അനുരാഗം വീണമീട്ടിയ ഗാനങ്ങൾ
text_fieldsവയലാർ ശരത്ചന്ദ്രവർമ
മലയാള സിനിമയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച പലരുടെയും മക്കൾ പിൻഗാമികളായി വന്നിട്ടുണ്ട്. ചിലരൊക്കെ ശ്രദ്ധേയരായി. അഭിനയം, സംവിധാനം, മേക്കപ്പ് തുടങ്ങി പലരും അടയാളപ്പെടുത്തി. എന്നാൽ, ഗാനരചനാരംഗത്തെ പ്രമുഖരുടെ മക്കളാരും ആ വഴി തിരഞ്ഞെടുത്തില്ല; ഒരാളൊഴികെ. മധുരഗാനങ്ങളുടെ ആയിരം പാദസരങ്ങൾ കിലുക്കി ഇന്നും നമ്മുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്ന വയലാർ രാമവർമയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ പിതാവിന്റെ വഴി തിരഞ്ഞെടുക്കുകയും നിരവധി മധുരഗാനങ്ങൾ രചിക്കുകയും ചെയ്തു.
മകൻ കാവ്യലോകത്ത് കടന്നുവരുന്നത് വയലാറിന് താൽപര്യമുണ്ടായിരുന്നില്ല എന്ന് ശരത്ചന്ദ്രവർമ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ സുരക്ഷക്കായി മലയാറ്റൂർ രാമകൃഷ്ണനും കെ.ആർ. ഗൗരിയമ്മയും മുൻകൈയെടുത്ത് ചേർത്തലയിലെ ഒരു കമ്പനിയിൽ ജോലി വാങ്ങിനൽകിയിരുന്നു. സഹോദരിയുടെ വിവാഹാവശ്യത്തിന് അവധിയെടുത്തതിനെ തുടർന്ന് കമ്പനി പിരിച്ചുവിട്ടു. അങ്ങനെ വായനയിലും എഴുത്തിലും മുഴുകി വീട്ടിലിരിക്കുമ്പോഴാണ് ഗാനരചനയിലേക്ക് ശരത് എത്തിപ്പെടുന്നത്. നിരവധി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ ഇതിനകം ശരത്ചന്ദ്രവർമക്കു കഴിഞ്ഞിട്ടുണ്ട്.
ഒരു നാടകത്തിന് പാട്ടെഴുതിയാണ് തുടക്കം. ജോലി നഷ്ടപ്പെട്ട സമയത്ത് യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലേക്ക് ചില ഭക്തിഗാനങ്ങൾ എഴുതി അയച്ചു. കാസറ്റ് രംഗത്ത് തരംഗിണി തരംഗം സൃഷ്ടിച്ച കാലമാണ്. യേശുദാസിന്റെ ശബ്ദത്തിലൊരു ഗാനം വരാൻ പാട്ടെഴുതുന്ന ആരാണ് ആഗ്രഹിക്കാത്തത്! ശരത്തിന്റെ ചില ഗാനങ്ങൾ തരംഗിണി സ്വീകരിച്ചു. ആലപ്പി രംഗനാഥിന്റെ സംഗീതത്തിലാണ് അവ പുറത്തുവന്നത്. അതിൽ ‘‘മദഗജമുഖനേ, ഗിരിജാസുതനേ, ഗണപതി ഭഗവാനേ...’’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി. പിന്നീട് വിനയന്റെ സിനിമക്കുവേണ്ടി പാട്ടെഴുതിയെങ്കിലും റെക്കോഡിങ് പോലും നടന്നില്ല; സിനിമയും.
1992ലാണ് വയലാർ ശരത്ചന്ദ്രവർമ മലയാള സിനിമയിൽ വരവറിയിക്കുന്നത്. എ.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ ആണ് ചിത്രം. സംഗീതം നൽകിയത് വയലാറിന്റെ ആത്മമിത്രം ദേവരാജനും. വയലാർ മുമ്പെഴുതിയ ഒരു ഗാനംകൂടി ദേവരാജൻ മാഷ് ആ സിനിമയിൽ ഉൾപ്പെടുത്തി. ശരത്ചന്ദ്രന്റെ മൂന്നു പാട്ടുകൾ.
