Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightനീയുറങ്ങ് നിലാവേ...

നീയുറങ്ങ് നിലാവേ...

text_fields
bookmark_border
S.P. Venkatesh
cancel
camera_alt

എസ്.പി. വെങ്കിടേഷ്

‘ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ...’ ‘പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ഓണമായിതാ തിരുവോണമായിതാ...’ കേട്ടുമറന്ന പാട്ടിന്റെ ആദ്യ വാക്കിൽതന്നെ, ഈണം വന്നു മനസ്സിൽ നിറയുന്ന എത്രയെത്ര ഗാനങ്ങൾ... എത്ര പാട്ട് വീണ്ടും കേട്ടാലും ആ ഈണമിങ്ങനെ നാവിൻ തുമ്പിൽ തത്തിക്കളിക്കും. ഒരായിരം ഓർമകളും സന്തോഷവും പ്രണയവും വിരഹവും താരാട്ടും മധുര മനോഹര സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒരേപോലെ വന്നുനിറയുന്ന എസ്.പി. വെങ്കിടേഷ് ഗാനങ്ങൾ. ഒരു നിലാവുപോലെ ആ ‘സംഗീത മാന്ത്രികൻ’ മാഞ്ഞുപോയിരിക്കുന്നു. എന്നാൽ, ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം എസ്.പി.വി ശ്രുതിയിട്ട സംഗീതം ഇവിടെത്തന്നെയുണ്ടാകും.

ഈണങ്ങൾകൊണ്ട് സന്തോഷിപ്പിച്ച പ്രതിഭ അതാണ് എസ്.പി. വെങ്കിടേഷ്. പ്രഗല്ഭരായ നിരവധി സംഗീതജ്ഞർ അരങ്ങുവാഴുന്ന കാലത്ത് കടന്നുവന്ന് മലയാള സിനിമാസംഗീതത്തിൽ സ്വന്തമായ ഒരിടം സൃഷ്‌ടിച്ചെടുത്ത ‘സംഗീത രാജൻ’. അദ്ദേഹത്തെ ‘രാമുവിൻ മനൈവികൾ’ എന്ന സിനിമയുടെ സംഗീതനിർവഹണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വസതിയിലും വീടിനോടു ചേർന്നുതന്നെയുള്ള സ്റ്റുഡിയോയിലും വെച്ച് കാണാൻ അവസരമുണ്ടായി. പിന്നീട് വീട്ടിൽ വെച്ച് പലതവണ കാണുകയും സുദീർഘമായി സംസാരിക്കുകയും ചെയ്തു.

മലയാളത്തിൽനിന്ന് അവസരങ്ങൾ കുറഞ്ഞ് മാറിനിൽക്കേണ്ടിവന്ന സാഹചര്യവും അതേസമയം, ചെന്നൈയിൽ റീറെക്കോഡിങ്ങിൽ സജീവമാണെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചിരുന്നു. സംഗീതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും അദ്ദേഹം ഒത്തിരി സംസാരിച്ചു. എന്നാൽ, അപ്രതീക്ഷിതമായി മരണമെന്ന താളം അദ്ദേഹത്തെ പിടിമുറുക്കി. ആ സംഗീത പ്രതിഭക്ക് ആദരമായി വാരാദ്യമാധ്യമത്തിൽ ഈ ലക്കം അദ്ദേഹം പങ്കുവെച്ച വാക്കുകൾ പ്രസിദ്ധീകരിക്കുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ ഇനി അദ്ദേഹത്തിനായി സംഗീതം പൊഴിക്കട്ടെ...


ദേവരാജൻ മാസ്റ്ററെയും ബാബുരാജിനെയുമൊക്കെ പിന്തുടർന്ന് 1980കളിൽ കടന്നുവന്ന സംഗീതസംവിധായകരുടെ തലമുറയിൽ ഏറ്റവും പ്രതിഭാസമ്പന്നനാണ് എസ്.പി. വെങ്കിടേഷ് എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് പറഞ്ഞിട്ടുണ്ട്.

സംഗീതസംവിധായകനാകണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല. പടങ്ങളുടെ പശ്ചാത്തല സംഗീതസംവിധാനവും ഓർക്കസ്ട്രാ അറേഞ്ച്മെന്റ്സും മാൻഡലിൻ വായനയുമായി കഴിഞ്ഞുപോകാനായിരുന്നു ആഗ്രഹം. ഡെന്നീസ് ജോസഫും തമ്പി കണ്ണന്താനവും ചേർന്നാണ് ഈ വേഷമണിയിച്ചത്. രവീന്ദ്രനും ജോൺസനും എം.ജി. രാധാകൃഷ്ണ‌നുമൊക്കെ തിളങ്ങിനിൽക്കുന്ന സമയമാണ്. ഡെന്നീസും തമ്പിയും തന്ന ധൈര്യത്തിലാണ് ‘രാജാവിന്റെ മകൻ’ ഏറ്റെടുക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഈണം പകർന്നു. ‘വിണ്ണിലെ ഗന്ധർവ വീണകൾ’, ‘ദേവാംഗനേ ദേവസുന്ദരീ’, ‘പാടാം ഞാനാ ഗാനം...’ ഉണ്ണിമേനോനും ലതികയും മനോഹരമായി പാടി. ഒപ്പം പശ്ചാത്തല സംഗീതവും.

ഒരൊറ്റയിരുപ്പിൽ 25 ഈണങ്ങൾ വരെ മെനഞ്ഞെടുത്തുകളയും. എല്ലാം വ്യത്യസ്തവു. ഇത്തരം നിരവധി അനുഭവങ്ങൾ പല സംവിധായകരും പറഞ്ഞിട്ടുണ്ട്.

ട്യൂണുകൾ ഉണ്ടാക്കാം. അവയിൽനിന്ന് ഏറ്റവും മികച്ചതും എളുപ്പം ആസ്വാദകമനസ്സിൽ ഇടംനേടാൻ സാധ്യതയുള്ളതും തിരഞ്ഞെടുക്കുക എന്നതാണ് പ്രയാസം. എനിക്കതു സാധിക്കില്ല. സംഗീതബോധമുള്ള സംവിധായകനാണ് അതു സാധിക്കുക. അങ്ങനെ സംഭവിച്ചപ്പോഴെല്ലാം നമ്മുടെ പാട്ടുകൾ മലയാളികൾ സ്വീകരിച്ചു. എന്റെ പല ഗാനങ്ങളും ഹിറ്റായതിനു പിന്നിൽ ഡെന്നീസ് ജോസഫിന്റെ സ്വാധീനമുണ്ട്. ഉചിതമായ ഈണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഡെന്നീസിന് പ്രത്യേക കഴിവുണ്ട്.

രാജാവിന്റെ മകനും ഇന്ദ്രജാലവും കിലുക്കവും ജോണിവാക്കറും ഹിറ്റ്ലറും കാബൂളിവാലയും ചെയ്‌ത ശൈലിയല്ല പൈതൃകത്തിലെയും വാത്സല്യത്തിലെയും സോപാനത്തിലെയും പാട്ടുകളിൻ സ്വീകരിച്ചത്. തീർത്തും വ്യത്യസ്തമാണ് സമീപനം.

