ഇനിയും നിന്നോർമതൻ ഇളവെയിലിൽ
text_fieldsരവീന്ദ്രൻ ഒ.എൻ.വി കുറുപ്പ്
കനകലിപികളിലെഴുതിയ കവിതയായിരുന്നു ഒ.എൻ.വിയുടേത്. ആ കവിതകളിൽ, നേർത്ത ശാസ്ത്രീയ സംഗീതത്തിന്റെ സാന്ദ്ര സൗന്ദര്യം ചാർത്തിയാണ് രവീന്ദ്രൻ സംഗീതനേരങ്ങൾ സൃഷ്ടിച്ചത്
ഹൃദയത്തിൽ പെയ്യുന്ന തേന്മഴയായിരുന്നു രവീന്ദ്രന്റെ സംഗീതം. പ്രപഞ്ചമാകെ നിറയുന്ന അപൂർവ സുന്ദരരാഗമായിരുന്നു അത്. അതിൽ വസന്തം പാടുന്നുണ്ടായിരുന്നു. കിളിയും കിനാവും പാടുന്നുണ്ടായിരുന്നു. ഒ.എൻ.വിയും രവീന്ദ്രനും ഒന്നിച്ചൊരുക്കിയ സംഗീതം ചലച്ചിത്രഗാന ശാഖയിലെ അതിരമണീയ മാത്രകൾ ആയിത്തീർന്നു. ആ പാട്ടുകളിൽ പറയാത്ത മൊഴികളും പറയുവാനാശിച്ചതുമൊക്കെയുണ്ടായിരുന്നു.
എവിടെ കേട്ടതും തിരിച്ചറിയാൻ കഴിയുന്ന സംഗീത മുദ്രകൾ ആ ഗാനങ്ങളിൽ എപ്പോഴുമുണ്ടായിരുന്നു. തീരെ പ്രതീക്ഷിക്കാത്തതും പ്രവചിക്കാനാവാത്തതുമായ ട്വിസ്റ്റുകൾ ഉണ്ടായിരുന്നു ആ പാട്ടുകളിൽ. നേർത്തുനേർത്താരംഭിച്ച് ശ്രുതിയുടെ ആരോഹണാവരോഹണങ്ങൾ സ്വന്തമാക്കി നിറയുന്ന സ്വരരാഗമഴയുടെ സൗഭഗമായിരുന്നു അത്.
കുളത്തൂപ്പുഴയെന്ന ആദിപ്രരൂപമേഖലയിൽനിന്നുത്ഭവം കൊള്ളുന്ന ഗ്രാമ്യമായ ഒരന്തർജ്ഞാനവും ക്ലാസിക്കൽ സംഗീതത്തിന്റെ സൗന്ദര്യഭദ്രമായ രാഗജ്ഞാനവും സംയോജിച്ചിരുന്നു രവീന്ദ്രനിൽ. കേൾവിക്കാരന്റെ അനുഭൂതി ഘടനയെ നിർണയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സംഗീതത്തിന്റെ മാറ്റായിരുന്നു അത്. ആവിഷ്കരിക്കാനാഗ്രഹിക്കുന്ന ഭാവത്തിനനുസൃതമായ രാഗവും സ്വരൂപവും നിർമിച്ച ശേഷമാണ് രവീന്ദ്രൻ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.
ഒ.എൻ.വിയുടെ ഭാവസാന്ദ്രമായ വരികൾക്ക് രവീന്ദ്രൻ സൃഷ്ടിച്ച ഈണങ്ങൾ കാലാതിവർത്തിയായി നിലകൊള്ളുന്നത്, അതിലെ നടയഴകുകൾ കൊണ്ടാണെന്ന് ഒ.എൻ.വി തന്നെ പറഞ്ഞിട്ടുണ്ട്. ‘പുഴയോരഴകുള്ള പെണ്ണി’ലെ നാടോടി ഈണവും ‘ഇനിയും വസന്തം പാടുന്നു’ എന്ന പാട്ടിലെ ലാളിത്യവും മറ്റൊന്നിലും നാം അധികം കണ്ടിട്ടില്ല. ‘രാജശിൽപി’യിലെ ഗാനങ്ങൾ രവീന്ദ്രൻ കൊടുത്ത ഈണങ്ങൾക്ക് അനുസരിച്ച് എഴുതിയവയായിരുന്നു.
