ഒരേ ഞെട്ടിൽ വിടർന്ന പൂക്കൾ
text_fieldsപ്രേംനസീർ,ജി. ദേവരാജൻ
പ്രേംനസീർ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രമാണ് ‘തിരിച്ചടി’. എക്സെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോയാണ് നിർമാണവും സംവിധാനവും നിർവഹിച്ചത്. ഒരേ ഫ്രെയിമിൽ രണ്ടു വേഷങ്ങളിൽ പ്രേംനസീർ പ്രത്യക്ഷപ്പെടുമ്പോൾ അതിലൊരാൾ സഹോദരൻ പ്രേംനവാസ് ആയിരുന്നു എന്ന സത്യം അധികമാർക്കുമറിയില്ല.
വേറെയും പ്രത്യേകതകൾ ഉണ്ടായിരുന്നു തിരിച്ചടിക്ക്. തിരിച്ചടി എന്ന വാക്കിലെ തി, രി, ടി എന്നിവയിലെ വള്ളികൾ ഇടതുഭാഗത്ത് തിരിച്ചെഴുതിയാണ് പരസ്യം തയാറാക്കിയത്. സിനിമയുടെ വിജയത്തിന് സഹായകരമായി ഈ പരസ്യ തന്ത്രം. 1968ലാണ് ‘തിരിച്ചടി’ പ്രദർശനത്തിനെത്തുന്നത്. വയലാർ രാമവർമ എഴുതിയ വരികൾക്ക് ഈണം നൽകിയത്, തമിഴിൽ ഒട്ടനവധി സിനിമകൾക്ക് സംഗീതം നൽകിയ ആർ. സുദർശനം എന്ന രാമകൃഷ്ണ സുദർശനം. അദ്ദേഹം മലയാളത്തിൽ മൂന്നു സിനിമകൾക്കേ സംഗീതം നൽകിയിട്ടുള്ളൂ. ‘കുടുംബം’, ‘തിരിച്ചടി’, ‘ഹൃദയത്തിന്റെ നിറങ്ങൾ’.
‘ചിത്രാപൗർണമി രാത്രിയിലിന്നലെ
ലജ്ജാവതിയായ് വന്നവളേ
കാലത്തുറങ്ങി ഉണർന്നപ്പോൾ -നിന്റെ
നാണമെല്ലാം എവിടെപ്പോയ്...’
‘ബാല്യകാലസഖീ
നീയെന്നിനിയെന്‍ പ്രേമകഥയിലേ
നായികയായ്ത്തീരും...’
‘കുടുംബ’ത്തിൽ വയലാർ എഴുതിയ പാട്ടുകൾ. രണ്ടും പാടിയത് യേശുദാസ്, എസ്. ജാനകി. ഈ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയത് ആർ. സുദർശനം ആണ്.
‘തിരിച്ചടി’യിൽ ‘വെള്ളത്താമര മൊട്ടുപോലെ...’, ‘ഇന്ദുലേഖേ ഇന്ദുലേഖേ...’ , ‘കൽപക പൂഞ്ചോല കരയിൽ വാഴും...’ (മൂന്നു പാട്ടും പാടിയത് യേശുദാസ്, പി. സുശീല), ‘പൂ പോലെ പൂ പോലെ ചിരിക്കും...’, ‘പാതി വിടർന്നാൽ കൊഴിയുന്ന പൂവിന്...’, (രണ്ടും പി. സുശീല പാടിയത്), ‘കടുകോളം തീയുണ്ടെങ്കിൽ’ (യേശുദാസ്, പട്ടം സദൻ), ‘ഇന്ദുലേഖേ ഇന്ദുലേഖേ...’ (പി. സുശീല, യേശുദാസ്) എന്നിങ്ങനെ ഏഴു പാട്ടുകളുണ്ട്. ‘ഇന്ദുലേഖേ’ എന്ന ഗാനം രണ്ടു തരത്തിലുണ്ട്. ഒന്നിൽ യേശുദാസ് പാടുമ്പോൾ പി. സുശീല ഹമ്മിങ് മാത്രം പാടുന്നു. രണ്ടാമത്തേതിൽ തിരിച്ചും. മലയാളത്തിൽ വേറെ ഒരു ഗാനത്തിനും ഇങ്ങനെയൊരു പ്രത്യേകതയുള്ളതായി അറിവില്ല. ഇതിൽ ‘വെള്ളത്താമര മൊട്ടുപോലെ’ എന്ന ഗാനം കമൽ സംവിധാനം ചെയ്ത, 1989ൽ പുറത്തിറങ്ങിയ ‘പ്രാദേശിക വാർത്തകൾ’ എന്ന സിനിമയിൽ ഉൾപ്പെടുത്തുകയുണ്ടായി.