പാട്ടുകൾകൊണ്ടു മാത്രം ഓർമിക്കപ്പെടുന്ന ചിത്രങ്ങൾ ധാരാളമുണ്ട്. കിലുകിൽ പമ്പരം, മീനവേനലിൽ, ഊട്ടിപട്ടണം (കിലുക്കം), വാൽക്കണ്ണെഴുതിയ, സ്വയംവരമായ് (പൈതൃകം), കനകനിലാവേ (കൗരവർ), ആതിര വരവായി, അളകാപുരിയിൽ (തുടർക്കഥ), പാതിരാക്കിളി (കിഴക്കൻ പത്രോസ്), ശാന്തമീരാത്രിയിൽ, ചാഞ്ചക്കം തെന്നിയും (ജോണിവാക്കർ), താമരക്കണ്ണനുറങ്ങേണം (വാത്സല്യം), ചന്ദനക്കാറ്റേ... (ഭീഷ്‌മാചാര്യ), നിലാവേ മായുമോ (മിന്നാരം), ഓണത്തുമ്പീ പാടൂ (സൂപ്പർമാൻ), മാരിക്കുളിരിൽ നീലത്തുളസി, കനകനിലാവേ, മുത്തുമണി തൂവൽ തരാം... (കൗരവർ), ദൂരെ ദൂരെ ദൂരെ പാടും, കുഞ്ഞു പാവക്കിന്നല്ലോ (നാടോടി), തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ, തുമ്പിപ്പെണ്ണെ വാവാ... (ധ്രുവം), മാലിനിയുടെ തീരങ്ങൾ... (ഗാന്ധർവം), വാൽക്കണ്ണെഴുതിയ മകരനിലാവിൽ (പൈതൃകം), ഒന്നുരിയാടാൻ കൊതിയായി (സൗഭാഗ്യം), അലയും കാറ്റിൻ ഹൃദയം, താമരക്കണ്ണനുറങ്ങേണം (വാത്സല്യം), പാൽനിലാവിനും, പുത്തൻപുതുക്കാലം, തെന്നൽ വന്നതും, പിറന്നൊരീ മണ്ണും (കാബൂളിവാല), നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും, ചിങ്കാരക്കിന്നാരം ചിരിച്ചുകൊഞ്ചുന്ന (മിന്നാരം), ബാഗി ജീൻസും ടോപ്പുമണിഞ്ഞ്... (സൈന്യം), കേളി വിപിനം വിജനം, മോഹിക്കും നീൾമിഴിയോടെ (മാന്ത്രികം), ആറ്റിറമ്പിലാൽമരത്തിൽ, ഓളക്കയ്യിൽ നീരാടി (മാന്നാർ മത്തായി സ്പീക്കിങ്), ഏഴിമല പൂഞ്ചോല, പരുമല ചെരുവിലെ, ഓർമകൾ ഓടക്കുഴലൂതി (സ്ഫടികം), വാർത്തിങ്കളേ, നീയുറങ്ങിയോ നിലാവേ... (ഹിറ്റ്ലർ), മാനത്തെ തുടിയുണരും, കടുകെട് മുളകെട് (ഒന്നാമൻ)... തുടങ്ങി ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ. സോപാനം സംഗീതപ്രാധാന്യമുള്ള ചിത്രമായിരുന്നു. പൊൻമേഘമേ, താരനൂപുരം ചാർത്തി, ക്ഷീരസാഗര ശയന തുടങ്ങിയ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. യേശുദാസിനു ദേശീയ അവാർഡും ചിത്രക്ക് സംസ്ഥാന അവാർഡും കിട്ടി.

സിറ്റ്വേഷനൽ ഗാനങ്ങൾ സൃഷ്ട‌ിക്കുന്നതിലുള്ള എസ്.പിയുടെ അസാമാന്യ പ്രതിഭ വിളിച്ചറിയിക്കുന്നവയാണ് ഈ ഹിറ്റുകളെല്ലാം. സിതാറിന്റെയും വീണയുടെയും നാദം വരെ ഗിറ്റാറിൽ ഉണ്ടാക്കാൻ എസ്.പിക്കു കഴിയും, ‘ഒരു ഗിറ്റാർ കൈയിലുണ്ടെങ്കിൽ എവിടെവെച്ചും ഏതുനേരവും വെങ്കിടേഷ് ഈണമുണ്ടാക്കും’ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ‘കിലുക്ക’ത്തിലെ ‘കിലുകിൽ പമ്പരം’ വെറും പത്തു മിനുറ്റിലുണ്ടായ ട്യൂൺ ആണെന്നും.

ചെന്നൈയിലെ ഹോട്ടൽ മുറിയിൽ വെച്ചാണ്. താരാട്ടിന്റെ മൂഡിലുള്ള ഒരു പാട്ട് വേണമെന്ന് പ്രിയദർശൻ പറഞ്ഞു. പെട്ടെന്ന് തോന്നിയ ഒരു ട്യൂൺ ഗിറ്റാറിൽ വായിച്ചുകൊടുത്തു, നീലാംബരി രാഗത്തിൽ. ഞാൻ മാത്രമല്ല, പിറ്റേന്നു രാവിലെ ബിച്ചു തിരുമല എ.വി.എം സ്റ്റുഡിയോയിൽ വന്നു. അദ്ദേഹം വരികൾ എഴുതിയതും വളരെ വേഗത്തിൽ. ‘കിലുകിൽ പമ്പരം’ എം.ജി. ശ്രീകുമാർ അപ്പോൾ തന്നെ പാടി. മലയാളികൾ സ്വീകരിച്ചതും അതിവേഗം!