‘മാഘമാസം മല്ലികപ്പൂ
കോർക്കും കാവിൽ
മേഘമാകും തിരശ്ശീല
നീങ്ങും രാവിൽ
അഷ്ടപദീ ഗാനങ്ങൾ
അലയിളകീ
അനുരാഗം ഈണത്തിൽ വീണ മീട്ടി...’ എന്ന ഗാനത്തിൽ ഒരു വയലാർ സ്പർശമുണ്ടായിരുന്നു. ആ പാട്ട് ഗാനാസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി.
വയലാർ-ദേവരാജൻ ടീം വീണ്ടും എന്നാണ് ഒരു സിനിമാ വാരിക എഴുതിയത്.
‘സുരഭില സ്വപ്നങ്ങൾ ചെറുചെറു ശലഭങ്ങൾ’, ‘ഗാന്ധർവത്തിന് ശ്രുതി തേടുന്നൊരു ഗായകനുണരുമ്പോൾ’ എന്നീ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘സുഭഗേ, സുഭഗേ, നാമിരുവരുമീ സുരഭീ സദസ്സിൽ വിരിഞ്ഞു’ എന്ന ഗാനമാണ് വയലാർ രാമവർമയുടേത്.
‘നീ പാട്ടെഴുതി അച്ഛന് പേരുദോഷമുണ്ടാക്കരുത്’ ദേവരാജൻ മാഷ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
‘അച്ചാമ്മക്കുട്ടിയുടെ അച്ചായൻ’, ‘ഹാർബർ’ തുടങ്ങി നാലഞ്ച് ചിത്രങ്ങളിൽ എഴുതിയ പാട്ടുകൾ മോശമായില്ലെങ്കിലും ശരത്തിന്റെ സൂപ്പർഹിറ്റ് പാട്ടുകൾ പിറന്നത് രവീന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘മിഴി രണ്ടി’ലും (2003) എന്ന ചിത്രത്തിലാണ്. വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങൾ അടയാളപ്പെടുത്തുന്ന
‘എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു
എന്തിനായ് നീ വലംകയ്യാൽ മുഖം മറച്ചു’ എന്ന ഗാനം കെ.എസ്. ചിത്രയുടെയും ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഇടംനേടി. യൂസഫലി കേച്ചേരിയുടെ ‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല’ എന്ന ഗാനത്തിന്റെ മട്ടിൽ എഴുതാൻ സംവിധായകനും രവീന്ദ്രൻമാഷും കൂടി നിർദേശിച്ചതനുസരിച്ച് എഴുതി. ‘സുമനേശരഞ്ജിനി’ എന്ന രാഗഛായയിൽ ആ ഗാനത്തെ സൃഷ്ടിച്ചപ്പോൾ അത് എക്കാലത്തും പുതുമ നഷ്ടപ്പെടാത്ത പാട്ടായി മാറി. ‘ആലിലത്താലിയുമായ് വരൂ നീ തിങ്കളേ ഇതിലേ ഇതിലേ...’ എന്ന ഗാനം ജയചന്ദ്രന്റെ ശബ്ദത്തിന് പുതുയൗവനം നൽകി. ‘ഓമനേ തങ്കമേ...’ എന്ന ഗാനം യേശുദാസും സുജാതയും ചേർന്നാലപിച്ചു. ചിത്രയും ശ്രീനിവാസും ചേർന്നുപാടിയ ‘വാർമഴവില്ലേ, ഏഴഴകെല്ലാം നീലാംബരത്തിൽ മാഞ്ഞുവോ’ എന്ന ശോകഗാനവും ശ്രദ്ധിക്കപ്പെട്ടു.
