുരുക്കൻമാർ. 19ാം വയസ്സിൽ ‘ആശാന്റെ മാനസപുത്രിമാർ’ എന്ന പുസ്തകം എഴുതി. അതൊക്കെ ചില നിയോഗങ്ങളാണ്. ആ പ്രായത്തിൽ ആശാനെ അറിഞ്ഞില്ലായിരുന്നു എങ്കിൽ കവിതയെക്കുറിച്ച എന്റെ സങ്കൽപം മറ്റൊന്നാകുമായിരുന്നു. ഒരുപക്ഷേ സാഹിത്യം പഠിക്കാതെ ഡോക്ടറായി ജീവിച്ചേനെ. വയലാറിനോടുള്ള ആരാധനയിൽനിന്നാണ് പാട്ടെഴുതാൻ ആഗ്രഹം ജനിച്ചത്. അച്ഛന് വയലാറുമായി അടുത്ത ബന്ധമായിരുന്നു.
പലതവണ വീട്ടിൽ വന്നിട്ടുണ്ട്. ചില പരിപാടികൾക്ക് ഞാൻ ഡ്രൈവ് ചെയ്ത് വാഹനത്തിൽ കൊണ്ടുപോയിട്ടുമുണ്ട്. അതെല്ലാം വലിയ സുകൃതമായി തോന്നുന്നു. വയലാറിന്റെ ചില ഗാനങ്ങൾ ആ കൈപ്പടയിൽ ഞാനാണ് ആദ്യം വായിച്ചത്. പടത്തിന്റെ സന്ദർഭങ്ങൾ മുൻകൂട്ടി അറിയുമ്പോൾ ഗാനരചന ഞാനായിരുന്നെങ്കിൽ എന്ന് സങ്കൽപിച്ച് വെറുതെ സ്വയം എഴുതിനോക്കും. യഥാർഥ പാട്ട് വരുമ്പോഴാണ് വയലാറിന്റെ വരികളുടെ ശക്തിയും ഭംഗിയും എന്റെ എഴുത്തിന്റെ ദൗർബല്യങ്ങളും മനസ്സിലാവുക.
‘കൈക്കൂലി’യായി ആദ്യ പാട്ട്
1973ൽ അച്ഛന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭദ്രദീപ’ത്തിൽ 20ാം വയസ്സിലാണ് ആദ്യമായി സിനിമക്ക് പാട്ടെഴുതുന്നത്. തുടക്കംതന്നെ മഹാപ്രതിഭകളോടൊപ്പമായിരുന്നു. സംഗീതം ബാബുരാജ്. ചിത്രത്തിലെ മറ്റ് നാല് ഗാനങ്ങളും എഴുതിയത് വയലാർ. ഞാൻ എഴുതിയ ‘മന്ദാര മണമുള്ള കാറ്റേ’ എന്ന ഗാനം ആലപിച്ചത് യേശുദാസ്. പാടി അഭിനയിച്ചത് പ്രേംനസീർ. ആ പാട്ട് ഒരു ‘കൈക്കൂലി’യായിരുന്നു. ഞാനും അമ്മയും കൂടി അച്ഛന് ഒരു സിനിമക്കുള്ള കഥ കണ്ടുപിടിച്ച് കൊടുത്തു.
അമ്മയാണ് പറഞ്ഞത് അവനൊരു പാട്ട് കൊടുക്കണമെന്ന്. വയലാറിനോട് ചോദിക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി. അവസാനം ഒരു പാട്ട് എഴുതാൻ അനുവദിച്ചു. അന്ന് ബി.എസ്സിക്ക് പഠിക്കുകയാണ്. വരികൾ രണ്ട് മൂന്ന് തവണ വായിച്ച വയലാർ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. റെക്കോഡിങ് കഴിഞ്ഞാണ് ആദ്യമായി കേൾക്കുന്നത്. ഈ ഒരു പടം മാത്രമാണ് അച്ഛൻ തന്നത്. പഠിക്കേണ്ട സമയത്ത് പഠിക്കണം എന്നതായിരുന്നു അച്ഛന്റെ നിലപാട്. 12 വർഷം കഴിഞ്ഞാണ് വീണ്ടും പാട്ടെഴുത്തിലേക്ക് എത്തുന്നത്. അതിനിടെ, എം.എയും ഐ.എ.എസുമെല്ലാം പൂർത്തിയാക്കി.