ഇതുപോലെ മറ്റൊരു സംഭവം പറയാം. ഡെന്നീസ് ജോസഫ് സംവിധാനം ചെയ്‌ത ‘തുടർക്കഥ’യിൽ ആതിര വരവായി, അളകാപുരിയിൽ, മഴവില്ലാടും, ശരറാന്തൽ പൊന്നും പൂവും എന്നീ നാലു പാട്ടുകൾ എഴുതിത്തീർത്ത് ചെന്നൈയിൽ നിന്ന് തിരികെ പോകാനൊരുങ്ങുകയാണ് ഒ.എൻ.വി. കുറുപ്പ്. എ.വി.എം സ്റ്റുഡിയോയിലെ ഡൈനിങ് റൂമിൽ ഇരിക്കുമ്പോൾ ഡെന്നീസ് പറഞ്ഞു- ‘ഗിറ്റാറിൽ എന്തെങ്കിലും ഒരു പീസ് വായിക്കൂ’ എന്ന്. ഞാൻ ചെറിയൊരു ബിറ്റ് വായിച്ചു. ഒരു രസത്തിനു വായിച്ചതാണെങ്കിലും ആ ഈണം ഡെന്നീസിന് ഇഷ്ടമായി. സിനിമയിൽ പാട്ടായി ഉപയോഗിക്കണമെന്നായി. നിർബന്ധത്തിനു വഴങ്ങി ഒ.എൻ.വി നിന്നനിൽപിൽ രണ്ടു വരി ചൊല്ലിക്കൊടുത്തു. ബാക്കി നാട്ടിലെത്തി ഫോണിൽ വിളിച്ചു പറഞ്ഞുകൊടുത്തു.

‘മാണിക്യക്കുയിലേ
നീ കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ...’

എന്നു തുടങ്ങുന്ന പാട്ട്. മുട്ടത്തുവർക്കിയുടെ കഥക്ക് ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കിയ ചിത്രമാണ് കിഴക്കൻ പത്രോസ്. ടി.എസ്. സുരേഷ് ബാബു സംവിധാനം. മമ്മൂട്ടി ടൈറ്റിൽ റോളിൽ. ഉർവശിയും പാർവതിയും ലളിതയുമൊക്കെയുണ്ട്. എറണാകുളത്ത് പടത്തിന്റെ പൂജ നടക്കുന്നു. ഒ.എൻ.വി കുറുപ്പും മറ്റു ഗസ്റ്റുകളും ഇരിക്കുന്നുണ്ട്. ഗിറ്റാറിൽ ഒരു ട്യൂൺ പ്ലേ ചെയ്യാൻ എല്ലാവരും പറഞ്ഞു. ഞാൻ വായിച്ചു. എല്ലാവർക്കും ഇഷ്ടമായി.

മൂന്നു പാട്ടുകൾ കിഴക്കൻ പത്രോസിൽ ഉണ്ട്. പുതിയതായി ഞാൻ കേൾപ്പിച്ച ഈണത്തിലും ഒരു പാട്ടു വേണം എന്ന് സംവിധായകൻ. എല്ലാവരും സപ്പോർട്ട് ചെയ്തു. ഒ.എൻ.വി എഴുതാമെന്നേറ്റു. ആ പാട്ടാണ് ‘പാതിരാക്കിളീ...’ യേശുദാസ് പാടിയപ്പോൾ അതു കൂടുതൽ മനോഹരമായി. ‘പാതിരാക്കിളി’ക്ക് സ്വന്തമായ ഇടം മലയാളികളുടെ മനസ്സിൽ കിട്ടി.

