ജീവിതം പല ഗാനം
text_fieldsപി. ഭാസ്കരൻ, ബിച്ചു തിരുമല, മാങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ, ശ്രീകുമാരൻ തമ്പി, റഫീക്ക് അഹമ്മദ്
‘സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽനിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു ജീവിതം–അതു ജീവിതം...’
മലയാള സിനിമകളിലെ ജീവിതം പറയുന്ന പാട്ടുകളെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്ന ഗാനം. ജീവിതം വ്യാഖ്യാനിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗാനം. ജീവിതവും മനുഷ്യബന്ധങ്ങളെ കുറിച്ചും ധാരാളം പാട്ടുകൾ രചിച്ച ശ്രീകുമാരൻ തമ്പിയുടേതാണ് ഈ വരികൾ. 1973ൽ പ്രദർശനത്തിനെത്തിയ ‘ഇതു മനുഷ്യനോ?’ എന്ന സിനിമയിൽ, എം.കെ. അർജുനൻ ഈണം നൽകിയ ഗാനം, യേശുദാസിന്റെ ആലാപനവും ബി. വസന്തയുടെ ഹമ്മിങ്ങും ചേർന്നപ്പോൾ അതീവ ഹൃദ്യമായി.
സുഖവും ദുഃഖവും ഇഴചേരുന്ന മനുഷ്യജീവിതം ഘടികാരത്തിന്റെ പെൻഡുലചലനവുമായി മനോഹരമായി ചേർത്തുവെച്ചു ശ്രീകുമാരൻ തമ്പി. ‘ജീവിതം ഒരു പെൻഡുലം’ എന്ന് അദ്ദേഹം ആത്മകഥക്ക് ശീർഷകമായെടുത്തതും ഈ ഗാനത്തിൽനിന്നുതന്നെ.
ജീവിതത്തെ സംഗീതവുമായി കോർത്തിണക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഒരു ഗാനമാണ്:
‘സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം.’
1957ൽ പുറത്തിറങ്ങിയ ‘ജയിൽപ്പുള്ളി’ സിനിമയിലെ കമുകറ പുരുഷോത്തമനും ശാന്ത പി. നായരും ചേർന്ന് ആലപിച്ച ഈ ഗാനം ഇന്നും ആസ്വാദകരുടെ മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നു. തിരുനയിനാർകുറിച്ചി മാധവൻ നായരുടേതാണ് വരികൾ. ബ്രദർ ലക്ഷ്മൺ ഈണവും.
ജനനവും മരണവും ചേർന്നതാണല്ലോ ഓരോ ജന്മവും. ജന്മം എന്ന വാക്കിൽതന്നെയുണ്ട് ജനനവും (ജ) മരണവും (മ). ജനിക്കുമ്പോൾ സ്വയം കരയുന്നതും മരിക്കുമ്പോൾ മറ്റുള്ളവരെ കരയിപ്പിക്കുന്നതുമാണ് മനുഷ്യജീവിതം.
‘കണ്ണീരിൽ തുടങ്ങും ചിരിയായ് വളരും കണ്ണീരിലേക്കു മടങ്ങും’ എന്ന് ശ്രീകുമാരൻ തമ്പി ‘സുഖമൊരു ബിന്ദു’ എന്ന ഗാനത്തിൽ പറഞ്ഞതും ഈ ജീവിത സത്യമാണല്ലോ. ഇതേ സത്യം അദ്ദേഹം തന്നെ എഴുതിയ
‘കരഞ്ഞുകൊണ്ടേ ജനിക്കുന്നു നാം
കരയിച്ചുകൊണ്ടേ മരിക്കുന്നൂ
വിടർന്നാൽ കൊഴിയാത്ത
വസന്തമുണ്ടോ -മണ്ണിൽ
നിറഞ്ഞാലൊഴിയാത്ത ചഷകമുണ്ടോ?’
(ചിത്രം ആദ്യപാഠം, സംഗീതം: എ.ടി. ഉമ്മർ, ആലാപനം: യേശുദാസ്, വർഷം 1977)
‘ഉദിച്ചാല്‍ അസ്തമിക്കും -മണ്ണില്‍
ജനിച്ചാല്‍ അന്തരിക്കും
വിടര്‍ന്നാല്‍ കൊഴിയും
നിറഞ്ഞാലൊഴിയും
വിധി ചിരിക്കും കാലം നടക്കും.'