‘ചന്ദനലേപ സുഗന്ധം’ തിരുത്തി; എം.ടിക്കു വേണ്ടി
‘ഒരു വടക്കൻ വീരഗാഥ’യിൽ പാട്ടെഴുതാൻ എം.ടിയോട് എന്റെ പേര് നിർദേശിച്ചത് പി.വി. ഗംഗാധരനാണ്. അന്ന് ഞാൻ കോഴിക്കോട് കലക്ടറാണ്. പല്ലവി മാത്രമാണ് ആദ്യം എഴുതിക്കൊടുത്തത്. രവി ബോംബെ പത്ത് പന്ത്രണ്ട് ട്യൂണുകളിട്ടു. ‘ലേപം’ എന്ന് കേട്ടാൽ അങ്ങാടിമരുന്നു കടയിൽ കയറിയതുപോലെ തോന്നില്ലേ എന്നൊക്കെ എം.ടിക്ക് സംശയം. ഇപ്പുറത്ത് ‘ചന്ദനം’ ഉണ്ടല്ലോ എന്ന് പറഞ്ഞു ഞാൻ. എം.ടിക്ക് തൃപ്തി വരാത്തതിനാൽ ബാക്കി വരികൾ പലതവണ മാറ്റിയെഴുതി. ഓരോ തവണയും എം.ടി പറഞ്ഞു, ‘നന്നായിട്ടുണ്ട്, എങ്കിലും യു കാൻ ഡു ബെറ്റർ.’ രണ്ട് മൂന്ന് ദിവസമെടുത്താണ് എഴുതിത്തീർത്തത്.
വടക്കൻപാട്ടിന്റെ അതേ മീറ്ററിൽ എഴുതിയതാണ് ‘കളരിവിളക്ക് തെളിഞ്ഞതാണോ’ എന്ന ഗാനം. രവി അതിനെ മറ്റൊരു അത്ഭുതമാക്കി. പാട്ട് മികച്ചതാകണമെങ്കിൽ സംഗീത സംവിധായകൻ മാത്രമല്ല, സിനിമാ സംവിധായകനും നന്നായിരിക്കണം. നമ്മൾ കൊടുക്കുന്ന വരികളെ അംഗീകരിക്കാൻ മനസ്സുള്ള ആളാകണം. ‘ഇതാർക്കും മനസ്സിലാകില്ല, കുറച്ചുകൂടി ലളിതമാക്കൂ’ എന്ന് പറയുന്ന സംവിധായകരുമുണ്ട്. അപ്പോൾ നമ്മളൊരു കൂലിയെഴുത്തുകാരനായി പോകും. ഹരിഹരനും പത്മരാജനും ഭരതനുമൊന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നവരല്ല.
‘ഇത്രമേൽ മണമുള്ള’ പാട്ടുകൾ
ഓരോ പാട്ടിന്റെ പിറവിയും മറക്കാനാവാത്ത അനുഭവമാണ്. ‘മഴ’ എന്ന സിനിമയിൽ ‘ആഷാഢം പാടുമ്പോളാത്മാവിൻ’ രാമനിലയത്തിൽ ഒരു രാത്രികൊണ്ട് ഇരുന്ന് എഴുതിയ പാട്ടാണ്. ആദ്യം എഴുതാനെത്തിയത് ഒരു കവിയാണ്. അദ്ദേഹം എഴുതാതെ മടങ്ങി. അമൃതവർഷിണി രാഗത്തിൽ രവീന്ദ്രൻ ഒരുക്കിയ ഈണത്തിൽ അതെഴുതാൻ ഒരുപാട് കഷ്ടപ്പെട്ടു. ചിത്രത്തിന്റെ സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഒരു ദിവസം വൈകിട്ട് പറയുന്നു, നാളെ രാവിലെ ഒരു പാട്ടു കൂടി വേണമെന്ന്. വിഷയം എന്തുമാകാം. പാട്ട് സൗമ്യമായിരിക്കണം. അങ്ങനെ എഴുതിയതാണ് ‘ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും.’ എനിക്ക് ഏറെ ഇഷ്ടപ്പെട്ട രചനയാണ്. പക്ഷേ, ഈണംകുറച്ചുകൂടി നന്നാകാമായിരുന്നു എന്ന് തോന്നി.