അതിലെ നായികയുടെ നൃത്തപദങ്ങൾക്കും ഇതിവൃത്ത പുരോഗതിക്കും മൃദുപദചാരുതകളായിരുന്നു. രവീന്ദ്രൻ സാധാരണ ഉപയോഗിക്കാറുള്ള ദ്രുതസ്വരാവരോഹണങ്ങളും അവരോഹണങ്ങളുമെല്ലാം ഈ ഗാനങ്ങളിൽ ഒഴിവാക്കപ്പെട്ടു. ‘പൊയ്കയിൽ’, ‘അമ്പിളിക്കല ചൂടും’, ‘കാവേരി പാടാമിനി’, ‘അറിവിൻ നിലാവേ’, ‘സുഖമോ ദേവി’ എന്നിങ്ങനെ ഈണത്തിനനുസരിച്ച് ഒ.എൻ.വി എഴുതിയ കാവ്യാത്മകതയേറിയ വരികൾ രവീന്ദ്രൻ തന്റെ അനുകരിക്കാനാവാത്ത ഈണങ്ങളാൽ അനശ്വരമാക്കി.
മധ്യമാവതി രാഗത്തിൽ ചെയ്ത ‘പൊയ്കയിൽ’ എന്ന പാട്ടുവരികളിലെ ദൃശ്യാത്മകതയെ രവീന്ദ്രൻ രാഗാർദ്രമാക്കി. ‘സൂര്യഗായത്രി’യിലെ ‘ആലിലമഞ്ചലിൽ’ എന്ന താരാട്ടീണം, പാടിപ്പതിഞ്ഞ രീതികളിൽനിന്ന് വ്യത്യസ്തമായിരുന്നു. ‘തംബുരു കുളിർചൂടിയോ’ എന്ന ഈണം അത്രത്തോളം വിലാസവിലോലമാണ്.
ഈ പാട്ടിലെ ശ്രുതിഭേദങ്ങൾ എടുത്തുപറയേണ്ടതാണ്. കർണാടക ഹിന്ദുസ്ഥാനി രാഗങ്ങളുടെ പ്രയോഗ സാധ്യതകളെ കൃത്യമായും സൂക്ഷ്മമായും പാട്ടുകളിൽ ഉപയോഗിച്ചു എന്നതിലാണ് രവീന്ദ്രൻ മറ്റു സംഗീത സംവിധായകരിൽനിന്ന് വ്യത്യസ്തനാകുന്നത്.
ഹിന്ദുസ്ഥാനി രാഗങ്ങളെ കർണാടക സംഗീതത്തിന്റെ പ്രയോഗരീതികളിലേക്ക് സൂക്ഷ്മമായി ലയിപ്പിക്കുകയായിരുന്നു രവീന്ദ്രൻ. സിനിമ ഗാനങ്ങളിൽ ഭാവാത്മകതയോടൊപ്പം രാഗാത്മക സഞ്ചാരങ്ങൾക്കും വൈവിധ്യവും ആസ്വാദ്യതയും നൽകുന്നതിൽ രവീന്ദ്രൻ എക്കാലവും വിജയിച്ചു.
രവീന്ദ്രന്റെ സംഗീതത്തിലെ അടിയൊഴുക്കായിരുന്നു ശോകം. വിഷാദത്തിന്റെ അന്തരംഗം ആ ഗാനങ്ങളിൽ സജീവമായ ഒരു വൈകാരിക ഭാവം സൃഷ്ടിക്കുന്നു. ഒ.എൻ.വി-രവീന്ദ്രൻ ഗാനങ്ങളുടെ നിരയെടുത്തു നോക്കിയാൽ അത് ബോധ്യമാകും. ‘ഏകാകിയാം’, ‘പുഴയോരഴകുള്ള പെണ്ണ്’, ‘പറയൂ ഞാനെങ്ങനെ’, ‘വിട തരൂ’, ‘ഇനിയും നിന്നോർമതൻ’, ‘ഇനിയൊരു മലർച്ചില്ല’, ‘സന്ധ്യ കൊളുത്തിയ’, ‘പറയാത്ത മൊഴികൾ’, ‘ഒരു കുഞ്ഞുസൂര്യനെ’ അങ്ങനെ രവീന്ദ്ര ഗാനങ്ങളിൽ ഒഴുകുകയാണൊരുപാട് ശോകതരംഗിണികൾ.