(ചിത്രം: ദിവ്യദർശനം, സംഗീതം, ആലാപനം: എം.എസ്. വിശ്വനാഥൻ, വർഷം: 1973) എന്നീ ഗാനങ്ങളിലുമുണ്ട്.
ജനനവും മരണവും ആ സമയങ്ങളിലെ കരച്ചിലും ലളിതമായ വരികളിൽ പി. ഭാസ്കരൻ ആവിഷ്കരിച്ചത് നോക്കൂ:
‘പിറന്നപ്പോള്‍ സ്വയം
പൊട്ടിക്കരഞ്ഞുവല്ലോ –ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു
നരജന്മ നാടകത്തിലാദ്യന്തമിടയ്ക്കിടെ
മുഴങ്ങുന്ന പല്ലവി കരച്ചില് മാത്രം’
(ചിത്രം: ജീവിക്കാൻ അനുവദിക്കൂ. സംഗീതം: വിജയഭാസ്കർ, ആലാപനം: യേശുദാസ്, വർഷം: 1967)
‘വെളിച്ചം അകലെ’ എന്ന ചിത്രത്തിലെ ‘ജന്മബന്ധങ്ങൾ’ എന്നു തുടങ്ങുന്ന ഗാനത്തിൽ ജീവിതമെന്നത് നദിയാണ്. വയലാർ രാമവർമ ഇങ്ങനെ എഴുതുന്നു:
‘ജന്മബന്ധങ്ങൾ വെറും ജലരേഖകൾ
ജനനത്തിനും മരണത്തിനും
നടുവിൽ ഒഴുകും
ജീവിതനദിയിലെ ജലരേഖകൾ...’
ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന സന്തോഷവും ദുഃഖവും അനുപല്ലവിയിലെ
‘ഒരിടത്തു പൊട്ടിച്ചിരികൾ
ഒരിടത്തു ബാഷ്പോദകങ്ങൾ’ എന്നീ വരികളിൽ വായിച്ചെടുക്കാം. (സംഗീതം: ആർ.കെ. ശേഖർ, പാടിയത് യേശുദാസ്, വർഷം 1975).
ജീവിതത്തെ നദിയായിട്ടാണ് വയലാർ ഉപമിച്ചതെങ്കിൽ പി. ഭാസ്കരനത് വൻ നദിയാണ്.
‘ജീവിതം ഒരു വന്‍ നദി... ഒഴുകും
ജലമിതില്‍ ദുര്‍വിധി
ഈ ഒഴുക്കില്‍ ഒലിച്ചുപോകും
മനുജന് ഒരു ചെറു പുല്‍ക്കൊടി
തെല്ലുദൂരം ചേര്‍ന്നിടുന്നു.
വേര്‍പെടുന്നു പിന്നെയും.’
(ചിത്രം: ബാല്യപ്രതിജ്ഞ/പുരുഷരത്നം, സംഗീതം: കെ.കെ. ആന്റണി, പാടിയത്: എസ്. ജാനകി, വർഷം 1972)
ജീവിതം പാരാവാരമാണെന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പറയുന്നു:
‘ഈ ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ?
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്...’
(ചിത്രം: ഇവനെന്റെ പ്രിയപുത്രൻ, സംഗീതം: കെ.ജെ. ജോയ്, പാടിയത്: യേശുദാസ്, വർഷം 1977 )
ജീവിതത്തെ ചുമടുവണ്ടിയോട് ഉപമിച്ച ഒരു ഗാനം വയലാർ എഴുതിയിട്ടുണ്ട്. വെറുമൊരു ചുമടു വണ്ടിയല്ല, മനുഷ്യനും ദൈവവും ചുമച്ചു കിതച്ചു കൊണ്ടുവന്ന ചുമടു വണ്ടി.
‘ജീവിതമൊരു ചുമടുവണ്ടി
ജനന മരണ വീഥികളിൽ
മനുഷ്യനും ദൈവവും ചുമച്ചു കിതച്ചു
കൊണ്ടുവന്ന ചുമടുവണ്ടി.’