ശാരീരികമായി ആണായിട്ടും പെൺവേഷം കെട്ടി നടക്കുന്ന രാധാകൃഷ്ണന്റെ (ദിലീപ്) കഥ പറഞ്ഞ ലാൽജോസ് ചിത്രമായ ‘ചാന്തുപൊട്ടി’ലെ (2005) എല്ലാ ഗാനങ്ങളും ഹിറ്റായി. വിദ്യാസാഗറിന്റേതായിരുന്നു സംഗീതം. എസ്. ജാനകി മലയാളത്തിൽ ഒടുവിൽ പാടിയ ഗാനങ്ങളിലൊന്നായ ‘ആഴക്കടലിന്റെ അങ്ങേക്കരയിലായ്’ എന്ന ഗാനം മലയാളസിനിമയിലെ മികച്ച താരാട്ടുപാട്ടുകളുടെ പട്ടികയിൽ ഇടംനേടി. ‘ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ’ എന്ന ഗാനം ഗായകനെന്ന നിലയിൽ വിനീത് ശ്രീനിവാസന് നല്ല മേൽവിലാസം ഉണ്ടാക്കിക്കൊടുത്തു.
മലയാളസിനിമയിൽ പുതിയൊരു ട്രെൻഡ് സൃഷ്ടിച്ച ചിത്രമാണ് ‘ക്ലാസ്മേറ്റ്സ്’ (2006). പൂർവ വിദ്യാർഥി സംഗമങ്ങളും സംഘടനകളും കൂടുതലായുണ്ടാകാൻ ഈ ചിത്രം കാരണമായി. ഇതിലെ ഗാനങ്ങളും ഗാനചിത്രീകരണവും തലമുറകളെ സ്വാധീനിച്ചു. ശരത്ചന്ദ്രവർമയുടെ ആറുഗാനങ്ങൾ ചിത്രത്തിലുണ്ട്. അലക്സ് പോളിന്റേതാണ് സംഗീതം.
പുതിയ തലമുറ ഏറ്റെടുത്ത് പാടിനടന്ന ഗാനമായ ‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ...’ മൂടിവെക്കപ്പെട്ട തന്റെ പ്രണയം ഈ പാട്ടിലൂടെ ഏറെ നിയന്ത്രണങ്ങളിൽപെട്ട പെൺകുട്ടി വെളിവാക്കുകയാണ്. അടുത്ത തലമുറ ഏറ്റെടുത്തത് ഈ ഗാനമാണ്:
‘കാറ്റാടിത്തണലും തണലത്തരമതിലും
മതിലില്ലാമനസ്സുകളുടെ പ്രണയക്കുളിരും’. വിധുപ്രതാപ്, റെജു ജോസഫ്, രമേഷ് ബാബു, സിസിലി എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയത്. എം.ജി. ശ്രീകുമാറും പ്രദീപ് രാജമാണിക്യവും പാടിയ ‘വോട്ട് തെരഞ്ഞെടുപ്പടുക്കണ സമയത്ത് കിട്ടുന്ന ചീട്ട്’ ഹാസ്യരസപ്രധാനമായി. അലക്സ് പോളിന്റെ സംഗീതത്തിൽ ബാബാ കല്യാണി (2006) എന്ന ചിത്രത്തിനുവേണ്ടിയെഴുതിയ ‘കൈ നിറയെ വെണ്ണതരാം/കവിളിലൊരുമ്മ തരാം...’ എന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും ഹൃദയം കവരുന്നതാണ്. ജി. വേണുഗോപാലും മഞ്ജരിയും ഈ ഗാനം വേറെവേറെ പാടിയിട്ടുണ്ട്.
ഇതേ വർഷംതന്നെ പുറത്തിറങ്ങിയ ‘മഴയിൽ രാത്രിമഴയിൽ...’ എന്ന ഗാനം (ചിത്രം: കറുത്തപക്ഷികൾ, സംഗീതം: മോഹൻ സിതാര) മഞ്ജരി എന്ന ഗായികയെ ശ്രദ്ധേയയാക്കിയ വിഷാദഗാനമാണ്.
