പാട്ടിന്റെ മൈനാകപ്പൊൻമുടിയിൽ
text_fieldsജോൺസൺ
ജീവിതത്തിന്റെ അനുഭൂതിസാന്ദ്രതകളെ പാട്ടിലെ ഭാവപ്രകാശനസാധ്യതകളാക്കി മാറ്റിയ സംഗീതസംവിധായകരിൽ ശ്രദ്ധേയനായിരുന്നു ജോൺസൺ. അതിനാലാണ് അദ്ദേഹം ഇല്ലാതായിട്ടും ആ ഗാനങ്ങൾ ‘ഭാവഗീതി തൻ മാധുരി’യായി ഇപ്പോഴും ഓർമിക്കപ്പെടുന്നത്. ജോൺസൺ ഗീതികളുടെ നിസ്തുലവശ്യതയും കമനീയതയും അത്രക്കുണ്ടായിരുന്നു. മലയാള ചലച്ചിത്രഗാന ശാഖയിലെ ഈടുറ്റ ആവിഷ്കാരങ്ങളായി മാറി ആ ഗാനങ്ങൾ.
പാട്ടിൽ ജോൺസൺ സമന്വയിപ്പിച്ച വ്യാകരണവും ലാവണ്യവും നിർണയിക്കാനാവാത്തതാണ്. ജോൺസന്റെ ഗാനകലയുടെ സമുച്ചയം വലുതാണ്. നമ്മെ വരവേൽക്കുന്ന നിരവധി കമാനങ്ങളുണ്ടതിൽ. ഗാനങ്ങളിൽ അദ്ദേഹം നെയ്തെടുക്കുന്ന ഇഴയടുപ്പങ്ങൾ ശ്രദ്ധാർഹമാണ്. ഗമകങ്ങളിൽ തോറ്റിയെടുക്കുന്ന സംഗീതം മാത്രമല്ല അത്. കോഡുകളുടെ സരളവ്യാഖ്യാനങ്ങളിൽ പിറവിയെടുക്കുന്ന സമാനതയില്ലാത്ത സംഗീതമാണ്.
സംഗീതത്തെ ഹാർമണിക് ആക്കാൻ ശ്രമിച്ചു ജോൺസൺ. ഓർക്കസ്ട്രേഷൻ സ്വരൂപമാണ് ജോൺസൺ പാട്ടിലെ സവിശേഷ പ്രതിനിധാനം. ഫോക്കും വെസ്റ്റേണും സമന്വയിക്കുന്ന ഗാനങ്ങളുടെ പാരമ്യമായിരുന്ന അവ. എല്ലാ വികാരങ്ങളും പാട്ടിലേക്ക് വിവർത്തനം ചെയ്തു ജോൺസൺ. പ്രണയവും വിരഹവും വിഷാദവും ശോകവും മൗനവുമെല്ലാം ആ ഗാനങ്ങളിൽ സാന്ദ്രമായി. കോറൽ സിംഫണികൾ ജോൺസന്റെ ഗാനങ്ങളിലെ സാധ്യതകളായിരുന്നു.
പാശ്ചാത്യസ്വരങ്ങളിൽ ഗാനമാവിഷ്കരിക്കുമ്പോഴും ഗാനരചയിതാക്കളുടെ കാവ്യഭാവനകൾക്ക് അദ്ദേഹം കേരളീയമായ സംഗീതസാരം നൽകി. വരികൾക്ക് സവിശേഷമായ അർഥവ്യാപ്തിയുണ്ടാക്കി. പ്രകൃതിയെ അദ്ദേഹം സ്വന്തം ഗാനങ്ങളിലെ കേന്ദ്രസ്ഥാനത്ത് നിർത്തി. പ്രകൃതിയിലെ ഭൗമശബ്ദരാജിയെ ജോൺസണിലെ സംഗീതസംവിധായകൻ ഏറെ സമ്പന്നമാക്കി. ‘ദേവകന്യക’, ‘തങ്കത്തോണി’, ‘മൈനാകപ്പൊൻമുടിയിൽ’, ‘വെള്ളാരപ്പൂമല മേലേ’, ‘സൂര്യാംശുവേതോ വയൽപ്പൂവിലും...’ ഇങ്ങനെ എത്രയോ ഗാനങ്ങൾ ഇതിനുദാഹരണങ്ങളാണ്. മണ്ണിന്റെ പ്രാർഥനാലാവണ്യവും വിണ്ണിന്റെ ആശംസയും ചേർന്ന ഗാനങ്ങളായിരുന്നു അവയെല്ലാം.