വയലാർ രാമവർമ,ആർ. സുദർശനം
‘തിരിച്ചടി’യിൽ രചനകൊണ്ടും ഈണം കൊണ്ടും ആലാപനംകൊണ്ടും മികച്ചുനിൽക്കുന്ന ഗാനമാണ്–
‘പാതി വിടർന്നാൽ കൊഴിയുന്ന പൂവിനു
പ്രേമമെന്നെന്തിനു പേരിട്ടു?
കണ്ണീരിലലിയും വാർമഴവില്ലിനു
പെണ്ണെന്നെന്തിനു പേരിട്ടു?’
‘ദാഹിച്ചു നടക്കുന്ന വേഴാമ്പൽപ്പക്ഷിക്ക്
മോഹമെന്നെന്തിനു പേരിട്ടു?
അക്കരപ്പച്ചയിലെ ആകാശത്തുമ്പിക്ക്
സ്വപ്നമെന്നെന്തിനു പേരിട്ടു?
സ്വപ്നമെന്നെന്തിനു പേരിട്ടു?
മണ്ണിൽ വീണുടയുന്ന പളുങ്കുപാത്രത്തിനു
മനസ്സെന്നെന്തിനു പേരിട്ടു?
വിളിക്കാതെ വരുന്നൊരു വിരുന്നുകാരനു
വിധിയെന്നെന്തിനു പേരിട്ടു?
നമുക്കീ ഗാനത്തിന്റെ വരികളിലൂടെ ഒന്നു സഞ്ചരിക്കാം.
‘പാതിവിടർന്നാൽ കൊഴിയുന്ന പൂവാണ് പ്രേമം. കണ്ണീരിലലിയുന്ന വാർമഴവില്ലാണ് സ്ത്രീ. ദാഹിച്ചു നടക്കുന്ന വേഴാമ്പൽ പക്ഷിയാണ് മോഹം. അക്കരപ്പച്ചയിലെ ആകാശത്തുമ്പിയാണ് സ്വപ്നം. മനസ്സിനെ മണ്ണിൽ വീണുടയുന്ന പളുങ്കുപാത്രമായും വിധിയെ വിളിക്കാതെ വരുന്ന വിരുന്നുകാരനായും വയലാർ രാമവർമ ഉപമിച്ചിരിക്കുന്നു. ഈ വരികളെല്ലാം ഒരുപാട് ചിന്തകൾ നൽകുന്നുണ്ട്.
‘പാതിവിടർന്നാൽ...’ എന്നു തുടങ്ങുന്ന സ്വന്തം ഗാനം വയലാർ രാമവർമക്കു മറ്റൊരു ഗാനത്തിന് പ്രചോദനമായി.
1971ൽ പുറത്തിറങ്ങിയ ‘അവളൽപ്പം വൈകിപ്പോയി’ എന്ന സിനിമയിലെ ‘വർഷമേഘമേ തുലാവർഷമേഘമേ’ എന്നു തുടങ്ങുന്ന ഗാനമാണത്. സംഗീതം ജി. ദേവരാജൻ. പാടിയത് പി. സുശീല.
‘തിരിച്ചടിയി’ലെ പ്രേമം എന്ന പാതി വിടർന്നാൽ കൊഴിയുന്ന പൂവ്, ‘അവളൽപം വൈകിപ്പോയി’ സിനിമയിൽ പീലികൾ നീർത്തുന്ന വാർമഴവില്ലായി.
വരികൾ ഇങ്ങനെ:
‘പീലികള്‍ നീർത്തുന്ന വാർമഴവില്ലിനെ
പ്രേമമെന്നു വിളിക്കും ഞാൻ –എന്റെ
പ്രേമമെന്നു വിളിക്കും ഞാന്‍’.