2006ൽ തന്നെ ‘പളുങ്ക്’ എന്ന ചിത്രത്തിനുവേണ്ടി ശരത്-മോഹൻ സിതാര കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചു. ‘മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം/താനേ കണ്ടുകൊതിച്ചെന്റെ മന്ദാരം...’ എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ മനോഹരമായി.
2007ൽ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം മായാവിയിലെ ‘മുറ്റത്തെ മുല്ലേ ചൊല്ല്’ എന്ന യേശുദാസ് പാടിയ ഗാനവും യേശുദാസും എം.ജി. ശ്രീകുമാറും ചേർന്നു പാടിയ ‘സ്നേഹം തേനല്ല നോവിൻ കയ്പല്ല, കണ്ണീരും കൈലേസുമല്ല’ എന്ന ഗാനവും പാട്ടുപ്രേമികൾക്കിഷ്ടമായി.
ഇളയരാജയോടൊപ്പം ചാരുതയുള്ള നിരവധി ഗാനങ്ങളൊരുക്കാൻ വയലാർ ശരത്ചന്ദ്രവർമക്ക് കഴിഞ്ഞിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘വിനോദയാത്ര’ (2007) യിൽ മധു ബാലകൃഷ്ണനും കല്യാണിയും പാടിയ ‘മന്ദാരപ്പൂമൂളി കാതിൽ തൈമാസം വന്നല്ലോ...’, മഞ്ജരി പാടിയ ‘കൈയെത്താ ദൂരത്തോ കണ്ണെത്തണം...’ എന്നീ ഗാനങ്ങൾ പുതുമയും സാഹിത്യഭംഗിയും കൊണ്ടു ശ്രദ്ധേയമായി. ഇതേ ടീമിന്റെ ‘ഭാഗ്യദേവത’ സിനിമയിൽ ‘അല്ലിപ്പൂവേ മല്ലിപ്പൂവേ...’ എന്ന ഗാനം വിജയ് യേശുദാസും ശ്വേതയും ചേർന്നു പാടി. ‘സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യകന്യകേ...’ രാഹുൽ നമ്പ്യാരും ചിത്രയും ആലപിച്ചു.
2008ൽ ശ്യാം ധർമന്റെ സംഗീതത്തിൽ പിറന്ന ‘ഓംകാരം ശംഖിൽ ചേരുമ്പോൾ’ (ചിത്രം: വെറുതെ ഒരു ഭാര്യ) എന്ന മനോഹര ഗാനം ഉണ്ണിമേനോനെ മലയാള സിനിമയിൽ വീണ്ടും ശ്രദ്ധേയനാക്കി.
‘ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയാ’ (ഭാഗ്യദേവത (2009) ഇളയരാജ / ആലാപനം : കാർത്തിക്), ‘മുത്തേ മുത്തേ കിങ്ങിണി മുത്തേ...’ (കാണാകൺമണി (2009) ശ്യാം ധർമൻ /ശ്യാം ആലാപനം: ധർമനും സുജാത മോഹനും) ‘അനുരാഗവിലോചനനായ് അതിലേറെ മോഹിതനായ്...’ (നീലത്താമര (2009) വിദ്യാസാഗർ/ പാടിയത്: വി. ശ്രീകുമാറും ശ്രേയ ഘോഷാലും), ‘കിഴക്കുമല കമ്മലിട്ട തങ്കത്താലം കളിക്കളം ഒളിത്തടം’ (കഥ തുടരുന്നു (2010), ഇളയരാജ/കാർത്തിക്) തുടങ്ങിയവയാണ് ശരത് ചന്ദ്രവർമയുടെ പിന്നീടിറങ്ങിയ ഹിറ്റ് ഗാനങ്ങൾ.