(ചിത്രം: അവളൽപ്പം വൈകിപ്പോയി, സംഗീതം: ദേവരാജൻ, പാടിയത്: യേശുദാസ്, വർഷം: 1971)
ജീവിതം ഗാനവും മധുപാനവുമൊക്കെയായി മാറുന്നു പി.ജെ. ആന്റണിക്ക്. അദ്ദേഹം ‘പെരിയാർ’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഗാനം നോക്കൂ-
‘ജീവിതമൊരു ഗാനം
അതിമോഹന മധുപാനം
സുന്ദരാംഗിമാരേ –നിങ്ങള്‍
ക്കെന്തിനാണു നാണം...’
ജീവിതം ആരോ എഴുതുന്ന പൂർണതയില്ലാത്ത ഗാനമാണെന്ന് പൂവച്ചൽ ഖാദർ.
ചിത്രം: ധീര. സംഗീതം: രഘുകുമാർ. വർഷം: 1982 യേശുദാസ് പാടുകയാണ്:
‘ജീവിതം ആരോ എഴുതും ഗാനം
തേങ്ങലായ് മാറും ഗാനം
താളമില്ലാ ശ്രുതിലയമില്ല
പൂർണതയില്ലാത്ത ഗാനം...’
കോഴിശ്ശേരി ബലരാമൻ എന്ന ഗാനരചയിതാവിന് ജീവിതം ഒരു മരീചികയാണ്. ചിത്രം: തീരം തേടുന്ന തിര.
‘ജീവിതം ഒരു മരീചിക
ജീവിതാശകൾ മരീചിക...’
(സംഗീതം: ശ്യാം, പാടിയത്: യേശുദാസ്, വർഷം: 1982)
‘നിറകുടം’ എന്ന സിനിമയിൽ അച്ഛൻ പാടുന്ന താരാട്ടുപാട്ടിൽ കുഞ്ഞിനോടാണ് ജീവിതത്തെക്കുറിച്ച് പറയുന്നത്.
‘ആരാരോ ആരാരോ ആരാരോ ആരിരാരോ
ജീവിതമെന്നൊരു തൂക്കുപാലം
ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍
അക്കരെക്കെത്താന്‍ ഞാന്‍
ബുദ്ധിമുട്ടുമ്പോള്‍
ഇക്കരെ നീയും വന്നതെന്തി-
നാരോമല്‍ കുഞ്ഞേ...’
(ഗാനരചന: ബിച്ചു തിരുമല. സംഗീതം: ജയവിജയ. വർഷം: 1977)
ബിച്ചു തിരുമല ‘ഉറക്കം വരാത്ത രാത്രികൾ’ക്കു വേണ്ടി എഴുതിയതാണ്:
‘നാടകം ജീവിതം രംഗങ്ങൾ മാറും
വേഷങ്ങൾ തീരും താരങ്ങളും വേറിടും
കാലം വേറേ കോലം നൽകും വീണ്ടും...’
(സംഗീതം: ശ്യാം. പാടിയത്: യേശുദാസ്, വർഷം 1978)
‘അയിഷ’ എന്ന ചിത്രത്തിൽ വയലാർ ഇങ്ങനെ എഴുതി:
‘ശോകാന്ത ജീവിത നാടക വേദിയിൽ
ഏകാകിനിയായ് നീ’
(സംഗീതം: ആർ.കെ. ശേഖർ, ആലാപനം: യേശുദാസ്,1964 )
‘ജോസേട്ടന്റെ ഹീറോ’ എന്ന ചിത്രത്തിൽ ജീവിതം ഒരു നടനമാണെന്ന് റഫീക്ക് അഹമ്മദ്.
‘ജീവിതമൊരു നടനം
അതിലാടുകയേ ശരണം
പരിചയമവനവനുണ്ടെങ്കിൽ
അതു വിജയം അതിലളിതം
കരഗതം –പരമപദം...’
‘ജീവിതം’ എന്ന സിനിമയിൽ ജീവിതത്തെ ഒരുനാളിൽ വിടർന്ന് മറ്റൊരു നാളിൽ പൊഴിഞ്ഞുവീഴുന്ന പൂവിനോട് ഉപമിച്ചിരിക്കുകയാണ് പൂവച്ചൽ ഖാദർ.