ഓർക്കസ്ട്രേഷന്റെ വിന്യാസത്തിൽ ജോൺസൺ ഇത്തരം പാട്ടുകളിൽ സൂക്ഷ്മമായും സാർഥകമായും ഇടപെടുന്നു. അതിൽ മീട്ടുന്ന സംഗീതവും ശ്രവിക്കുന്ന സംഗീതവും ഒന്നാകുന്നു. പലതരം നിലാവുകളെ ജോൺസൺ തന്റെ ഗാനങ്ങളിൽ തെളിയിച്ചുനിർത്തി. സംഗീതത്തിന്റെ പദാവലികളിൽ അത്രക്കും ശ്രദ്ധിച്ചായിരുന്നു അത്. അത്തരം ഗാനങ്ങളിലെ മ്യൂസിക്കൽ നൊട്ടേഷനുകളുടെ ഇലാബറേഷൻസ് ശ്രദ്ധിച്ചാലറിയാം ജോൺസന്റെ സംഗീതമികവുകൾ.
മൊസാർട്ടും ബീഥോവനും ബാഹുവുമെല്ലാം ജോൺസന്റെ സംഗീതത്തെ പരോക്ഷമായി സ്വാധീനിച്ചു. മൂവന്തിക്കുശേഷമുള്ള നിലാവും അർധരാത്രി നിലാവുമൊക്കെ ജോൺസൺ തന്റെ പാട്ടുകളിൽ വിലയിപ്പിച്ചു. മൂൺലൈറ്റ് സൊനാറ്റ, ലിസ്റ്റിന്റെ ‘ലൈബ്സ്ട്രോം’ (Leibstram), ‘മൈ പിയാനോഹീറോ’, ഷൂമാനിന്റെ ‘ട്രൂമെറോയ്’ എന്നിവയെല്ലാം ജോൺസന്റെ സംഗീതത്തെ അബോധപരമായി സ്വാധീനിച്ചുണ്ടാകാം. ‘മൂവന്തിയായ് പകലിൽ’, ‘മഞ്ഞും നിലാവും’, ‘എന്നുമൊരു പൗർണമിയേ’, ‘പിൻനിലാവിൻ പൂവിടർന്നു’, ‘പൊന്നമ്പിളികാത്തുനിൽക്കും’, ‘നീലരാവിന്നു നിന്റെ’, ‘പാതിരാ പാൽക്കടവിൽ’, ‘ആകാശമാകെ’, ‘മൈനാകപ്പൊൻമുടിയിൽ’, ‘പാതിമെയ് മറഞ്ഞതെന്തേ’, ‘ആകാശമാകെ’, ‘നിലാവിന്റെ’, ‘അരുണകിരണമണി’... അങ്ങനെ നിലാവിന്റെ വ്യത്യസ്ത യാമങ്ങൾ പാട്ടിൽ നിരുപമമാക്കി ജോൺസൺ. നിലാവില്ലാത്ത നേരങ്ങളെയും ജോൺസൺ പാട്ടിലാക്കി. ‘നേരം മയങ്ങിയ നേരം’, ‘പ്രദോഷ കുങ്കുമം’, ‘മധുചന്ദ്രികേ നീ മറയുന്നുവോ’, ‘യാമിനീമണ്ഡപങ്ങൾ’, ‘പാതി മാഞ്ഞ പാട്ടുമായ്’ ഇങ്ങനെ പാട്ടിലെ നേരം മങ്ങിയ നേരങ്ങൾ നിരവധിയാണ്.
