സംഗീതത്തിൽ കലാപത്തിന്റെയും കവിതയുടെയും കനലുകൾ കോരിയിട്ട സുബീൻ ഗാർഗ്; വിയോഗ വേദനയിൽ നിന്നും മുക്തമാവാതെ നാട്
text_fieldsസുബീൻ ഗാർഗ് എന്ന സംഗീത പ്രതിഭാസത്തിന്റെ അപ്രതീക്ഷിത വിയോഗത്തോട് ഇനിയും പൊരുത്തപ്പെടാൻ അസമുകാർക്കായിട്ടില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ സുബിന്റെ ആരാധകരും സമാനമായ അവസ്ഥയിലാണ്. ആ പ്രതിഭയെ അനുസ്മരിക്കാൻ നടത്തുന്ന ചെറുതും വലുതുമായ വികാരഭരിതമായ സദസ്സുകളിൽ നിന്നും മാറിനിൽക്കാൻ അവർക്കാർക്കും കഴിയുന്നില്ല.
കാസിരംഗയിൽ അടുത്തിടെ ജനിച്ച ആനക്കുട്ടിക്ക് അദ്ദേഹത്തിന്റെ ഗാനത്തിന്റെ പേരായ ‘മായാബിനി’ എന്ന പേരിട്ടത് അതിന്റെ പ്രതിഫലനമാണ്. സുബീന്റെ സ്മരണക്കായി വൃക്ഷത്തൈ നടീൽ പരിപാടികൾ അടക്കം സംഘടിപ്പിക്കുന്നുണ്ടവർ. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനത്തുടനീളമുള്ള പൊതു ഇടങ്ങൾ ആ മനുഷ്യന്റെ ഛായാചിത്രങ്ങൾക്കുള്ള കാൻവാസായി മാറിയിരിക്കുകയാണ്. ഓരോ നിമിഷവും അദ്ദേഹത്തിന്റെ ഓർമകളാൽ ഉണർത്തപ്പെടുന്നു. ഒരുപക്ഷെ, അസമിന് പുറത്തുള്ള അധികമാർക്കും ഈ നഷ്ടത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല.
‘മൈക്കൽ ജാക്‌സൺ മരിച്ചപ്പോൾ ലോകം ഇങ്ങനെ ദുഃഖിച്ചു എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് കണ്ടിട്ടില്ലെന്ന് ഗായകനും സുബീന്റെ സമകാലികനുമായ ദേബോജിത് സാഹ പറയുന്നു.
സെപ്റ്റംബർ 19ന് സിംഗപ്പൂരിലെ പൂളിൽ വെച്ചാണ് സുബീൻ ഗാർഗ് മരിച്ചത്. അത് അപകടമരണമാണോ ആസൂത്രിത കൊലയാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം സമൂഹ മാധ്യമ പോസ്റ്റുകളിൽ പലവിധത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട മുടിയും ജാക്കറ്റുകളുമുള്ള യുവത്വത്തിൽ നിന്ന് വർണ്ണരാജികളോടെയുള്ള ഒരു മാവെറിക് ഡ്രെസ്സറായി തല മൊട്ടയടിച്ചതും കൈകൾ ഉയർത്തിപ്പിടിച്ചതുമായ അദ്ദേഹത്തിന്റെ രൂപം ഉൾക്കൊള്ളുന്ന എ.ഐ വിഡിയോകളും നാടിന്റെ പ്രശ്നങ്ങളിൽ നിസ്സംഗത മുതൽ കോപം വരെ നിറഞ്ഞ അഭിമുഖങ്ങളും ആദ്യകാല കച്ചേരികളും ഗാങ്‌സ്റ്ററിലെ ‘യാ അലി’ ക്ലിപ്പുകളുമായി നീളുന്നു അത്.
സുബീന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതാണ് ഗുവാഹത്തി സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ രാജിബ് ഹാൻഡിക്കിന്റെ വാക്കുകൾ. ‘1990 കളുടെ തുടക്കത്തിൽ തന്നെ മാറ്റത്തിന്റെ കാറ്റ് വീശിയിരുന്നു. ബെർലിൻ മതിൽ തകർന്നു. ഇന്ത്യ നവ ലിബറലിസം സ്വീകരിച്ചു. ഉൾഫ കലാപവും കലാപവിരുദ്ധ പ്രവർത്തനങ്ങളും അസമിനെ ആഴത്തിൽ ബാധിച്ചു. സാധാരണക്കാരുടെ ജീവിതം തടസ്സപ്പെട്ടു. അക്രമത്തിന്റെയും ഭീഷണിയുടെയും അഴിമതിയുടെയും ഒരു ചെളിക്കുണ്ടിൽ ആളുകൾ കുടുങ്ങി. സംഗീത ലോകം അവരുടെ പ്രശ്നങ്ങളിലേക്ക് തിരിയുകയായിരുന്നു. അത്തരമൊരു സമയത്താണ് അസമിൽ ജിതുൽ സോനോവാളിന്റെ ഗാനങ്ങൾ ജനങ്ങൾക്കിടയിലേക്ക് കടന്നുവരുന്നത്. ജിതുലിന്റെ അനുയായിയായിരുന്നു സുബീൻ’.