‘ജീവിതം നിഴല്‍ രൂപകം
ജീവിതം അഴൽ പൂരിതം
ഒരു നാളില്‍ വിടരും
മറുനാളില്‍ അടിയും
മലരോട് സമമീ ജീവിതം...’
(സംഗീതം: ഗംഗൈ അമരൻ, ആലാപനം: യേശുദാസ്, 1984)
ജീവിതത്തിൽ പ്രണയം പൂത്തുലയുമ്പോൾ ജീവിതം പ്രണയമധുരമായി തോന്നും. 1976ൽ പുറത്തിറങ്ങിയ ‘മുത്ത്’ എന്ന ചിത്രത്തിൽ അങ്ങനെയും ഒരു ഗാനമുണ്ട്.
‘ജീവിതം പ്രണയമധുരം
ഹൃദയചഷകം നിറയെ അമൃതം
ഈ നാളിൻ ലഹരി നുകരാൻ
നീ വരൂ വരൂ നീ വരൂ വരൂ...’
(രചന: കെ.എസ്. നമ്പൂതിരി, സംഗീതം: പ്രതാപ് സിങ്, പാടിയത്: രാധ പി. വിശ്വനാഥ്)
പുതിയ കാലത്ത് ജീവിതം ഒരു തമാശയായി.
2023ൽ പുറത്തിറങ്ങിയ ‘വാതിൽ’ എന്ന ചിത്രത്തിലാണ് ആ തമാശയുള്ളത്.
‘ജീവിതമെന്ന തമാശ -അതിൽ
ആയിരമായിരം ആശ...’
(രചനയും സംഗീതവും സെജോ ജോൺ, പാടിയവർ: ഷെഹബാസ് അമൻ & ഫെജോ), ‘ജീവിതംപോലെ നദിയൊഴുകി...’ (പരിവർത്തനം, ശ്രീകുമാരൻ തമ്പി, എം. എസ്. വിശ്വനാഥൻ/യേശുദാസ്, 1977), ‘ജീവിതപ്പൂവനത്തിൽ...’ (പൗരുഷം, വെള്ളനാട് നാരായണൻ, എ.ടി. ഉമ്മർ/യേശുദാസ് & കല്യാണി മേനോൻ, 1983), ‘ജീവിതം സ്വയമൊരു ബലപരീക്ഷണം...’ (ബലപരീക്ഷണം, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, എം.കെ. അർജുനൻ/ജോളി എബ്രഹാം, 1978), ‘ജീവിതം ഒരു വഴി സഞ്ചാരം’... (സിറ്റി ഓഫ് ഗോൾഡ്, അനിൽ പനച്ചൂരാൻ/പ്രശാന്ത് പിള്ള, പ്രീതി പിള്ള, 2016), ‘ജീവിതമൊരു നവനാടകം’ (ചിത്രം: പോയ് മറഞ്ഞു പറയാതെ, രചന: പ്രദീപ് ശിവശങ്കരൻ, ഈണവും ആലാപനവും: ഉണ്ണി നമ്പ്യാർ), ‘ജീവിതം മായപ്പമ്പരം (ഇതിഹാസ, ബി. ഹരി നാരായണൻ, ദീപക് ദേവ്, റോണി ഫിലിപ്പ് & ലോൺലി ഡോഗ്ഗി, 2014), ‘ജീവിതമെന്നത് വേഗതയേറിയ ട്വന്റി ട്വന്റി’ (രക്ഷാധികാരി ബൈജു -ഒപ്പ്), ബി.കെ. ഹരി നാരായണൻ, ബിജിബാൽ, അരുൺ ആലാട്ട്, 2017), ‘ജീവിതമാം യാത്രയിൽ’ (പ്രദീപ് ഉണ്ണികൃഷ്ണൻ, ലത്തീഫ് മുല്ലശ്ശേരി, സരിഗമശ്രീ മോഹൻ, 2019)... ഇങ്ങനെ ജീവിതം വ്യത്യസ്ത കാഴ്ചപ്പാടുകളും സങ്കൽപനങ്ങളുമായി നിറഞ്ഞുനിൽക്കുകയാണ്, മലയാള സിനിമയിൽ.