‘പക്ഷേ’ സിനിമയിലെ നായകൻ ഐ.എ.എസുകാരനായതിനാലാണ് ഗാനങ്ങളെഴുതാൻ സംവിധായകൻ മോഹൻ എന്നെ സമീപിച്ചത്. ‘സൂര്യാംശു ഓരോ വയൽപൂവിലും’, ‘മൂവന്തിയായ് പകലിൽ’ എന്നിവയടക്കം ജോൺസൺ ഈണമിട്ട മൂന്നു പാട്ടുകൾ. സിനിമ കണ്ടിട്ട് അന്ന് ഇ.കെ. നായനാർ പറഞ്ഞു; ‘തന്റെ പാട്ടാണല്ലേ കൊള്ളാം.’ എന്നെക്കുറിച്ച് ഇടക്ക് പ്രസംഗത്തിൽ നായനാർ പറയുമായിരുന്നു: ‘ഓൻ ആപ്പീസർ മാത്രമല്ല, എഴുത്തുകാരനുമാണ്.’ സർവിസിലിരുന്ന് പാട്ടെഴുതുന്നതിന് പ്രതിഫലം വാങ്ങാൻ അനുമതി നൽകിയത് അദ്ദേഹമാണ്. കെ. കരുണാകരനും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
‘ഇതാർക്കും മനസ്സിലാകില്ല, കുറച്ചുകൂടി ലളിതമാക്കൂ’ എന്ന് പറയുന്ന സംവിധായകരുണ്ട്. അപ്പോൾ നമ്മളൊരു കൂലിയെഴുത്തുകാരനായിപ്പോകും
ചില മോശം അനുഭവങ്ങളുമുണ്ട്. ‘പ്രണയവർണങ്ങൾ’ എന്ന സിനിമക്ക് അണിയറക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പാട്ടെഴുതി നൽകി. പിന്നീട് കേൾക്കുന്നത് എന്നെ ഒഴിവാക്കിയെന്നും മറ്റൊരാളെ ഏൽപിെച്ചന്നുമാണ്. സിനിമയിൽ അതെല്ലാം സ്വാഭാവികമാണ്. ‘നീലക്കടമ്പി’ന് പുറമെ നല്ല ഗാനങ്ങളുണ്ടായിരുന്ന ‘ഉത്രം നക്ഷത്രം’ (അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ), ‘സ്വർണച്ചാമരം’ (ഒരു പോക്കുവെയിലേറ്റ താഴ്വാരം), ‘കളിവാക്ക്’ (ഗഗന നീലിമ മിഴികളിലെഴുതും) തുടങ്ങിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്തില്ല. പുറത്തിറങ്ങിയ ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടുമില്ല.
1988ൽ ജെറി അമൽദേവിന്റെ സംഗീത സംവിധാനത്തിൽ തരംഗിണി പുറത്തിറക്കിയ ‘ആർദ്രഗീതങ്ങൾ’ എന്ന ആൽബത്തിലെ ചില്ലിട്ട വാതിലിൽ, പൂക്കളെ സ്നേഹിച്ച പെൺകിടാവെ, അന്ന് സന്ധ്യക്ക്, ഈ നീല വിശാലതയിൽ തുടങ്ങിയ ഗാനങ്ങൾ അക്കാലത്ത് ആസ്വാദകർ സിനിമാഗാനങ്ങൾപോലെ ഏറ്റുപാടിയവയാണ്. ട്യൂണിട്ടും അല്ലാതെയും പാട്ടുകൾ എഴുതിയിട്ടുണ്ട്. എഴുതിയ ശേഷം ട്യൂണിടുന്നതാണ് ഇഷ്ടം. രവി ബോംബെയെ പോലുള്ളവർ എഴുതിക്കൊടുത്താൽ ട്യൂൺ ഇടുമായിരുന്നു. ‘സൂര്യാംശു’ എഴുതിയ ശേഷം ജോൺസൺ ട്യൂൺ ഇട്ടതാണ്.
രവീന്ദ്രനും ജോൺസണും
രണ്ട് പേരോടൊപ്പവുമാണ് കൂടുതലും പ്രവർത്തിച്ചത്. ഇരുവരും പ്രതിഭാശാലികൾ. ദേവരാജൻ മാഷിന്റെ സ്കൂളിൽപ്പെട്ടയാളാണ് ജോൺസൺ. വരികൾക്ക് പരിക്കേൽപിക്കാതെ താളംകൊണ്ട് ചെറിയ ആന്ദോളനങ്ങൾ മാത്രം സൃഷ്ടിക്കുന്ന ശാന്തമായ ജലാശയമായിരുന്നു അദ്ദേഹം. എന്നാൽ, രവീന്ദ്രൻ ഇളകിമറിയുന്ന കടലാണ്. ‘സൗപർണികാമൃത വീചികളി’ലെ വരികളുടെ ക്രമം മാറ്റിയപ്പോഴും ‘ബട്ടർഫ്ലൈസി’ലെ ‘വാവാ മനോരഞ്ജിനി’ എന്ന പാട്ടിൽ ഞാൻ എഴുതാത്ത വരികൾ ഉപയോഗിച്ചപ്പോഴും രവീന്ദ്രനോട് ചെറിയ പിണക്കം തോന്നിയിട്ടുണ്ട്.