ഹാർമണിയുടെ അടിസ്ഥാനത്തിൽ പല സ്വരസ്ഥാനത്തട്ടുകളിൽ നിരത്തി, ഒരേ സാഹിത്യം പല ഈണങ്ങളിൽ ഒരേസമയം പാടുന്നതാണ് കോറൽ സിംഫണികൾ. കോറൽ സിംഫണികൾ ജോൺസന്റെ ഗാനങ്ങളിൽ സജീവമായിരുന്നു. ‘മഞ്ഞും നിലാവും’, ‘സൂര്യാംശുവോരോ വയൽപ്പൂവിലും’, ‘താരകങ്ങൾ താഴെവന്നു’, ‘മംഗല്യയാമം’ ഇങ്ങനെയുള്ള ഗാനങ്ങളിൽ ഇത്തരം കോറസിന്റെ സൗന്ദര്യം സംഗീതമായി വിടരുന്നുണ്ട്. രാഗങ്ങളുടെ അടിസ്ഥാനഭാവങ്ങൾ മാറ്റി പാട്ടുണ്ടാക്കുന്നതിൽ ജോൺസൺ പ്രത്യേകമായ മികവ് പ്രകടിപ്പിച്ചിരുന്നു. ഹംസധ്വനിയുടെ അടിസ്ഥാനഭാവമായ ആഹ്ലാദത്തിൽനിന്ന് മാറി വിഷാദഭരിതമായ ആലോചനകൾ കൊണ്ടുവരുന്നുണ്ട് ‘‘ഊഞ്ഞാലുറങ്ങി’’ എന്ന പാട്ടിൽ.
നീലാംബരി രാഗത്തിന്റെ താരാട്ടുരീതിയെ ദ്രുതമാക്കി ‘മൈനാകപ്പൊൻമുടിയിൽ’ എന്ന ഗാനം ചിട്ടപ്പെടുത്തി. വൃന്ദാവനസാരംഗയിൽ ‘ഗോപികേ നിൻവിരൽ’ എന്ന പാട്ടുള്ളതുപോലെ അതേ രാഗത്തിൽ ‘ആദ്യമായ് കണ്ടനാൾ’ എന്ന പാട്ടുമുണ്ടാകുന്നു. ഹംസധ്വനിയിലെ ‘രാഗരൂപിണി’യും ‘ഏതോ ജന്മകൽപനയും’ ഒരുപോലെ ധന്യമാകുന്നു. മോഹനത്തിൽ ‘സൂര്യാംശുവും’, ‘കാനനത്തിലെ ജ്വാലയും’, ‘മായപ്പൊൻമാനു’മൊക്കെ ഭംഗിയാർന്നു. ശ്രീരാഗത്തിൽ ഫോക്കിന്റെ സാന്നിധ്യമുൾപ്പെടുത്തി ‘പൂവേണം പൂപ്പടവേണം’ എന്ന പാട്ടുണ്ടാക്കി ജോൺസൺ. ‘ദേവി ആത്മരാഗമേകാൻ’ എന്ന പാട്ടിനെ മിയാൻകി മൻഹാറിൽ അലൗകികമാക്കി.
കാപ്പി രാഗത്തിൽ ‘സ്വർണമുകിലേ’ എന്ന പാട്ടിനെ ശോകനിർഭരമാക്കി. രസിക രഞ്ജിനിയിൽ ‘സിന്ദൂരം പെയ്തിറങ്ങി.’ ഒരേ രാഗത്തിൽ പാട്ടുണ്ടാക്കുമ്പോഴും അതിലെ സ്വരവിന്യാസങ്ങളുടെ സൂക്ഷ്മതകൾ വലുതായിരുന്നു. ‘അനുരാഗിണി’, ‘പാതിമെയ് മറഞ്ഞതെന്തേ’, ‘ഇനിയൊന്നു പാടൂ’, ‘ചൈത്രനിലാവിന്റെ’, ‘എന്നിട്ടും നീയെന്നെ’, ‘പൂത്താലം വലം കയ്യിലേന്തി’, ‘പവിഴംപോൽ’, ‘പാതിരാ പാൽക്കടവിൽ...’ ഇങ്ങനെ കല്യാണരാഗത്തിൽ എത്രയോ ഗാനങ്ങൾ. അപ്പോൾപോലും പാട്ടിനുണ്ടായിരുന്ന സാധാരണത്വവും ചിരപരിചിതത്വവുമൊക്കെ മറികടക്കാൻ കെൽപുള്ള എന്തോ ഒരു അസാധാരണത്വം ജോൺസന്റെ സംഗീതഭാവനയിൽ ഉണ്ടായിരുന്നു.