‘സകുടുംബം ശ്യാമള’യിൽ എം.ജി. ശ്രീകുമാറിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ‘വിളിച്ചോ നീയെന്നെ വിളിച്ചോ നിന്റെ മനസ്സാം കിളി മെല്ലെ ചിലച്ചോ...’ എന്ന ഗാനവും ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതായി. ‘പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്...’ (വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)/മോഹൻ സിത്താര/ആലാപനം: ശ്രേയാഘോഷാലും കബീറും), എം.ജി. ശ്രീകുമാറിന്റെ സംഗീതത്തിൽ ‘കുഞ്ഞളിയൻ’ (2012) എന്ന ചിത്രത്തിൽ യേശുദാസും സുജാതയും പാടിയ ‘ചെമ്പഴുക്ക നല്ല ചെമ്പഴുക്ക’ എന്നീ ഗാനങ്ങളും ലളിതസുന്ദര പ്രണയഗാനങ്ങളായി.
2012ൽ ‘രാസലീല’ എന്ന ചിത്രത്തിനായി വയലാർ, സലിൽ ചൗധരി, യേശുദാസ് എന്നിവരുടെ മക്കൾ ഒന്നിച്ചു. സഞ്ജയ് ചൗധരിയുടെ സംഗീതത്തിൽ വിജയ് യേശുദാസ് ആലപിച്ച ‘നീലാംബരി നീ മുന്നിലെ പൂമഞ്ജരി...’ എന്ന ഗാനം മോശമായില്ല. ‘അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്...’ എന്ന ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം (അയാളും ഞാനും തമ്മിൽ (2012) പാടിയത്: നിഖിൽ മാത്യു) ശ്രോതാക്കൾ ആവർത്തിച്ചുകേൾക്കുന്ന ഗാനമാണ്. ‘ചിൽ ചിൽ ചിഞ്ചിലമായ് ചിൽ മഴ നീ’ (തോപ്പിൽ ജോപ്പൻ (2016) വിദ്യാസാഗർ/ആലാപനം: മധു ബാലകൃഷ്ണനും ശ്വേതയും) ‘പോത്തൻവാവ’ (2006)യിലെ ‘മഞ്ചാടി മണിമുത്ത് പെയ്യുന്ന പോലെ’ (എം.ജി. ശ്രീകുമാർ, ജ്യോത്സ്ന) എന്ന ഗാനവും മികച്ച പാട്ടുകളുടെ പട്ടികയിലുണ്ട്.
ഈണത്തിനൊത്ത് പാട്ടൊരുക്കുമ്പോൾ സാഹിത്യഭംഗി നഷ്ടപ്പെടാതെ എഴുതാൻ കഴിയുന്നുവെന്നതാണ് വയലാർ ശരത്ചന്ദ്രവർമയെ വേറിട്ടുനിർത്തുന്ന ഘടകം. ശബ്ദഘോഷങ്ങൾക്കൊപ്പം എന്തെങ്കിലും വാക്കുകൾ നിരത്തിയാൽ മതിയെന്ന ചില സംഗീതസംവിധായകരുടെ അഭിപ്രായത്തിനൊപ്പംനിൽക്കാൻ വയലാറിന്റെ മകനെ കിട്ടില്ല. ദേവരാജൻ മാഷിന്റെ ഉപദേശം മനസ്സിലിട്ടുകൊണ്ട് തന്നെ സഞ്ചരിക്കുന്നതുകൊണ്ട് അച്ഛന്റെ പേര് ഇതുവരെ കളഞ്ഞിട്ടില്ല എന്ന് ഗാനാസ്വാദകർ സമ്മതിക്കുന്നുണ്ട്. ഇതിനകം അഞ്ഞൂറ്റിയമ്പതോളം പാട്ടുകൾ സമ്മാനിച്ച വയലാർ ശരത്ചന്ദ്രവർമ നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാള സിനിമാ ഗാനാസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.