സുബീന്റെ ഗാനങ്ങൾ കലാപത്തിന്റെ ഊർജവും, കവിതയുടെ വാഞ്‌ഛയും, മാറ്റം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ സ്പന്ദനവും വഹിച്ചുവെന്ന് ചരിത്രകാരനും സംഗീത നിരൂപകനുമായ സ്വപ്‌നനിൽ ബറുവയും പറയുന്നു. അദ്ദേഹത്തിന് ഒരു ശബ്ദവും അന്യമായിരുന്നില്ല. ആത്മാർഥതയോടെ ആലപിച്ച് എല്ലാത്തിനെയും അസമീസ് ആക്കും. ഗുവാഹത്തിയിൽ നിന്നുള്ള ഒരു റോക്ക് ഗാനം ബ്രഹ്മപുത്രയുടെ പ്രതിധ്വനികളെ ഉൾക്കൊള്ളും. അതേസമയം, ഒരു നാടോടി ഗാനം ആഗോള ഉപകരണങ്ങളുടെ തിളക്കത്തെ വഹിക്കും. ഇത് അദ്ദേഹത്തെ സാംസ്കാരികമായ ഒരു നവീകരണവാദിയും ദീർഘവീക്ഷണമുള്ളവനുമായി അടയാളപ്പെടുത്തി.
1989ൽ ഞാൻ ആദ്യമായി സുബീനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിന് 18 വയസ്സായിരുന്നുവെന്നും ഒരു ഗായകനായല്ല നല്ലൊരു കീബോർഡ് വായനക്കാരൻ എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സൗണ്ട് ഡിസൈനർ അമൃത് പ്രീതം ഓർക്കുന്നു. ഗായിക ലൂണ സോനോവാളിനൊപ്പം അദ്ദേഹം കീബോർഡ് വായിക്കാറുണ്ടായിരുന്നു. മിക്ക സമയത്തും ഇന്ത്യൻ പാശ്ചാത്യ സംഗീതം അടക്കമുള്ള എല്ലാത്തരം സംഗീതത്തെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തിരുന്നുവെന്നും പ്രീതം അനുസ്മരിച്ചു.
ആ കാലത്ത് സുബീന്റെ പാശ്ചാത്യ സംഗീതത്തോടുള്ള ഇടപെടലിന്റെ വ്യാപ്തി അധികമാർക്കും അറിയില്ലായിരുന്നുവെന്ന് സുബീനുമായി അടുപ്പമുണ്ടായിരുന്ന ഇംതിയാസ് സൈകിയ എന്ന അധ്യാപകൻ അഭിപ്രായപ്പെട്ടു. ഒരു ദിവസം ജെ.ബി. കോളജിന്റെ ഗേറ്റിൽ തന്റെ മഞ്ഞ റേഞ്ചർ സൈക്കിൾ പാർക്ക് ചെയ്ത് ആവേശത്തോടെ എന്റെ അടുത്തേക്ക് നടന്നുവന്നു. കറുത്ത ലെതർ ജാക്കറ്റിനുള്ളിൽ തിരുകി വച്ചിരുന്ന ഒരു സ്വർണ്ണ മെഡൽ പുറത്തെടുത്ത് പറഞ്ഞു. ഇംതിയാസ് ഞാനിത് മദ്രാസിൽ പാശ്ചാത്യ വോക്കലിൽ പങ്കെടുത്ത് നേടിയതാണെണെന്ന്.
നാടോടി സംഗീതത്തോടുള്ള സുബീന്റെ താൽപര്യത്തെക്കുറിച്ച് സംഗീത നിർമാതാവ് ഉൽപൽ ശർമയും സംസാരിച്ചു. തമുൽപൂരിലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സുബീൻ സ്വായത്തമാക്കിയ ഒന്നായിരുന്നുവത്രെ അത്. വിവിധ സംഗീതോപകരണങ്ങൾ അദ്ദേഹം കൈകൊര്യം ചെയ്തു. ഒരുപക്ഷേ ആദ്യമായി സിംഫണിക് ഓർക്കസ്ട്രേഷൻ അസമീസ് സംഗീതത്തിലേക്ക് കടന്നുവരാൻ കാരണം സുബീൻ ഗാർഗ് ആയിരുന്നുവെന്ന് മുൻ ഡ്രമ്മർ രാജീവ് ഫുകാൻ പറയുന്നു.
തന്റെ സൃഷ്ടികളിലൂടെ അസമിന്റെ വൈവിധ്യമാർന്ന സംസ്കാരത്തെ സമന്വയിപ്പിച്ചുകൊണ്ട് ഈ നാടിന്റെ ജനങ്ങളെ ബന്ധിപ്പിക്കാൻ സുബീൻ ശ്രമിച്ചുവെന്ന് സുഹൃത്ത് മുകുൾ എം. ബൈഷ്യയും സാക്ഷ്യപ്പെടുത്തുന്നു.


