ഇനിയില്ല ആ മാന്ത്രിക വിരൽസ്പർശം...
text_fieldsപയ്യന്നൂരിൻ്റെ വേദിയിൽ ഇനി ആ മാന്ത്രിക വിരലുകൾ വിസ്മയ മേളം തീർക്കാനെത്തില്ല. വരാമെന്ന് പല തവണ പറഞ്ഞുവെങ്കിലും ലോകം മുഴുവൻ ആരാധകരുള്ള ഉസ്താദിന് പക്ഷേ ആ വാക്കുപാലിക്കാനായില്ല. സത് കലാപീഠത്തിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു ഉസ്താദ് തബല വായിച്ച് സദസിനെ വിരുന്നൂട്ടിയത്. ഒപ്പം പുല്ലാങ്കുഴലിൽ സംഗീത സംഗീത ചക്രവർത്തി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമുണ്ടായിരുന്നു. ഉസ്താദിൻ്റെ തബലയും പണ്ഡിറ്റിൻ്റെ പുല്ലാങ്കുഴലും തീർത്ത രാഗ വസന്തം പയ്യന്നൂരിലെ സംഗീത പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ശേഷം പല തവണ ഉസ്താദിനെ പയ്യന്നൂരിലെത്തിക്കാൻ ശ്രമം നടത്തിയതായി സ്വാമി കൃഷ്ണാനന്ദ ഭാരതി 'മാധ്യമ'ത്തോടു പറഞ്ഞു.
എന്നാൽ തിരക്ക് കാരണം സാധിച്ചില്ല. ഉപേക്ഷിക്കാതെ ശ്രമം തുടരുന്നതിനിടയിലാണ് ആ വിസ്മയ നാദം നിലച്ചത്. തബലയുടെ തോൽപ്പുറത്ത് വിസ്മയം തീർക്കുകയായിരുന്നു സക്കീർ ഹുസൈൻ സത് കലാപീഠം വേദിയിൽ. ഒപ്പം ചാരസ്യയുടെ മാന്ത്രിക വിരൽ കുഴലിൻ്റെ നാദത്തിലൂടെ സഞ്ചരിച്ചപ്പോൾ സ്വപ്ന സമാനമായിരുന്നു വേദി.
തുരീയം സംഗീതോത്സവ വേദിയിൽ എത്താത്ത സംഗീതജ്ഞർ ഭാരതത്തിൽ കുറവാണ്. പത്ത് വർഷത്തിലധികമായി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ സാന്നിധ്യമുണ്ട്. 15 വർഷത്തിലധികം സാക്സ ഫോൺ ഇതിഹാസം കദരി ഗോപാൽനാഥുമുണ്ടായിരുന്നു. എന്നാൽ ആദ്യ കച്ചേരിക്കു മാത്രമാണ് സക്കീർ ഹുസൈൻ എത്തിയത്.
വീണ്ടുമൊരു തവണ കൂടി എത്താനാവാതെയാണ് രാഗ വിളക്കണഞ്ഞത്. ഉസ്താദും പണ്ഡിറ്റ് ജിയും തുടങ്ങി വെച്ച സംഗീതോത്സവം അപശബ്ദമില്ലാതെ മുടങ്ങാതെ മുന്നേറുന്നതിനിടെയാണ് തബലയുടെ കലാശക്കൊട്ട്.