തുടരും, സിനിമയും പാട്ടും
നൂറോളം സിനിമകൾക്കും ഒട്ടേറെ ആൽബങ്ങൾക്കും പാട്ടെഴുതി. ബാബുരാജും ദേവരാജനും എം.കെ. അർജുനനും മുതൽ ബിജിബാൽ വരെയുള്ള സംഗീത സംവിധായകർക്കൊപ്പവും യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും മുതൽ നജീം അർഷാദ് വരെയുള്ള ഗായകർക്കൊപ്പവും പ്രവർത്തിച്ചു. ചിത്രകല എനിക്ക് വഴങ്ങുമെന്ന് നേരത്തേതന്നെ ബോധ്യപ്പെട്ടിരുന്നു. കവിതയിലും പാട്ടിലും ആവിഷ്കരിക്കപ്പെടാതെ പോകുന്ന സംഗതികൾ വരയിലേ വരൂ. അതൊരു നല്ല മാധ്യമമായി തോന്നി. 1999ൽ കുട്ടികൾക്കായി ‘വർണച്ചിറകുകൾ’ എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.
അച്ഛനെക്കുറിച്ചും വാഗ്ഭടാനന്ദനെക്കുറിച്ചും ഡോക്യുമെന്ററികൾ തയാറാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഉജ്ജയിനി’യിൽ ആറ് ഗാനങ്ങളും അദ്ദേഹവുമായി ചേർന്ന് തിരക്കഥയും എഴുതുന്നുണ്ട്. ഇതൊക്കെതന്നെയാണ് ജീവിതത്തിന്റെ അനുഗ്രഹങ്ങൾ എന്ന് വിശ്വസിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാത്തതിലൊന്നും ഒരു പരാതിയുമില്ല. ജീവിതാവസാനം വരെ പാട്ടും കവിതയും പ്രസംഗവുമെല്ലാം തുടരണമെന്നാണ് ആഗ്രഹം.
കവിതയും പാട്ടും രണ്ട് വഴികളാണ്. കവിത ആത്മാവിഷ്കാരമാണ്. അത് എഴുതേണ്ട സമയത്ത് എഴുതിയിരിക്കണം. പാട്ടിന് അത്തരമൊരു സമ്മർദമില്ല. രണ്ടിന്റെയും പദാവലികൾ വ്യത്യസ്തമാണ്. ഞാൻ എന്ന വ്യക്തിയുടെ ആശയപരമായ നിലപാടുകളാണ് കവിതയിലൂടെ പ്രകാശിപ്പിക്കുന്നത്. സിവിൽ സർവിസും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ ഒട്ടേറെ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
പാട്ടെഴുതാനുള്ള പല അവസരങ്ങളും തിരക്കുമൂലം ഒഴിവാക്കി. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കായിരുന്നു മുൻഗണന. പക്ഷേ, ഐ.എ.എസുകാരൻ മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്നെങ്കിൽ ജീവിതം ശുഷ്കിച്ചുപോയേനെ. ഇന്ന് സിനിമയുടെ കാലാവസ്ഥ മാറി. പാട്ട് അനിവാര്യമല്ല. വരികൾക്ക് പ്രാധാന്യം കുറഞ്ഞു. മ്യൂസിക്കിനാണ് മുൻതൂക്കം. എങ്കിലും മലയാളത്തിൽ ഒരു ഗാനവസന്തം തിരിച്ചുവരും എന്നുതന്നെയാണ് പ്രതീക്ഷ.
‘കുടജാദ്രിയിൽ’പിറക്കുന്നു
1985ൽ ‘ഒഴിവുകാല’ത്തിലൂടെയാണ് ഞാൻ പാട്ടെഴുത്തിലേക്ക് തിരിച്ചുവരുന്നത്. ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമാതാവ് പി.വി. ഗംഗാധരനോട് അവസരം ചോദിച്ചുവാങ്ങുകയായിരുന്നു. ജോൺസൺ ഈണമിട്ട ‘സായന്തനം നിഴൽ വീശിയില്ല’, ‘ചൂളം കുത്തും കാറ്റേ’ എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, റിലീസ് ചെയ്യാതെ പോയ ‘നീലക്കടമ്പ്’ എന്ന ചിത്രത്തിലെ നാല് ഗാനങ്ങളാണ് ആദ്യം പുറത്തുവന്നത്.