പ്രിയദർശന് ആ ഈണം നന്നായി പിടിച്ചു. കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ആ പാട്ട് പ്ലേസ് ചെയ്യേണ്ടതായിരുന്നു എന്നൊക്കെ പ്രിയൻ പറഞ്ഞു. ആ ഈണം ഉപയോഗിക്കാൻ പെർമിഷൻ ചോദിച്ചു. പിന്നീട് 1998ൽ ‘തേൻമാവിൻ കൊമ്പത്ത്’ ഹിന്ദിയിൽ (സാത് രംഗ് കേ സപ്‌നേ) എടുത്തപ്പോൾ ‘ജൂത് ബോൽ നാ സച് ബാത് ബോൽ ദേ’ എന്നു തുടങ്ങുന്ന പാട്ടിന് ‘പാതിരാക്കിളി’യുടെ ഈണം പ്രിയൻ ഉപയോഗിച്ചു. പ്രിയന്റെ ഹിന്ദി ചിത്രങ്ങൾക്ക് റീറെക്കോഡിങ് ഞാൻ ചെയ്തിട്ടുണ്ട്. ബംഗാളി സിനിമയിലേക്കൊക്കെ അവസരം കിട്ടിയത് അങ്ങനെയാണ്.

സംഗീതത്തിന്റെ ആദ്യസ്പർശം

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ മാൻഡലിൻ ആർട്ടിസ്റ്റ് പഴനിയാണ് പിതാവ്. അദ്ദേഹം മാൻഡലിൻ വായിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ വളർന്നത്. മൂന്നാം വയസ്സിൽ അച്ഛനിൽനിന്ന് മാൻഡലിൻ അഭ്യസിച്ചു തുടങ്ങിയതാണ്. പത്താം വയസ്സിൽ സ്റ്റുഡിയോയിൽ റെക്കോഡിങ്ങുകൾക്ക് വായിച്ചുതുടങ്ങി. മാൻഡലിനു പുറമെ ഗിറ്റാറും ബാൻജോയും പഠിച്ചെടുത്തു. അതോടെ, തിരക്കുള്ള റെക്കോർഡിങ് ആർട്ടിസ്റ്റായി. 1968 മുതൽ തമിഴ്, കന്നട, തെലുഗു, മലയാളം സിനിമകളിൽ ഓർക്കസ്ട്രയിൽ പ്രവർത്തിച്ചു.

സംഗീത സംവിധായകരായ രാഘവൻ മാസ്റ്റർ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് പ്രവർത്തനം തുടങ്ങിയത്. കണ്ണൂർ രാജൻ, ബാബുരാജ്, ദേവരാജൻ മാഷ്, രവീന്ദ്രൻ, സലിൽ ചൗധരി, ആർ.കെ. ശേഖർ, എ.ടി. ഉമ്മർ എന്നിവർക്കെല്ലാം വേണ്ടി ഓർക്കസ്ട്രയിൽ മാൻഡലിനും ബാൻജോയും വായിച്ചു. 1971ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പം ഗിറ്റാർ വായിച്ച് സിനിമ പിന്നണിയിൽ തിരിച്ചറിയാൻ തുടങ്ങി. 1975ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ൽ പ്രേമയുദ്ധ എന്ന തെലുഗു ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ഒരുപക്ഷേ, സംഗീതം എന്റെ ശ്വാസമായത് അച്ഛന്റെ ആ ശിക്ഷണത്തിലൂടെയാണ്.

പുത്തഞ്ചേരിയും ചിത്രയും മോഹൻലാലും

‘രാജാവിന്റെ മകൻ’ മോഹൻലാലിന്റെ ജീവിതത്തിലും എന്റെ ജീവിതത്തിലും വലിയ വഴിത്തിരിവായി. ലാലിന്റെ ചിത്രങ്ങൾക്കാണ് കൂടുതലും ബി.ജി.എം ചെയ്തത്. തമ്പിക്കു പിന്നാലെ ജോഷി, പ്രിയദർശൻ, ഭദ്രൻ, സിദ്ദീഖ് ലാൽ, ജയരാജ് തുടങ്ങിയവരുടെയെല്ലാം പടങ്ങളിൽ വർക്ക് ചെയ്തു. പി. ഭാസ്കരൻ, ഒ.എൻ.വി കുറുപ്പ്, യൂസഫലി കേച്ചേരി, ഷിബു ചക്രവർത്തി, ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, വയലാർ ശരത്ചന്ദ്ര വർമ തുടങ്ങി മലയാളത്തിലെ വിവിധ തലമുറകളിലെ പ്രഗല്ഭരായ പാട്ടെഴുത്തുകാരുടെ ഗാനങ്ങൾക്ക് സംഗീതം നൽകി ചിട്ടപ്പെടുത്താൻ സാധിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളായിരിക്കും ഞാനേറ്റവും കൂടുതൽ ചെയ്തത്.