മൗനത്തിന്റെ സൂക്ഷ്മസുന്ദരമായ ഒരു തച്ചുണ്ടായിരുന്നു ജോൺസന്റെ പല പാട്ടുകളിലും. നിശ്ശബ്ദതയെ പാട്ടാക്കാനും മെലഡിയെ ഓർമയാക്കാനുമൊക്കെ ജോൺസന് കഴിഞ്ഞു. വൈകാരികമായ ആഴങ്ങൾ, പ്രണയം, പ്രകൃതി, ആത്മീയത എന്നിവയെല്ലാം അദ്ദേഹം പാട്ടിലാക്കി. വികാരങ്ങളുടെ യാത്രയായിരുന്നു ജോൺസന്റെ പാട്ട്. അത് ഒരേസമയം അടുപ്പമുള്ളതും (intimate) പ്രാപഞ്ചികവും (Universal) ആയി മാറുന്നു. ആത്മത്തെ പ്രപഞ്ചവുമായി ചേർക്കുമ്പോഴാണ് പാട്ടിലെ നിശ്ശബ്ദമൊഴികൾ ഉരുവംകൊള്ളുന്നത്. ‘നേരം മങ്ങിയ നേരം’, ‘മൗനത്തിൻ ഇടനാഴിയിൽ’, ‘എന്റെ മൺവീണയിൽ’, ‘മെല്ലെ മെല്ലെ മുഖപടം’ എന്നിവയിലെല്ലാമുള്ള മൗനത്തിന്റെ മാത്രകൾ വ്യത്യസ്തമാകുന്നു. മൗനത്തിന് ശബ്ദത്തോളം പ്രാധാന്യം ലഭിക്കുന്നു. മൗനവും സംഗീതമയമാവുന്നു. മൗനം സംഗീതത്തെ പൂരിപ്പിക്കുന്നു. വൈവിധ്യങ്ങളുടെ പറുദീസയാണ് ജോൺസന്റെ ഗാനങ്ങൾ. അദ്ദേഹം പാട്ടിൽ സാന്ദ്രമാക്കുന്ന ഭാവവിന്യാസത്തിനും രാഗപ്പകർച്ചകൾക്കും ഉപകരണ സംഗീത നിറവിനും സമകാലിക ചലച്ചിത്രഗാനങ്ങളിൽ സമാന്തരങ്ങളില്ല. പാട്ടിനെ കാൽപനികമാക്കുന്ന മനോധർമങ്ങൾ അതിലുണ്ടായിരുന്നു.
പാശ്ചാത്യലയനിബദ്ധ സംഗീതം, പാട്ടിനെ അത്യന്തം വിലോഭനീയമാക്കുന്ന സ്വരൂപലാവണ്യം, സംഗമകാന്തികൾ, മനോധർമം, പ്രേമഗീതകങ്ങൾ... ഇവയെല്ലാം ജോൺസൺ തുല്യസാന്ദ്രതയോടെ മുഗ്ധവും സഫലവുമാക്കി. ഫ്രെയ്സുകളുടെ പ്രധാന ദീപ്തി, സൂക്ഷ്മ ലാവണ്യം, പ്രത്യക്ഷ സൗന്ദര്യം, ക്രിയാതല സൗന്ദര്യം എന്നിവയുടെ സംഗമശോഭയിലാണ് ജോൺസന്റെ ഗാനലോകം പുലർന്നത്. ഭാവാർദ്രതക്കുവേണ്ടി സംഗീതശിൽപത്തെ കൃത്യമായി മൃദുലപ്പെടുത്തുകയായിരുന്നു ജോൺസൺ. പ്രണയഗാനങ്ങളുടെ അതിപരിചിതമായ സ്വരൂപത്തെ ഉടച്ചുവാർക്കുന്ന സ്വരനിബദ്ധത്താൽ ചേതോഹരമാണ് ഈ പാട്ടുലോകം.
അനുഭൂതി നിർഭരമായിരുന്നു ആ പാട്ടിന്നകങ്ങൾ. ‘അനുരാഗിണി’, ‘ഒന്നുതൊടാനുള്ളിൽ’, ‘ചന്ദനച്ചോലയിൽ’, ‘നീലരാവിലിന്നു നിന്റെ’, ‘മനസ്സിന്റെ മോഹം’ എന്നിങ്ങനെയുള്ള വിഷാദഗീതികൾ, ‘മനസ്സിൻ മടിയിലെ’, ‘വെണ്ണിലാവോ ചന്ദനമോ’, ‘കൺമണിയേ ആരാരോ’ എന്നിങ്ങനെയുള്ള താരാട്ടുപാട്ടുകൾ ഇവയിലെല്ലാം ജോൺസന്റെ സംഗീതാവിഷ്കരണം അതിന്റെ ഉയരങ്ങളിൽ നിൽക്കുന്നു.