ദാഹിച്ചു നടക്കുന്ന വേഴാമ്പൽ പക്ഷിയാണ് മോഹം എന്നാണ് ‘തിരിച്ചടി’യിലെ ഗാനത്തിലുള്ളത്. ഈ മോഹത്തെ ചെറിയൊരു മാറ്റം വരുത്തി ‘അവളൽപ്പം വൈകിപ്പോയി’യിൽ ദാഹിച്ചുപറക്കുന്ന വേഴാമ്പൽപ്പക്ഷിയാക്കി എന്നുമാത്രം.
വരികൾ:
‘ദാഹിച്ചുപറക്കുന്ന വേഴാമ്പൽപ്പക്ഷിയെ
മോഹമെന്നു വിളിക്കും ഞാൻ–
എന്റെ
മോഹമെന്നു വിളിക്കും ഞാൻ...’
1998ൽ പുറത്തിറങ്ങിയ ചിത്രമാണ്, ജയരാജ് സംവിധാനം ചെയ്ത ‘സ്നേഹം’. 1977ൽ ഇതേ പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട് –സംവിധാനം: എ. ഭീംസിങ്. 1998ലെ ‘സ്നേഹ’ത്തിൽ യൂസഫലി കേച്ചരി എഴുതിയ ഹിറ്റ് ഗാനം ശ്രദ്ധിക്കുക.
‘പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു...
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു.’
(സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്)
ഇവിടെ പ്രേമം പേരറിയാത്ത നൊമ്പരമായി.
മണ്ണിൽ വീണുടയുന്ന പളുങ്കുപാത്രത്തെ മനസ്സ് എന്നാണ് വയലാർ വിശേഷിപ്പിച്ചത്. മണ്ണില്‍ വീണുടയുന്ന തേന്‍കുടം യൂസഫലി കേച്ചേരിക്ക് കണ്ണുനീരാണ്.
മറക്കാനാവാത്ത മൗനസംഗീതമാണ് യൂസഫലി കേച്ചേരിക്ക് മനസ്സ്.
വരികൾ–
‘മറക്കുവാനാവാത്ത മൗനസംഗീതത്തെ
മാനസമെന്നും വിളിച്ചു...’
മൂന്നു ഗാനങ്ങളിലെയും സമീപന രീതിയിലെയും പ്രയോഗങ്ങളിലെയും സാമ്യം യാദൃച്ഛികം എന്നുപറഞ്ഞ് തള്ളിക്കളയാനാവില്ല.
യേശുദാസ്, പി. സുശീല
‘പാതി വിടർന്നാൽ’ എന്ന ഗാനത്തിൽ ‘എന്തിനു പേരിട്ടു?’ എന്ന ചോദ്യമാണുള്ളത്. വയലാറിന്റെ തന്നെ ‘വർഷമേഘമേ’ എന്ന ഗാനത്തിൽ ‘എന്നു വിളിക്കും’ എന്നും യൂസഫലി കേച്ചേരിയുടെ ‘പേരറിയാത്തൊരു നൊമ്പരത്തെ’ എന്ന ഗാനത്തിൽ ‘ആരോ വിളിച്ചു’ എന്നുമാണുള്ളത്.
അവസാനം പറഞ്ഞ രണ്ടു ഗാനങ്ങളും ആദ്യം സൂചിപ്പിച്ച ‘പാതി വിടർന്നാൽ’ എന്ന ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണെങ്കിലും മലയാളത്തിലെ ശ്രദ്ധേയമായ ഗാനങ്ങളായി മാറി എന്ന കാര്യം വിസ്മരിക്കാനാവില്ല.
=======
പിൻകുറിപ്പ്:
‘തിരിച്ചടി’യിലെ ‘പൂ പോലെ പൂ പോലെ ചിരിക്കും’ എന്ന ഗാനംപോലെ ‘പൂപോലെ പൂപോലെ ജനിക്കും പാൽപോലെ പാൽപോലെ ചിരിക്കും’ എന്നൊരു ഗാനത്തിനും ആർ. സുദർശനം ഈണം നൽകിയിട്ടുണ്ട്. ചിത്രം: ‘ഹൃദയത്തിന്റെ നിറങ്ങൾ’. രചന: ശ്രീകുമാരൻ തമ്പി. പാടിയത്: ജയചന്ദ്രൻ, പി മാധുരി. വർഷം 1979.