150ലേറെ പാട്ടുകളുണ്ടാവും അത്. ഗിരീഷിന്റെ വരികൾ എനിക്കിഷ്ടമാണ്. കൈതപ്രത്തിന്റെ 75ലേറെ പാട്ടുകൾ. കൂടുതൽ പാടിയത് കെ.എസ്. ചിത്രയാണ്. നൂറിലേറെ പാട്ടുകളുണ്ടാവും. 80-90 പാട്ടുകൾ യേശുദാസും പാടി.

തമിഴ് സിനിമയിൽ റീറെക്കോഡിങ്ങിലാണ് ശ്രദ്ധിക്കുന്നത്. 2002ൽ ‘സാഥി’ (സംവിധാനം: ഹരനാഥ് ചക്രവർത്തി) എന്ന ചിത്രത്തിലൂടെ ബംഗാളിയിലെത്തി. അതോടെ, ഇതര ഭാഷകളിൽ സജീവമായി. ബാജിമത്, നാടർഗുരു, മയേർ, ജോർ, ചാമ്പ്യൻ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ. സുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിൻ മനൈവികൾ’ എന്ന തമിഴ്, മലയാളം ചിത്രത്തിലൂടെ 2024ൽ മലയാളത്തിൽ തിരിച്ചുവന്നു. പിന്നീട് 2025ൽ വെള്ളേപ്പത്തിനും സംഗീതമൊരുക്കി.

വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാടനക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. തമിഴ്, കന്നട, ബംഗാളി, തെലുഗു, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചു.

ബി.ജി.എമ്മിൽ ഇത്രയും ‘പവർ’ എങ്ങനെയാണ് കൊണ്ടുവരാൻ കഴിയുന്നത്?

ജോഷി, ഷാജി കൈലാസ് സിനിമകളിലെ ആവേശം ‘ബ്രാസ് സെക്ഷൻ’ (Trumpets, Trombones) ഉപയോഗമാണ്. ഞാൻ ഓർക്കസ്ട്രയിൽ ബ്രാസ് ഇൻസ്ട്രുമെന്റ്സിനെ കൃത്യമായി ഉപയോഗിക്കാറുണ്ട്. നായകന്റെ എൻട്രിക്ക് വയലിനേക്കാൾ ഗാംഭീര്യം നൽകാൻ ട്രംപറ്റുകൾക്ക് കഴിയും. പക്ഷേ അത് ചെവി തുളക്കുന്ന ബഹളമാകരുത്, പ്രേക്ഷകന്റെ ഉള്ളിൽ ഒരു ആവേശം നിറക്കാൻ സാധിക്കണം.

ആക്ഷൻ സിനിമകളുടെ വ്യാകരണംതന്നെ മാറ്റിമറിക്കാൻ നമുക്ക് അങ്ങനെ സാധിച്ചല്ലോ. രാജാവിന്റെ മകൻ അതല്ലേ കാണിച്ചുതന്നത്. വിൻസെന്റ് ഗോമസിനെ അനശ്വരമാക്കിയതിൽ പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുണ്ട്. അത് മലയാള സിനിമ കീഴടക്കാനുള്ള മോഹൻലാലിന്റെ ചുവടുറപ്പിക്കലിന്റെ സംഗീതംകൂടിയായിരുന്നു.

മലയാള സിനിമയുടെ കേന്ദ്രം കോടമ്പാക്കത്തു നിന്ന് കേരളത്തിലേക്ക് മാറിയപ്പോഴും എസ്.പി ചെന്നൈ വിട്ടില്ല. ഇത്രയേറെ മലയാളത്തെ ഇഷ്ടപ്പെട്ടിട്ടും എന്താണ് കേരളത്തിൽ ചേക്കേറാതിരുന്നത്?