സംഗീതോപകരണങ്ങളുടെ ഔചിത്യപൂർണമായ സന്നിവേശത്തിലാണ് ജോൺസന്റെ പാട്ടുകളുടെ നിലനിൽപ്. ‘കരിമിഴിക്കുരുവികൾ’, ‘പൊന്നുരുകും പൂക്കാലം’, ‘കാനനത്തിലെ ജ്വാലകൾപോൾ’, ‘അനുരാഗിണി’ (വയലിൻ), സ്വർണ മുകിലേ’, ‘ബ്രഹ്മകമലം’, ‘മൗനസരോവരം’ (വീണ), ‘ദേവാങ്കണങ്ങൾ’ (സരോദ്), ‘മധുരം ജീവാമൃതബിന്ദു’, ‘നീ നിറയൂ’ (ഗിത്താർ), ‘ആടിവാ കാറ്റേ’, ‘സായന്തനം നിഴൽ’, ‘മോഹംകൊണ്ടു ഞാൻ’, ‘എന്നിട്ടും നീയെന്നെ’ (ഫ്ലൂട്ട്), ‘മന്ദ്രമധുരമൃഗംഗം’, ‘ശിവശൈലശൃംഗമാം’, ‘കുന്നിമണിച്ചെപ്പ്’ (മൃദംഗം) എന്നിങ്ങനെ ജോൺസന്റെ ഗാനങ്ങളിലെ ഉപകരണ മികവുകൾ ശ്രദ്ധേയമാകുന്നു.
സിത്താർ മാത്രമുപയോഗിച്ച ‘എന്റെ മൺവീണയിൽ’, വീണ മാത്രം വിന്യസിച്ച ‘ഗോപികേ നിൻവിരൽ’ എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. പാശ്ചാത്യ സംഗീതസ്വരങ്ങൾ, വയലിൻ പോളിഫണികൾ, ഫ്ലൂട്ട് മെലഡികൾ, ഇന്റർസെക്ടിങ് ടോണുകൾ എന്നിവയെല്ലാം ജോൺസന്റെ ഓർക്കസ്ട്രേഷനിലെ പ്രധാന ഘടകങ്ങൾ ആയിരുന്നു. വയലിൻ ഗിറ്റാർ കൗണ്ടറുകൾ എന്നിവയും മുഖ്യം. ‘പൂമുടിയിഴകാണും’, ‘അതിശയസംഭ്രമസാഗര മഴയിൽ’ എന്നീ പാട്ടുകളിലൊക്കെ ഇത്തരം സംഗീതഭംഗികൾ കാണാം. അധികമാരും കേൾക്കാതെപോയ ചില ഗാനങ്ങളിൽ ജോൺസൺ സംഗീതമുദ്രകൾ വിടർന്നുനിൽക്കുന്നത് കണ്ട് അതിശയപ്പെടേണ്ടതില്ല.
‘കാളിന്ദിയിൽ നിലാവിൽ’, ‘നീലമേഘമേ’, ‘പാടുന്ന രാഗത്തിൻ’, ‘തുളസിസന്ധ്യയെരിയും’, ‘ഏകാന്തരാവിൻ പിൻവാതിൽ’, ‘കണ്ണീരാറ്റിൽ’, ‘നല്ലോലക്കിളിയേ’, ‘നിൻമധുരിത’, ‘അഴകേ നിൻമുഖമൊരു’... ഇങ്ങനെയുള്ള പാട്ടുകൾ നിരീക്ഷണവിധേയമാക്കേണ്ടതാണ്. പാരമ്പര്യവും പരീക്ഷണവുമായിരുന്നു ജോൺസൺ സംഗീതത്തിന്റെ മൗലികമുദ്രകൾ. സ്മൃതികൾ മെലഡിയുമായി ചേർന്ന് മദിപ്പിക്കുന്ന ഗന്ധം പകർന്നുനൽകുകയായിരുന്നു. ഗൃഹാതുരമായ ഒരു കാലത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് ജോൺസന്റെ പാട്ടുകളിലെ ഓർമകളും നിശ്ശബ്ദതകളുമെല്ലാം. ജോൺസന്റെ മധുരഗീതികൾ ഏതോ ജന്മകൽപനകളുടെ സംഗമവേദികയായിരുത്തീരുന്നത് അതുകൊണ്ടുകൂടിയാണ്.