വിരാമമില്ലാതെ പൊഴിയുന്ന സ്വരപ്രവാഹങ്ങളാണ് രവീന്ദ്രന്റെ ഗാനനദിയിലുള്ളത്. ‘പൊൻപുലരൊളി’, ‘ശ്രീലതികകൾ’ (കനകലിപികളിൽ എന്ന വരികളുടെ താളത്തിനനുസരിച്ച് പടവുകളിറങ്ങുന്ന ഉർവശിയെക്കാണാം) എന്നിവയെല്ലാം ഈ സ്വരതരംഗിണി ലയത്തിന് ഉദാഹരണങ്ങളാണ്.
ഗായകർക്കുവേണ്ടി ആലാപനത്തിന്റെ വ്യാപ്തി നിർണയിച്ച് നിർമിക്കുന്ന ഈണത്തിന്റെ ഒരു പാറ്റേണുണ്ടായിരുന്നു രവീന്ദ്രന്റെ ഗാനങ്ങളിൽ. അവിടെ രാഗാത്മകതയിലും ഭാവാത്മകതയിലും രൂപഭദ്രതയിലുമൊക്കെ ശ്രദ്ധിക്കുന്ന രവീന്ദ്രനെ കാണാൻ കഴിയും. മോഹനരാഗത്തിൽ രവീന്ദ്രൻ സംഗീതം നിർവഹിച്ച ‘അറിവിൻ നിലാവേ’, ‘ഇനിയും വസന്തം പാടുന്നു’, ‘പറയാത്ത മൊഴികൾ’ എന്നീ ഗാനങ്ങളിലെ രാഗ ഭാവ സ്പർശങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.
‘പുഴയോരഴകുള്ള പെണ്ണ്’, ‘ഏകാകിയാം നിന്റെ സ്വപ്നങ്ങളൊക്കെയും’ എന്നീ ഗാനങ്ങളിലെ വാസന്തിരാഗ ചാരുതകൾ എടുത്തുപറയേണ്ടതാണ്. രേവതിരാഗത്തിന്റെ മനോജ്ഞതകൾ മുഴുവനുമുണ്ടായിരുന്നു ‘ശ്രീലതികകളിൽ’. ‘ആരോ പോരുന്നെൻ കൂടെ’ എന്ന രാഗമാലിക (ധന്യാസി, കല്യാണവസന്തം, കുന്തളവരാളി) കേൾക്കുന്ന മാത്രയിൽ നമ്മുടെ കൂടെ പോരുന്നു.
കനകലിപികളിലെഴുതിയ കവിതയായിരുന്നു ഒ.എൻ.വിയുടേത്. ആ കവിതകളിൽ, നേർത്ത ശാസ്ത്രീയ സംഗീതത്തിന്റെ സാന്ദ്ര സൗന്ദര്യം ചാർത്തിയാണ് രവീന്ദ്രൻ സംഗീതനേരങ്ങൾ സൃഷ്ടിച്ചത്. ശ്രുതിയുടെ കയറ്റിറക്കങ്ങളിലൂടെ നിർമിക്കപ്പെടുന്ന സ്ഥലപരതയും താളങ്ങൾ ഉണർത്തുന്ന സമയബോധവും ചേർന്ന് ശ്രാവ്യമായൊരു സ്ഥലകാലമേഖല പാട്ടിൽ സർവാത്മനാ ഒരുക്കുന്നുണ്ട് രവീന്ദ്രൻ.
അത് രാഗവൈഭവത്തിന്റെ ഔന്നത്യത്തിലായിരുന്നില്ല, പകരം പാട്ടിലുണ്ടാകേണ്ട ലളിതമായ ഈണത്തിന്റെ വിദഗ്ധമായ സന്നിവേശം കൊണ്ടായിരുന്നു. രവീന്ദ്രൻ പാട്ടിലുണ്ടാക്കിയ അത്തരം രൂപമാതൃകകൾ മറ്റാർക്കും അനുകരിക്കാനാവാത്ത ഭാവുകത്വത്തിന്റേതായിരുന്നു. ഒ.എൻ.വിയുടെ വരികളെ ധ്വനിമയമാക്കുന്ന മനോഹാരിതകൾ ഉദാരമാകുന്നുണ്ട് രവീന്ദ്രഗീതികളിൽ.