ഇതിൽ രേവതി രാഗത്തിൽ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനം പ്രതീക്ഷിച്ചതിലുമധികം ഹിറ്റായി. ആ പാട്ട് എഴുതുമ്പോൾ ഞാൻ മൂകാംബികയിൽ പോയിട്ടില്ല. അതേ ചിത്രത്തിലെ ‘ദീപം കൈയ്യിൽ സന്ധ്യാ ദീപം’, ‘നീലക്കടമ്പുകളിൽ’ എന്നീ പാട്ടുകൾ പാടാനെത്തിയ യേശുദാസ്, കെ.എസ്. ചിത്ര പാടിയ ‘കുടജാദ്രിയിൽ’ കേട്ട് തന്റെ വേർഷൻകൂടി റെക്കോഡ് ചെയ്തുകൊള്ളൂ എന്ന് പറഞ്ഞ് പാടിത്തരികയായിരുന്നു.
കമ്പോസിങ് നടക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിൽക്കുമ്പോഴാണ് ആദ്യമായി കേട്ടത്. പാട്ടിൽ ‘ഒരു ദുഃഖ സിന്ധുവായ് മാറുന്ന ജീവിതം’ എന്ന് ഞാൻ എഴുതിയത് റെക്കോഡിങ്ങിന് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവുമൂലം ‘ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം’ എന്നാണ് യേശുദാസും ചിത്രയും പാടിയിരിക്കുന്നത്. മൂകാംബിക ഭക്തൻകൂടിയായ യേശുദാസ് നേരിട്ട് കാണുമ്പോഴൊക്കെ ഈ ഗാനത്തെക്കുറിച്ച് പറയാറുണ്ട്.
സിനിമക്കുവേണ്ടി വിവിധ മതങ്ങളുടെ ഭക്തിഗാനങ്ങൾ പിന്നെയും എഴുതി. ‘കാരുണ്യക്കതിർ വീശി റംസാൻ പിറ തെളിയുമ്പോൾ’ (ചിത്രം: ഈ കൈകളിൽ), ‘സൗപർണികാമൃത വീചികൾ പാടും’ (കിഴക്കുണരും പക്ഷി), ‘കന്യാസുതാ കാരുണ്യദൂതാ’ (ബട്ടർഫ്ലൈസ്) എന്നിവ അതിൽപ്പെടുന്നു. ‘കുടജാദ്രി’യിൽനിന്ന് വ്യത്യസ്തവും മികച്ചതുമാകണം എന്നാണ് ‘കിഴക്കുണരും പക്ഷി’യിലെ ഭക്തിഗാനം എഴുതുമ്പോൾ സംവിധായകൻ വേണു നാഗവള്ളി ആവശ്യപ്പെട്ടത്.
രവീന്ദ്രനാണ് സംഗീതം. എഴുതിയ ശേഷമേ ട്യൂൺ ഇടാവൂ എന്നായിരുന്നു എന്റെ ഡിമാൻഡ്. രാത്രി 11ന് എഴുതാനിരുന്ന് പുലർച്ചെ നാലരയോടെ തീർത്ത ഗാനമാണ് ‘സൗപർണികാമൃത വീചികൾ പാടും’. പക്ഷേ, ഗാനം റെക്കോഡ് ചെയ്തപ്പോൾ വരികളുടെ ക്രമം മാറ്റി. ചരണത്തിൽ ‘ആകാശമിരുളുന്നൊരപരാഹ്നമായി...’ എന്ന വരികൾ കഴിഞ്ഞാണ് ‘കരിമഷി പടരുമീ കൽവിളക്കിൽ’ എന്ന പ്രാർഥന എഴുതിയത്. റെക്കോഡ് ചെയ്തപ്പോൾ പ്രാർഥന ആദ്യമായി. അത് രവീന്ദ്രന്റെ സ്വാതന്ത്ര്യം എടുക്കലാണ്. ദേവീ ദേവൻമാരെ ആപാദചൂഢം വർണിക്കലല്ല എന്റെ ഭക്തിഗാനങ്ങൾ. നമ്മുടെ കൊച്ചു മോഹങ്ങൾ ഒരു മഹാശക്തിക്കു മുന്നിൽ പ്രതിഷ്ഠിക്കുകയാണ്. എന്റെ പ്രാർഥനതന്നെയാണ് അവിടെ ഉയരുന്നത്.