എല്ലാവരും എന്നോട് ചോദിച്ചിരുന്നു കൊച്ചിയിലേക്ക് മാറിക്കൂടേ എന്ന്. പക്ഷേ എന്റെ സംഗീതം ജനിച്ചത് ചെന്നൈയിലെ സ്റ്റുഡിയോകളിലാണ്. ഈ കോടമ്പാക്കത്തെ തെരുവുകളിലെ സംഗീതവും ഇവിടത്തെ ലൈവ് മ്യുസിഷ്യൻസിന്റെ സഹകരണവുമാണ് എന്നെ വളർത്തിയതും നിലനിർത്തിയതും. ഓരോ വയലിനിസ്റ്റിനെയും പേരെടുത്ത് വിളിക്കാൻ എനിക്കറിയാം. ചെറുപ്പം മുതൽ കൂടെ നിന്നവരാണ് പലരും. ആ ആത്മബന്ധം എനിക്ക് വിട്ടുപോകാൻ കഴിയില്ലായിരുന്നു. കൂട്ടിയിട്ട് പോകാനും പറ്റില്ലല്ലോ.

മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് പശ്ചാത്തല സംഗീതംമാത്രം ചെയ്ത വ്യക്തി എസ്.പി ആയിരിക്കും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ച സിനിമകൾ 300 വരും.

പലപ്പോഴും പാട്ടുകൾ ഹിറ്റാകുമ്പോൾ പശ്ചാത്തല സംഗീതത്തിന്റെ കൂടി ക്രെഡിറ്റ് പാട്ടുകൾക്ക് ഈണം നൽകിയ സംഗീത സംവിധായന് പോകും. പല സിനിമകളിലും പാട്ടുകൾക്ക് ഈണം നൽകിയത് മറ്റുള്ളവരാണെങ്കിലും പശ്ചാത്തല സംഗീതം കൊണ്ട് സിനിമയെ മാറ്റിമറിക്കാൻ സാധിച്ചിട്ടുണ്ട്. തേന്മാവിൻ കൊമ്പത്തിൽ ബി.ജി.എം മാത്രമാണ് ചെയ്തത്. മലയാളി പ്രേക്ഷകർ ‘ബി.ജി.എം ആരാണ്’ എന്ന് ചോദിക്കാൻ തുടങ്ങി എന്നത് രാജാവിന്റെ മകന്റെയും ഇന്ദ്രജാലത്തിന്റെയും വിജയമാണ്. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകൻ ആ ബി.ജി.എം മൂളി നടക്കുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തി, അത് ഏതൊരു അവാർഡിനേക്കാളും വലുതാണ്.

ചെന്നൈയിലെ വീട്ടിൽ ഏകാന്തനായിരിക്കുമ്പോൾ പഴയ പാട്ടുകൾ കേൾക്കുന്നുണ്ട്. പഴയ സിനിമകൾ കാണാനും ഇഷ്ടമാണ്. സ്ഫടികം ഒക്കെ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. മോഹൻലാൽ, തിലകൻ... ഉർവശിയുടെ പെർഫോമൻസ് ഒക്കെ ഇഷ്ടമാണ്. സ്ഫടികം റീറിലീസ് വന്നപ്പോൾ ഒരു മാസത്തിലേറെ എടുത്ത് മ്യൂസിക് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൈന്യൂട്ടായ ഡീെറ്റയിലിങ് ഉണ്ട് പുതിയ സ്ഫടികത്തിൽ. അത് സിനിമ കാണുമ്പോൾ അറിയാം.


ഇളയരാജയുമായുള്ള ‘അദൃശ്യ’ ബന്ധം

‘ഒരു കണ്ടക്ടർ എന്ന നിലയിൽ വെങ്കിടേഷിന്റെ കൃത്യതയാണ് എന്റെ സംഗീതത്തിന് വേഗത നൽകുന്നത്’ എന്ന് രാജാ സാർ പണ്ട് പറഞ്ഞിട്ടുണ്ട്. നായകൻ, അഗ്നിനക്ഷത്രംപോലെ ഇളയരാജയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ പലതിലും പശ്ചാത്തല സംഗീതത്തിന്റെ ഓർക്കസ്ട്രേഷൻ നിയന്ത്രിച്ചത് ഞാനാണ്. രാജാ സാറിന്റെ സങ്കീർണമായ നോട്ടുകൾ സംഗീതജ്ഞർക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും അവരെക്കൊണ്ട് അത് കൃത്യമായി വായിപ്പിക്കാനുമുള്ള ജോലി എന്നെയാണ് എൽപിച്ചിരുന്നത്.