രാഗങ്ങൾകൊണ്ട് പാട്ടിൽ ചില സവിശേഷ ഭാവങ്ങൾ കൊണ്ടുവന്നു അദ്ദേഹം. പാട്ടിലെ സ്ഥലത്തെ സമയപ്പെടുത്തുകയും സമയത്തെ ബലപ്പെടുത്തുകയും ചെയ്യുന്ന ഈ രാഗാത്മക കലയെ പാട്ടിൽ പ്രഗാഢമാക്കുകയായിരുന്നു രവീന്ദ്രൻ. ഓരോ തവണ കേൾക്കുന്തോറും പുതിയ അനുഭൂതികൾ നൽകാൻ കെൽപുണ്ടായിരുന്ന സംഗീത പ്രപഞ്ചമാണത്. ഒ.എൻ.വി-രവീന്ദ്രൻ ഗീതികളിലെ സഹജാനുരാഗത്തിന്റെ അസാധാരണമായ ദീപ്തിക്ക് കാരണം അതിലെ രാഗാത്മകതയുടെ പ്രതിഫലനമാണ്.
ഒ.എൻ.വിയും രവീന്ദ്രനുമൊന്നിച്ച ഗാനങ്ങൾ, വൈകാരികവും ലയസംവേദിയുമായ സംഗീത സാധ്യതകളെ നന്നായി വിശദീകരിക്കുന്നുണ്ട്. ‘ഓരോരോ പൂമുത്തും കോർത്തു’ എന്ന ഒ.എൻ.വി പാട്ടിലെഴുതിയപോലെയാണ് രവീന്ദ്രന്റെ ഈണഘടനകൾ.
ഓർക്കസ്ട്രേഷൻ അത്രക്കും ലളിതമാക്കിയാണ് ഒ.എൻ.വിയുടെ വരികളിൽ രവീന്ദ്രൻ ഇന്ദ്രജാലം സൃഷ്ടിച്ചത്. കാവ്യാംശം ചോരാതെ ചിട്ടപ്പെടുത്തിയ ‘വിടതരൂ’, ‘മുത്തുപൊഴിയുന്ന’ എന്നിവയൊക്കെ ഇത്തരം ഗാനങ്ങളിൽപെടുന്നു. ‘മിന്നാമിനുങ്ങിന് ഇത്തിരിവെളിച്ചം പോലെയായിരുന്നു രവീന്ദ്രന് ആത്മാവിൽനിന്നുറവെടുക്കുന്ന സംഗീതമെന്ന ‘ഒ.എൻ.വി നിരീക്ഷിച്ചിട്ടുണ്ട്.
ഋതുസുഗന്ധ പുഷ്പശോഭമായ പാട്ടുകളായിരുന്നു ഒ.എൻ.വി-രവീന്ദ്രൻ ടീമിന്റെത്. ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന മധുരമുത്തു മൊഴികളായിരുന്നു അവ. ‘പൊയ്കയിൽ, കുളിർപൊയ്കയിൽ’, ‘മാനത്തുകണ്ണിയും’, ‘രാഗാർദ്ര സന്ധ്യയിൽ’, ‘ഷാരോണിൻ പനീർപൂ ചൂടിവരും’, ‘ഹൃദയത്തിൻ തേന്മഴ പെയ്യും’, ‘വാനമ്പാടി ഏതോ’, ‘പൂവേണോ പൂവേണോ’, ‘ആടീദ്രുതപദതാളം’, ‘ഇനിയും നിന്നോർമതൻ’, ‘പായുന്നു പൊൻമാൻ’, ‘ആനന്ദത്തേൻകുമ്മി’ അങ്ങനെ എന്തുമാത്രം വ്യത്യസ്തതകളുള്ള ഒരു ശേഖരം. ‘പറയാം ഞാൻ ഭദ്രേ നീ കേൾക്കുവാനല്ലാതെ ഒരുവരിപോലും ഞാൻ പാടിയില്ല’, ‘പറയൂ ഞാനെങ്ങനെ പറയേണ്ട’ എന്നിങ്ങനെയുള്ള ഒ.എൻ.വിയുടെ വരികൾക്ക് രവീന്ദ്രൻ നൽകിയ സംഗീതം ഈ സമാഗമത്തിന്റെ അർഥസൗന്ദര്യങ്ങളെ വെളിപ്പെടുത്തുന്നു.
കവിയുടെ വരികളിലെ നിഗൂഢാനുരാഗത്തിന്റെ സൗന്ദര്യവും സൗരഭ്യവും മുഴുവൻ രവീന്ദ്രന്റെ ഈണങ്ങളിൽ സാർഥകമാവുകയായിരുന്നു. വിനിമയ നിർഭരവും വിസ്തൃതവുമായിത്തീരുകയായിരുന്നു; രാഗാത്മകമാവുകയായിരുന്നു.