‘കൗണ്ടർ പോയന്റ്’ മാന്ത്രികൻ

ഒരേസമയം രണ്ട് വ്യത്യസ്ത ഈണങ്ങൾ ഒത്തുപോകുന്ന രീതിക്ക് പാശ്ചാത്യ സംഗീതത്തിൽ ‘കൗണ്ടർ പോയന്റ്’ എന്നു പറയും. മലയാളത്തിൽ, കിലുക്കം സിനിമയിൽ നമ്മളിതു പരീക്ഷിക്കുന്നുണ്ട്. രേവതിയുടെ കഥാപാത്രം (നന്ദിനി) തമാശ കാണിക്കുമ്പോഴും പശ്ചാത്തലത്തിൽ ഒരു നേർത്ത സങ്കടം ഇഴചേർത്തുവെക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. ഒരു ഈണം ചിരിപ്പിക്കുമ്പോൾ മറ്റൊന്ന് കഥാപാത്രത്തിന്റെ നിസ്സഹായതയെ ഓർമിപ്പിക്കും. ഒരേസമയം സ്വതന്ത്രമായി സഞ്ചരിക്കുന്ന രണ്ട് വ്യത്യസ്ത ഈണങ്ങൾ ഇഴചേർന്ന് ഒരു പുതിയ സംഗീതാനുഭവം സൃഷ്ടിക്കുന്ന രീതിയാണിത്. മലയാള സിനിമയിൽ ഓർക്കസ്ട്രേഷനിൽ ഇത്രയും സങ്കീർണമായ പാറ്റേണുകൾ അധികമാരും പരീക്ഷിച്ചിട്ടില്ല.

‘പൈതൃകം’ ആ ഒരൊറ്റ അവാർഡ്

1993ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോൾ പലരും അത്ഭുതപ്പെട്ടു. രാജാവിന്റെ മകൻ പോലെയുള്ള പടങ്ങൾക്ക് കൊടുത്ത മാസ് ബി.ജി.എം അല്ല അതിൽ ഉപയോഗിച്ചത്. തീർത്തും വ്യത്യസ്തമായി പടത്തിന്റെയും കഥാപാത്രങ്ങളുടെയും മൂഡിനനുസരിച്ച് മ്യൂസിക് നൽകാനാണ് എപ്പോഴും ശ്രമിക്കുന്നത്. അവാർഡുകൾ എപ്പോഴും കിട്ടണമെന്നില്ല, ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുന്നത് ഒരു ഊർജമാണ്.

കരിയറിലെ ആ റെക്കോഡ്

1999ൽ ഇതു മുടിവതില്ലൈ എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഒറ്റദിവസംകൊണ്ട് ഒമ്പത് പാട്ടുകൾ റെക്കോഡ് ചെയ്തത് ഒരു റെക്കോഡ് ആയി. റെക്കോഡിടാൻ ചെയ്തതല്ല. സമയം കുറവായിരുന്നു. എല്ലാവരും സഹകരിച്ചപ്പോൾ അതു സാധിച്ചു. വെല്ലുവിളികൾ ഇഷ്ടമാണ്. ഇങ്ങനെ സമയത്തോടുള്ള മത്സരമാണ് എന്നിലെ കലാകാരനെ എപ്പോഴും ഊർജസ്വലനാക്കിയത്.

പുതിയ ഒരുപാട് സംഗീത സംവിധായകർ വന്നില്ലേ. അപ്പോൾ പഴയ ആളുകൾക്ക് ഇടവേളയുണ്ടാകും. അത് സ്വാഭാവികം മാത്രം. അതിൽ പരാതിയോ വേദനയോ ഇല്ല. മലയാളത്തിൽ ഇടവേളയുണ്ടായെങ്കിലും മറ്റു പല ഭാഷകളിൽ പാട്ടുകളും പശ്ചാത്തല സംഗീതവുമായി ഞാനിവിടെത്തന്നെയുണ്ട്. മലയാളം എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. എനിക്ക് ഏറ്റവും ഉയർച്ചയും വളർച്ചയും സ്നേഹവും തന്നത് മലയാളമാണ്.

Show Full Article
TAGS:SP Venkatesh Memories music director Passed Away 
News Summary - Memories of the passed music director S.P. Venkatesh
Next Story